സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. ഉപഭോക്താക്കൾ ആശങ്കപ്പെട്ടിരുന്നതുപോലെ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന് വില 80,000 കടന്നു. ഒറ്റയടിക്ക് 1000 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ പവന് 80,880 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയായി. പവന് വില 80,000 കടക്കുന്നതും ഗ്രാമിന് 10,000 രൂപ കടക്കുന്നതും ഇത് ആദ്യമായാണ്.
ഇന്നലെ രാവിലെ നേരിയ ആശ്വാസം നല്‍കി രാവിലെ പവന് 80 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഈ ആശ്വാസത്തിന് മണിക്കൂറുകള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. പിന്നാലെ ഉച്ചയോടെ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്നലെ ഉച്ചയോടെ 400 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. ഇതോടെ ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് 1400 രൂപയാണ് വര്‍ധിച്ചത്. സെപ്റ്റംബര്‍ മാസം ഇതുവരെ 3, 920 രൂപയാണ് സ്വര്‍ണ വിലയില്‍ കൂടിയത്.
ഇതോടെ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍, പണിക്കൂലിയും ജിഎസ്ടിയും അടക്കം ചുരുങ്ങിയത് 90,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കണം. 10 ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന് 8,088 രൂപ പണിക്കൂലി നല്‍കണം. ഇതിനൊപ്പം 53 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്ന് ശതമാനം ജിഎസ്ടിയും സ്വര്‍ണ വിലയില്‍ ഈടാക്കും.
ഡോളര്‍ ദുര്‍ബലമാകുന്നതും യു.എസിലെ തൊഴില്‍കണക്ക് പുറത്തുവന്നതോടെ കൂടുതല്‍ അളവില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കും എന്ന വിലയിരുത്തലുമാണ് സ്വര്‍ണവില കൂടാന്‍ കാരണം. ഓഗസ്റ്റില്‍ യു.എസിലെ തൊഴില്‍വളര്‍ച്ച കുറയുകയും തൊഴിലില്ലായ്മ നിരക്ക് നാലു വര്‍ഷത്തെ ഉയരമായ 4.30% ത്തിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന ഭൗമ–രാഷ്ട്രീയ സംഘർഷങ്ങളും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഇവയെല്ലാം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും ഡോളറിൽ നിന്ന് സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് മറ്റൊരു കാരണം. ഉത്സവ സീസണായതിനാല്‍ ഉയർന്ന ആഭ്യന്തര ഡിമാൻഡാണ് ഇന്ത്യന്‍ വിപണിയിലെ വില റെക്കോര്‍ഡില്‍ തുടരാനുള്ള കാരണങ്ങളിലൊന്ന്.