gold-jewellery

TOPICS COVERED

കാത്തിരിപ്പിനൊടുവില്‍ സ്വര്‍ണ വില ലക്ഷത്തില്‍ നിന്നും ഇറങ്ങി. ഉച്ചയ്ക്ക് 3200 രൂപ കുറഞ്ഞതോടെ പവന് 99,480 രൂപയായി. ഗ്രാമിന് 400 രൂപ കുറഞ്ഞ് 12,425 രൂപയിലെത്തി. രാവിലെ പവന് 4,360 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നു മാത്രം 7,560 രൂപയുടെ കുറവാണ് സ്വര്‍ണ വിലയിലുണ്ടായത്. ഗ്രാമിന് 945 രൂപ കുറഞ്ഞു. ജനുവരി നാലിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകുന്നത്. ജനുവരി ഒന്നിന്‍റെ വിലയായ 99,040 രൂപയാണ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. 

രാജ്യാന്തര വില കുത്തനെ താഴുന്നതാണ് കേരളത്തിലും വില ഇടിക്കുന്നത്. വെള്ളിയാഴ്ച 4,490 ഡോളറിലാണ് രാജ്യാന്തര വിപണി ക്ലോസ് ചെയ്തത്. രാവിലെ സ്വര്‍ണ നിശ്ചയിക്കുന്ന സമയത്ത് 4,348 ഡോളറിലായിരുന്നു. ഉച്ചയോടെ സ്വര്‍ണ വില 4,200 നിലവാരത്തിലേക്ക് പോയി. 4098.60 ഡോളര്‍ വരെ ഇടിഞ്ഞ വില ഇപ്പോഴുള്ളത് 4,226.30 ഡോളറില്‍. ഇതാണ് കേരളത്തില്‍ ഉച്ചയ്ക്ക് ശേഷവും വലിയ വില ഇടിവിന് കാരണമായത്. 

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് സ്വര്‍ണ വിലയുടെ ഗതി മാറ്റിയത്. എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് ഉയര്‍ത്താനോ നിലവിലെ സ്ഥിതിയില്‍‍ തുടരാനോ കേന്ദ്ര ബാങ്കുകള്‍ നിര്‍ബന്ധിതമാകും. കഴിഞ്ഞാഴ്ചയില്‍ യു.എസ് ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് കാനഡ എന്നിവ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയത് ഇതിന്‍റെ സൂചനയാണ്. 

ഇത് യു.എസ് ഡോളറിനും യു.എസ് ട്രഷറി ബോണ്ട് യീല്‍ഡിനും നേട്ടമാണ്. മറ്റു കറന്‍സികള്‍ക്കെതിരെ യു.എസ് ഡോളറിന്‍റെ ശക്ത അളക്കുന്ന ഡോളര്‍ സൂചിക 99.76 നിലവാരത്തിലാണ്. ബോണ്ട് യീല്‍ഡ്  ഡോളര്‍ ശക്തമാകുന്നത് സ്വര്‍ണത്തിനുള്ള ഡിമാന്‍റ് കുറയ്ക്കും. ട്രഷറി നിക്ഷേപം, ബാങ്ക് നിക്ഷേപം എന്നിവ മികച്ച നേട്ടം തരുമ്പോള്‍ സ്വര്‍ണത്തില്‍ നിന്നുള്ള നിക്ഷേപത്തില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടാകും. ഇടിഎഫുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതും വില ഇടിക്കും.

ENGLISH SUMMARY:

Gold prices in Kerala have fallen below the 1 lakh mark, reaching 99,480 rupees per pawn after a significant drop today. This decline is attributed to a sharp fall in international gold prices and easing geopolitical tensions in the West Asia.