സ്വര്‍ണത്തെ പോലെ തന്നെ കുതുപ്പിന്‍റെ പാതയിലാണ് വെള്ളി. 16 ദിവസത്തിനിടെ 17 ശതമാനമാണ് ആഭ്യന്തര വിപണിയില്‍ ഉണ്ടായ വര്‍ധനവ്. വില കൂടുന്നതോടെ പലരും ലാഭം നോക്കി വെള്ളിയില്‍ നിക്ഷേപിക്കുന്നുണ്ട്. അതേസമയം, പല നഗരങ്ങളിലും വെള്ളിക്ക് പലവിലയായതിനാല്‍ ഒരിടത്ത് വിറ്റാല്‍ പതിനായിരക്കണക്കിന് രൂപ ലാഭമുണ്ടാക്കാം എന്നാണ് എക്സില്‍ നളിനി ഉങ്കര്‍ എന്നയാള്‍ കുറിച്ചത്.
ഒക്ടോബര്‍ 14 നുള്ള വില അടിസ്ഥാനമാക്കിയാണ് കുറിപ്പ്. അഹമ്മദാബാദില്‍ 1.89 ലക്ഷം രൂപയാണ് വെള്ളിക്ക് ഒരു കിലോയുടെ വില. 2.06 ലക്ഷം രൂപയാണ് വിശാഖപട്ടണത്തെ വില. രണ്ടിടത്തും തമ്മിലുള്ള ട്രെയിന്‍ ടിക്കറ്റിന് 2,000 രൂപ വില വരും. യാത്ര ചെലവ് കുറച്ചാല്‍ 14,490 രൂപയുടെ ലാഭമുണ്ടാക്കാം എന്നാണ് കുറിപ്പില്‍ പറയുന്നത്. 3-4 തവണ ഇതു ചെയ്താല്‍ 43000-58000 രൂപ ലാഭമുണ്ടാക്കാം എന്നും കുറിപ്പിലുണ്ട്.
എന്നാൽ അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്നാണ് കമന്‍റില്‍ വിദഗ്ധര്‍ നല്‍കുന്നത്. വാങ്ങുന്ന വില 2 ലക്ഷം രൂപയായിരിക്കുമ്പോൾ വിൽക്കുന്ന വില 1.8 ലക്ഷം രൂപയാണ്. അതിനാല്‍ അഹമ്മദാബാദിൽ നിന്ന് 1.89 ലക്ഷം രൂപയ്ക്ക് വാങ്ങിയാലും 1.89 ലക്ഷം രൂപയ്ക്ക് വിൽക്കാൻ കഴിയില്ലെന്നാണ് അതിശയ് ജെയിൻ എന്ന അക്കൗണ്ടില്‍ നിന്നുള്ള കമന്‍റ്. നിലവിൽ ആവശ്യകതയും വിതരണവും വളരെ വ്യത്യസ്തമാണെന്നും അതിനാലാണ് ഈ വിലവ്യത്യാസമെന്നും അദ്ദേഹം എഴുതി.
വെള്ളി വാങ്ങാൻ ആളില്ല, നിലവിലെ വിലയ്ക്ക് വെള്ളി തിരിച്ചെടുക്കാൻ ജുവലറികൾക്ക് താൽപര്യമില്ല. പ്രീമിയം വിലയ്ക്ക് വെള്ളി വിൽക്കാൻ മാത്രമേ താൽപര്യപ്പെടുന്നുള്ളൂ. ഇപ്പോഴത്തെ വെള്ളിയുടെ വില എത്രയാണെന്ന് ഏതെങ്കിലും ജുവലറിയോട് ചോദിച്ചു, എന്നിട്ട് കയ്യിലുള്ള വെള്ളി വിലയ്ക്ക് തിരിച്ചെടുക്കുമോ എന്നും ചോദിച്ചുനോക്കൂ. അവർ തീർച്ചയായും വിസമ്മതിക്കും എന്നാണ് ഫാന്‍റം ബാങ്കര്‍ എന്ന അക്കൗണ്ടില്‍ നിന്നുള്ള കമന്‍റ്.
രാജ്യാന്തര വെള്ളിവില പുതിയ റെക്കോര്‍ഡിലെത്തി. ഔൺസിന് 3.4% മുന്നേറി 1980ന് ശേഷമുള്ള ഏറ്റവും ഉയരമായ 54.16 ഡോളറിലെത്തിയിരുന്നു.