റോക്കറ്റുപോലെ കുതിച്ച് പൊങ്ങി 91,000 രൂപ കടന്ന സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയും പവന് 1360 രൂപ കുറഞ്ഞ് 89,680 രൂപയുമായി. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,229 രൂപയും 18 കാരറ്റിന് ഒരു ഗ്രാമിന് 9,172 രൂപയുമാണ് വില. രാജ്യാന്തര സ്വര്‍ണ വിലയും കുത്തനെ കുറഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില 4060 ഡോളറിൽ നിന്ന് 3982 ഡോളറിലേക്ക് താഴ്ന്നു. ഒരു ഘട്ടത്തിൽ ഇത് 3960 ഡോളർ വരെ എത്തിയിരുന്നു. സമീപകാലത്ത് സ്വർണ്ണത്തിന് ഇത്രയും വലിയ കുറവ് ഉണ്ടായിട്ടില്ല. സ്വർണ്ണം വാങ്ങാൻ കാത്തിരുന്നവർക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ്.
രാജ്യാന്തര സാഹചര്യങ്ങളാണ് ഈ വിലക്കുറവിന് കാരണം. ഇസ്രയേലും ഹമാസും തമ്മിൽ ഗാസവിഷയത്തില്‍ ധാരണയിലെത്തിയത് പശ്ചിമേഷ്യയിലെ സംഘർഷം കുറയുന്നതിലേക്ക് നയിച്ചു. മറ്റ് നിക്ഷേപങ്ങൾ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് സ്വർണ്ണത്തിൽ നിക്ഷേപം കൂടുന്നത്.
ഒരു പവന്‍ വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപ നല്‍കണം. 8968 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്‍റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപയാണ് നല്‍കേണ്ട തുക