AI Generated Image
രാജ്യത്ത് റീട്ടെയില്‍ പണപ്പെരുപ്പം കുറയുമ്പോഴും തീവില തുടര്‍ന്ന് കേരളം. ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം ജൂണില്‍ ആറു വര്‍ഷത്തെ താഴ്ചയിലെത്തിയപ്പോള്‍ കേരളത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ദേശിയ തലത്തില്‍ 2.10 ശതമാനവും കേരളത്തില്‍ 6.71 ശതമാനമവുമാണ് വിലക്കയറ്റത്തോത് എന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്‍റെ കണക്ക്.
മേയില്‍ 2.82 ശതമാനമായിരുന്ന പണപ്പെരുപ്പമാണ് ദേശിയ തലത്തില്‍ കുറഞ്ഞത്. അതേസമയം, കേരളത്തിലെ പണപ്പെരുപ്പം മേയിലെ 6.46 ശതമാനത്തിൽ നിന്ന് 6.71 ശതമാനമായി വര്‍ധിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും പണപ്പെരുപ്പമുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. പഞ്ചാബാണ് രണ്ടാമത്.
തുടര്‍ച്ചയായ രണ്ടാം മാസമാണ് ദേശിയ തലത്തില്‍ പണപ്പെരുപ്പം എന്നാൽ, കേരളത്തിലാകട്ടെ തുടര്‍ച്ചയായി പണപ്പെരുപ്പം വര്‍ധിക്കുകയാണ്. ഏപ്രിലിലെ 5.94 ശതമാനമായിരുന്ന പണപ്പെരുപ്പം മേയില്‍ 6.46 ശതമാനത്തിലേക്ക് എത്തിയിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറച്ചത്. പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മാംസം, മത്സ്യം, ധാന്യങ്ങൾ, പഞ്ചസാര, പാൽ ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിലകളില്‍ ജൂണ്‍ മാസത്തില്‍ കുറവുണ്ടായി. അതേസമയം ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പമാണ് കേരളത്തെ ബാധിച്ചത്. മേയിലെ 6.88 ശതമാനത്തില്‍ നിന്ന് 7.31 ശതമാനമായാണ് ഗ്രാമീണ പണപ്പെരുപ്പം ബാധിച്ചത്. നഗരങ്ങളിലിത് 5.65 ശതമാനത്തില്‍ നിന്ന് 5.69 ശതമാനമായി.
രാജ്യത്തെ ചില്ലറ വിലകളിൽ കാലക്രമേണ ഉണ്ടാകുന്ന മാറ്റം അളയ്ക്കുന്ന സാമ്പത്തിക സൂചികകളിലൊന്നാണ് റീട്ടെയില്‍ പണപ്പെരുപ്പം. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഇന്ധനം തുടങ്ങിയ ഒരു കൂട്ടം സാധനങ്ങൾക്കും സേവനങ്ങൾക്കും എത്ര പണം ചെലവഴിക്കേണ്ടി വരുന്നു എന്ന് ഇത് പ്രതിഫലിപ്പിക്കുന്നു. പണപ്പെരുപ്പം കുറഞ്ഞുവെന്നാൽ അവശ്യവസ്തുക്കളുടെ വില കുറഞ്ഞുവെന്നും പണപ്പെരുപ്പം കൂടിയാൽ വിലക്കയറ്റം കൂടുതലാണെന്നുമാണ് അർഥം.
കേരളത്തില്‍ വില കൂടുന്നത് എന്തുകൊണ്ട്?
ഉപഭോക്തൃ സംസ്ഥാനമാണെന്നതാണ് കേരളത്തെ പണപ്പെരുപ്പ പട്ടികയില്‍ മുന്നിലെത്തിക്കുന്നത്. പണപ്പെരുപ്പം കണക്കാക്കുന്ന പട്ടികയിലുള്ള ഭൂരിഭാഗം അവശ്യസാധനങ്ങള്‍ക്കും കേരളം അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. ഇതിനൊപ്പം ഉയര്‍ന്ന നികുതി, തൊഴില്‍ കുടിയേറ്റം എന്നിവയും പണപ്പെരുപ്പത്തിന് കാരണമാകുന്നുണ്ട്.
പെട്രോൾ/ഡീസൽ, മദ്യം എന്നിവയ്ക്ക് ചുമത്തുന്ന ഉയർന്ന നികുതികൾ, വാഹനങ്ങളുടെയും ഫ്ലാറ്റുകളുടെയും രജിസ്ട്രേഷൻ നിരക്കുകൾ എന്നിവയും ഉയർന്ന പണപ്പെരുപ്പത്തിന് കാരണമാകുന്നു എന്നാണ് മാര്‍ച്ചില്‍ പുറത്തുവന്ന എസ്ബിഐയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
അധിക നികുതി ഭാരം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വർധിപ്പിക്കുകയും അത് പണപ്പെരുപ്പത്തിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. തൊഴിലാളി കുടിയേറ്റം സൃഷ്ടിക്കുന്ന ഉപഭോഗത്തിലെ വർധനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിലക്കയറ്റം കൂടുന്നു എന്നതാണ് എസ്‌ബിഐ റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തൽ. സംസ്ഥാനങ്ങളിലെ ഭക്ഷ്യവില വർധനവ് പരിശോധിക്കുമ്പോൾ, ഉയർന്ന വാങ്ങൽ ശേഷി ഉയർന്ന പണപ്പെരുപ്പത്തിന് വഴിയൊരുക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.