gold-jewellery

TOPICS COVERED

ഇന്ത്യക്കാരുടെ കയ്യിലുള്ള സ്വര്‍ണ ശേഖരം പാക്കിസ്ഥാന്‍ ജിഡിപിയേക്കാള്‍ ആറിരട്ടിയെന്ന് കണക്ക്. മുഴുവന്‍ ഇന്ത്യന്‍ കുടുംബങ്ങളുടെയും കയ്യിലുള്ള ആകെ സ്വര്‍ണം 25,000 ടണ്‍ അഥവാ 2.26 കോടി കിലോ വരും. ഇതിന്‍റെ മൂല്യം നിലവിലെ വിപണി വില അനുസരിച്ച് 2.4 ലക്ഷം കോടി ഡോളര്‍ ആണ്. വേൾഡ് ഗോൾഡ് കൗൺസിലാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 

ഇന്ത്യയുടെ 2025-26 വര്‍ഷത്തെ പ്രതീക്ഷിത ജിഡിപിയുടെ 56 ശതമാനമാണ് ഇന്ത്യക്കാരുടെ സ്വര്‍ണ ശേഖരം. 41,100 കോടി ഡോളറുള്ള  പാക്കിസ്ഥാന്‍ ജിഡിപിയുടെ ആറിരട്ടിയാണ് ഇന്ത്യന്‍ സ്വര്‍ണത്തിന്‍റെ മൂല്യം. ഇതിനൊപ്പം  വികസിത രാജ്യങ്ങളായ ഇറ്റലി, കാനഡ എന്നിവയുടെ ജിഡിപിയെയും മറികടക്കുന്നത്ര അളവിലാണ് ഇന്ത്യക്കാര്‍ സ്വര്‍ണം ശേഖരിച്ചിട്ടുള്ളത്. കാനഡയുടെ ജിഡിപി മൂല്യം 2.33 ലക്ഷം കോടി ഡോളറും ഇറ്റലിയുടേത് 2.4 ലക്ഷം കോടി ഡോളറുമാണ്. 

യുബിഎസിന്റെ കണക്കനുസരിച്ച്, 2020 സാമ്പത്തിക വർഷം മുതൽ സ്വർണ വില ഇരട്ടിയായതോടെ ഇന്ത്യൻ കുടുംബങ്ങളുടെ സമ്പത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും സ്വര്‍ണം കയ്യില്‍ വച്ചിട്ടും രണ്ട് ശതമാനം മാത്രമാണ് വായ്പയ്ക്ക് നല്‍കിയിട്ടുള്ളത്. 

സ്വര്‍ണ വില വര്‍ധിച്ചിട്ടും ഇന്ത്യയുടെ സ്വര്‍ണ ഡിമാന്‍റ് വര്‍ഷന്തോറും കൂടുകയാണ്. 782 ടണ്‍ സ്വര്‍ണമാണ് ഇന്ത്യക്കാര്‍ സ്വന്തമാക്കിയത്. കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ 15 ശതമാനം വര്‍ധനവാണിത്. അതേസമയം ആഭരണമായി സ്വര്‍ണം വാങ്ങുന്നതില്‍ നേരിയ കുറവുണ്ട്.  പകരം നാണയം വാങ്ങുന്നതിലാണ് ഇന്ത്യക്കാര്‍ക്ക് താല്‍പര്യമെന്നുമാണ് കണക്കുകള്‍. 

ENGLISH SUMMARY:

New data reveals Indian households hold 25,000 tonnes of gold, valued at $2.4 trillion – six times Pakistan's GDP and surpassing Italy and Canada's economies. Learn about India's massive gold wealth.