ഒക്ടോബര്‍– നവംബര്‍ മാസങ്ങളിലായി ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബി.ജെ.പി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനത്ത് വിജയത്തിലേറാന്‍ ഇന്ധന വില കുറയ്ക്കുമോ എന്നാണ് ചോദ്യം. ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായ റഷ്യയ്ക്ക് മേല്‍ ഉപരോധം അടക്കം വരുന്ന സാഹചര്യത്തിലും അനുകൂലമായി പ്രതികരിക്കുകയാണ് കേന്ദ്രം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില അടുത്ത രണ്ടു മൂന്നു മാസങ്ങളില്‍ നിലവിലെ നിലവാരത്തിൽ തുടരുകയാണെങ്കിൽ, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറയുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറഞ്ഞു.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 69.28 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇസ്രയേല്‍– ഇറാന് സംഘര്‍ഷ സമയത്ത് വില ബാരലിന് 80 ഡോളറും കടന്ന് മുന്നേറിയ ഇടത്തു നിന്നാണ് കുറവ്. അതേസമയം, 2024 മാർച്ചില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ടു രൂപ കുറച്ച ശേഷം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വില സ്ഥിരത പുലര്‍ത്തിയാല്‍ ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പായി രാജ്യത്ത് ഇന്ധന വില കുറയാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.
വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിലിന് യുഎസ് താരിഫ് ഏർപ്പെടുത്തുകയും, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് സമാനമായ നിയന്ത്രണങ്ങൾ വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ എണ്ണ വിതരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനാണ് ഇന്ത്യയുടെ നീക്കം. യുഎസ്, ബ്രസീൽ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
2025-ന്റെ ആദ്യ പകുതിയിൽ (ജനുവരി-ജൂൺ), ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയിൽ അമേരിക്കയിൽ നിന്നും ബ്രസീലിൽ നിന്നും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് യുഎസിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 50 ശതമാനത്തിലധികം വർദ്ധിച്ചു. ബ്രസീലിൽ നിന്നുള്ള എണ്ണ വരവ് ഇതേ കാലയളവിൽ 80 ശതമാനം ഉയർന്നു. 27 രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇത് 40 രാജ്യങ്ങളിലേക്ക് വർധിപ്പിച്ചിട്ടുണ്ട്.