നിലയ്ക്കാത്ത കുതിപ്പിലാണ് സ്വർണം. ഇന്ന് പവന് ആയിരം രൂപ കൂടി 88,560 രൂപയായി. ഗ്രാമിന് 125 രൂപ കൂടി 11070 രൂപയായി. ആദ്യമായാണ് പവന്‍റെ വില 88,000 കടക്കുന്നത്. ഗ്രാമിന് 11,000 രൂപ കടന്നതും ഇതാദ്യമാണ്. രാജ്യാന്തര വിലയിലെ കുതിച്ചുകയറ്റമാണ് കേരളത്തിലും പ്രകടമാകുന്നത്. ഈമാസം മാത്രം രണ്ടായിരം രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വില ഗ്രാമിന് 12,077 രൂപയും 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 9,058 രൂപയുമാണ്. ഒരു മാസത്തിനിടെ 10,920 രൂപയാണ് പവന് കൂടിയത്. 5% മിനിമം പണിക്കൂലി കണക്കാക്കിയാൽ, ജിഎസ്ടിയും (3%) ഹോൾമാർക്ക് ചാർജും (53.10 രൂപ) ചേർത്ത് ഒരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 95,835 രൂപയാകും.
രാജ്യാന്തര വില ഔൺസിന് 3,933.08 ഡോളർ വരെയെത്തി. 47 ഡോളറാണ് ഇന്ന് ഒറ്റയടിക്ക് കയറിയത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമായതും പ്രവർത്തന ഫണ്ടിനുള്ള ബിൽ പാസാക്കാൻ ഇനിയും കഴിയാത്തതിനാൽ ട്രംപ് നയിക്കുന്ന സർക്കാർ ഷട്ട് ഡൗണിലേക്കെത്തിയതുമാണ് സ്വർണക്കുതിപ്പിന് കാരണം.
യുഎസ് പണപ്പെരുപ്പം, പലിശ നിരക്കുകൾ. ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ, ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പരിഗണിക്കുന്നത് തുടങ്ങിയവയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന കാര്യങ്ങള്‍.