89,000 കടന്ന് റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണ വില. ചൊവ്വാഴ്ച പവന് 920 രൂപ വര്‍ധിച്ച് 89480 രൂപയിലെത്തി. ആദ്യമായാണ് സ്വര്‍ണ വില 89,000 കടക്കുന്നത്. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,185 രൂപയിലെത്തി. ഒക്ടോബറില്‍ ഏഴു ദിവസം പിന്നിടുമ്പോള്‍ പവന് 2,480 രൂപയാണ് ഇതുവരെ വര്‍ധിച്ചത്.
സ്വര്‍ണ വില പുതിയ റെക്കോര്‍ഡിടുമ്പോള്‍ ഒരു പവന്‍ വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നല്‍കണം. 8948 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്‍റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്‍റെ ആഭരണത്തിന് 1,01,435 രൂപയാണ് നല്‍കേണ്ട തുക.
സ്വർണവില (1 പവൻ): ₹89,480
പണിക്കൂലി (10%): ₹8,948
ജി.എസ്.ടി (3%): ₹2,953
ഹാൾമാർക്കിങ് ചാർജ്: ₹53
ആകെ വില: ₹1,01,435
രാജ്യാന്തര വില തുടരെ റെക്കോര്‍ഡിടുന്നതാണ് ആഭ്യന്തര വിപണിയിലും വില മുന്നേറാന്‍ കാരണം. രാജ്യാന്തര സ്വര്‍ണ വില രാവിലെ 3,978 ഡോളറില്‍ പുതിയ റെക്കോര്‍ഡിട്ടു. നിലവില്‍ 3977 ഡോളറിലാണ് വ്യാപാരം. ഏത് നിമിഷവും സ്വര്‍ണം പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുമെന്നതിനാല്‍ വില ഇനിയും ഉയരാമെന്ന് സാരം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതും കേരളത്തില്‍ സ്വര്‍ണ വിലയുടെ കുതിപ്പിന് കാരണമാണ്.
യു.എസിലെ ഭരണ സ്തംഭനവും ഫെഡറൽ റിസർവിന്റെ വാരാനിരിക്കുന്ന ഫെഡ് യോഗത്തിലെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വർണ വിലയെ മുന്നോട്ട് നയിക്കുന്നത്. ഒക്ടോബർ, ഡിസംബർ മാസങ്ങളിലെ ഫെഡ് യോഗങ്ങളിൽ കാൽ ശതമാനം വീതം പലിശ കുറയ്ക്കും എന്നാണ് നിക്ഷേപകരുടെ അനുമാനം. പലിശ കുറയുമ്പോൾ ബോണ്ടിൽ നിന്ന് മാറി സ്വർണത്തിലേക്ക് നിക്ഷേപമെത്തുന്നതിനാൽ സ്വർണത്തിന് ഡിമാന്റേറുകയാണ്. ഈ വർഷം ഇതുവരെ 51 ശതമാനമാണ് സ്വർണ വിലയിലുണ്ടായ വർധന.