രാജ്യാന്തര വിലയിലെ ചാഞ്ചാട്ടത്തിനിടയില്‍ ഇന്നും കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. പവന് 1,520 രൂപയുടെ കുറവോടെ 1,11,720 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ 3,000 രൂപയ്ക്ക് മുകളിലായിരുന്നു വിലയിടിവ്. വ്യാഴാഴ്ച പവന് 3,680 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.26 ലക്ഷം രൂപ വേണ്ടി വരും. 

ഇന്നലെ 4,889 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണ വില ഇന്നു വ്യാപാരത്തിനിടെ 4,654 ഡോളറിലേക്ക് താഴ്ന്നിരുന്നു. 200 ഡോളറിന് മുകളില്‍ ഇടിഞ്ഞെങ്കിലും നിലവില്‍ 4,823 ഡോളറിലേക്ക് സ്വര്‍ണ വില തിരികെ കയറിയിട്ടുണ്ട്. ഇതാണ് വിലയിലെ വ്യത്യാസത്തിന് കാരണം. 

യു.എസ് ഡോളര്‍ രണ്ടാഴ്ചയിലെ മികച്ച നിലവാരത്തിലേക്ക് എത്തിയതാണ് സ്വര്‍ണ വിലയെ താഴേക്ക് എത്തിക്കുന്നത്. ഡോളര്‍ ശക്തമാകുന്നതോടെ മറ്റു കറന്‍സിയില്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാകും. ഇതാണ് ഡിമാന്‍ഡ് കുറയ്ക്കുന്നതും വിലകുറയുന്നതും. രാജ്യാന്തര സംഘര്‍ഷങ്ങള്‍ അയയുന്നതാണ് സ്വര്‍ണ വിലയിലെ ഇടിവിന് മറ്റൊരു കാരണം. യു.എസ്–ഇറാന്‍ വിഷയത്തില്‍ ഇന്ന് ഒമാനില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 

സ്വര്‍ണ വില ലക്ഷത്തിന് താഴേക്ക്! വന്‍കയറ്റത്തിന് മുന്‍പ് വാങ്ങാന്‍ അവസരം? സാധ്യതകള്‍ ഇങ്ങനെ

അതേസമയം, യു.എസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ടു തവണ പലിശ കുറയ്ക്കും എന്ന പ്രതീക്ഷ സ്വര്‍ണത്തിന് മുന്നേറാനുള്ള വഴി തുറക്കുന്നുണ്ട്. രാജ്യാന്തര സ്വര്‍ണ വിലയ്ക്ക് നിലവില്‍ 4,770 ഡോളറിലും 4,640 ഡോളറിലും പിന്തുണയുണ്ട്. ഈ നിലവാരം തകരുകയാണെങ്കില്‍ വീണ്ടും താഴേക്ക് പോകാം എന്നാണ് വിശകലന വിദഗ്ധര്‍ നല്‍കുന്ന സൂചന. 

വിലയിടിവിന് കാരണം ഇങ്ങനെ

യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി കെവിന്‍ വാര്‍ഷ് എന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇടിഞ്ഞ സ്വര്‍ണ വിലയുടെ തുടര്‍ ഇടിവിന് കാരണമെന്താണ്. ലാഭമെടുപ്പിന് അപ്പുറം കാരണമുണ്ടെന്നാണ് വിപണിയിലെ സംസാരം. ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ചായ സിഎംഇ ഗ്രൂപ്പ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിനുള്ള മാർജിൻ തുക വർധിപ്പിച്ചതും നിലവിലെ വില ഇടിവിന് കാരണമാകുന്നുണ്ട്. ഗോള്‍ഡ് ഫ്യൂച്ചേഴ്സിന്‍റെ മാര്‍ജിന്‍ എട്ടു ശതമാനത്തില്‍ നിന്നും പത്തു ശതമാനമായും വെള്ളിയുടെത് 15 ശതമാനത്തില്‍ നിന്നും 18 ശതമാനമായും ആണ് വര്‍ധിപ്പിച്ചത്. വെള്ളിയാഴ്ച ഉണ്ടായ വലിയ ഇടിവിന് പിന്നാലെയാണ് തീരുമാനം. മാർജിൻ കൂടുന്നത് വഴി കൂടുതൽ പണം നിക്ഷേപിക്കാൻ സാധിക്കാത്ത ട്രേഡര്‍മാര്‍ തങ്ങളുടെ പൊസിഷനുകള്‍ വിറ്റഴിച്ചതോടെയാണ് വില ഇടിഞ്ഞത്. 

ENGLISH SUMMARY:

Kerala gold prices have decreased today due to fluctuations in international rates, with a gram falling by 190 rupees. The price of a sovereign has also dropped by 1,520 rupees, making it more affordable for consumers.