സംസ്ഥാനത്ത് സ്വർണവിലയും വെള്ളിവിലയും സർവകാല റെക്കോർഡിൽ. അന്താരാഷ്ട്ര വിപണിയിൽ ഈ ലോഹങ്ങൾ പുതിയ റെക്കോർഡ് ഉയരം കീഴടക്കിയതാണ് കാരണം. സ്വർണവില ഗ്രാമിന് 100 രൂപ വർധിച്ച് 13,165 രൂപയിലെത്തി. പവൻവില 800 രൂപ വർധിച്ച് 1,05,320 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 285 രൂപയായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്.
ഇറാനിലെ സംഘർഷം പുതിയ തലത്തിലേക്ക് വ്യാപിച്ചതോടെ ഇരു ലോഹങ്ങളുടെയും വില കുതിച്ചുയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഒരു ഔൺസിന് 4,627 ഡോളർ എന്ന റെക്കോർഡ് വില നേടി. വെള്ളി ഒരു ഔൺസിന് 90 ഡോളറിന് മുകളിലാണ് വ്യാപാരം.
പുറത്തുവന്ന യുഎസ്സിലെ പണപ്പെരുപ്പ കണക്കുകൾ, യുഎസ് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കാമെന്ന സൂചന നൽകി. ഇത് സ്വർണ്ണത്തിനായുള്ള ആവശ്യം വർദ്ധിപ്പിച്ചു. ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കുമ്പോൾ നിക്ഷേപകർ സാധാരണയായി യുഎസ് ബോണ്ടുകളിൽ നിന്നുള്ള നിക്ഷേപം പിൻവലിച്ച് സ്വർണ്ണത്തിൽ നിക്ഷേപം നടത്താറുണ്ട്.