gold-jewellery

ലാഭമെടുപ്പ് രൂക്ഷമായതോടെ രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും ഉച്ചയോടെ സ്വര്‍ണ വില കുറഞ്ഞു. പവന് 880 രൂപ കുറഞ്ഞ് 1,01,400 രൂപയിലേക്ക് എത്തി. ഗ്രാമിന് 110 രൂപ കുറഞ്ഞ് 12,675 രൂപയാണ് ഉച്ച കഴിഞ്ഞുള്ള വില. രാവിലെ പവന് 480 രൂപ വര്‍ധിച്ച് 1,02,280 രൂപയിലെത്തിയിരുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില 4441 ഡോളറിലേക്ക് താഴ്ന്നതാണ് വില ഇടിയാന്‍ കാരണം. രാവിലെ 4,476.60 ഡോളറിലായിരുന്നു സ്വര്‍ണ വില. കഴിഞ്ഞാഴ്ച സ്വര്‍ണ വില ഒരാഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതാണ് വിലയിലെ ഇടിവിന് കാരണം. കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയ 4549.71 ഡോളറാണ് സ്വര്‍ണ വിലയുടെ സര്‍വകാല ഉയരം. 

യു.എസ് ഡോളര്‍ രണ്ടാഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിലവാരത്തിേലക്ക് എത്തിയതും സ്വര്‍ണ വിലയില്‍ ഡിമാന്‍ഡ് കുറയാന്‍ കാരണമായി. ഡോളര്‍ ശക്തമാകുന്നതോടെ മറ്റു രാജ്യങ്ങളിലെ നിക്ഷേപകര്‍ക്ക് സ്വര്‍ണം ചെലവേറിയതാകും. ഇതാണ് ഡിമാന്‍ഡ് കുറയാന്‍ കാരണം. യു.എസിലെ തൊഴില്‍ കണക്ക് ഇന്ന് പുറത്തുവരും. ഇതിലെ സൂചനകള്‍ വരുന്ന ഫെഡ് യോഗത്തിലെ പലിശ തീരുമാനത്തെ സ്വാധീനിക്കും. ഈ വര്‍ഷം രണ്ടു തവണ ഫെഡ് പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശ കുറയുമ്പോള്‍ സ്വര്‍ണ വില കൂടും. 

2 ബില്യണ്‍ (200 കോടി) ഡോളര്‍ മൂല്യമുള്ള വെനസ്വേലൻ ക്രൂഡ് ഓയിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തിയതായി ട്രംപ് അറിയിച്ചു. വെനസ്വേന്‍ എണ്ണ യു.എസ് എണ്ണ കമ്പനികള്‍ക്ക് തുറന്നുകൊടുക്കണം എന്ന ട്രംപിന്‍റെ ആവശ്യത്തോടെ ഇടക്കാല സര്‍ക്കാര്‍ അനുകൂലമാണെന്നതിന്‍റെ സൂചനയാണ് കരാര്‍. ഇതോടെ കൂടുതല്‍ സൈനിക നടപടി എന്ന ആശങ്ക ഒഴിയുകയാണ്.

ENGLISH SUMMARY:

Gold price decreases in Kerala following international trends due to profit-taking. The price dropped by ₹880 per sovereign to ₹1,01,400, influenced by a decline in the international gold market and a stronger US dollar.