പ്രതീകാത്മക ചിത്രം.
ഒരു പണിയുമെടുക്കാതെ കോടികള്‍ സമ്പാദിക്കുന്ന ജനത. പാക്കിസ്ഥാന്‍ സമൂഹം താഴേക്ക് പോകുന്നതിന്‍റെ നേര്‍രൂപമാണ് ആ രാജ്യത്തെ ഭിക്ഷാടന മാഫിയ. നാട്ടിലും വിദേശ രാജ്യങ്ങളിലുമായി വലിയതോതില്‍ പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയയെയാണ് പാക്കിസ്ഥാനിലുള്ളത്. ഒരു പണിയുമെടുക്കാതെ കൈനീട്ടി 3.8 കോടി പേര്‍ ഒരു വര്‍ഷം സമ്പാദിക്കുന്നത് 4,200 കോടി ഡോളറാണെന്നാണ് കണക്ക്.
വിദേശത്തേക്ക് ആളെ അയച്ചുള്ള പ്രൊഫഷണല്‍ ഭിക്ഷാടനം പാക്കിസ്ഥാന് എന്നും നാണക്കേടാണ്. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് 2024 മുതല്‍ ഭിക്ഷാടനത്തിന് നാടുകടത്തിയത് 5,000 ത്തിലധികം പാക്കിസ്ഥാന്‍ പൗരന്മാരെയാണ്. 16 മാസത്തിനിടെ സൗദിയില്‍ നിന്നുമാത്രം 5033 പാക്കിസ്ഥാന്‍ യാചകരെയാണ് സൗദി അറേബ്യ നാടുകടത്തിയത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ദേശീയ അസംബ്ലിയെ ധരിപ്പിച്ചതാണ് ഇക്കാര്യം.
സൗദി, ഇറാഖ്, മലേഷ്യ, ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നാണ് പാക്കിസ്ഥാന്‍ യാചകരെ പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം 4850 പേരും 2025 ല്‍ ഇതുവരെ 552 പേരും തിരികെ നാട്ടിലെത്തി. സിന്ധ് പ്രവിശ്യയില്‍ നിന്നുള്ളവരാണ് യാചകരില്‍ ഭൂരിഭാഗവും. 2795 പേര്‍ സിന്ധില്‍ നിന്നും 1437 പേര്‍ പഞ്ചാബില്‍ നിന്നുമള്ളവരുമാണ്.
യാചകരുടെ ഒഴുക്ക് തടയാൻ സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന തരത്തിലേക്ക് ഈ പ്രശ്നം വളർന്നിരിക്കുന്നു. യുഎഇയും പാക്കിസ്ഥാനെ പ്രശ്നം അറിയിച്ചിരുന്നു. പിന്നാലെ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതിന് വലിയ നിയന്ത്രണങ്ങള്‍ യുഎഇ കൊണ്ടുവന്നിരുന്നു. 2023-ൽ മക്കയില്‍ അറസ്റ്റിലായി ഭിക്ഷാടകരില്‍ വലിയൊരളവ് പാക്കിസ്ഥാനികളായിരുന്നു
യാചിച്ച് വളരുന്ന പാക്കിസ്ഥാന്‍
വലിയ ലാഭമാണ് ആളുകളെ ഭിക്ഷാടനത്തിലേക്ക് ഇറക്കുന്നത്. സെന്‍റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് സൊസൈറ്റ് ഇന്‍ പാക്കിസ്ഥാന്‍റെ റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാന്‍റെ 23 കോടിയോളം വരുന്ന ജനസംഖ്യയില്‍ 3.8 കോടി പേര്‍ പ്രൊഫഷണല്‍ യാചകരാണ്. ദിവസം 850 രൂപ ശരാശരി വരുമാനം നേടുന്നു. ഒരു പണിയുമെടുക്കാതെ 3.8 കോടി പേര്‍ 4,200 കോടി ഡോളറാണ് വര്‍ഷം സമ്പാദിക്കുന്നത്. പാക്കിസ്ഥാന്‍ നഗരങ്ങില്‍ ഓരോയിടത്തും യാചകര്‍ നേടുന്ന ശരാശരി വരുമാനത്തില്‍ വ്യത്യാസം വരും. ദിവസം ശരാശരി 2,000 രൂപ സമ്പാദിക്കുന്ന കറാച്ചിയാണ് വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ആരാധനാലയങ്ങളില്‍ യാചകർക്ക് ദാനം നൽകുന്നത് മുസ്‍ലിംങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കുട്ടികളെയടക്കം ഭിക്ഷാടന മാഫിയ ചൂഷണം ചെയ്യുന്നുണ്ട്. 2010 ല്‍ കറാച്ചിയില്‍ മാത്രം 3000 ത്തിലധികം കുട്ടികളാണ് കാണാതായതെന്ന ബിസിസി റിപ്പോര്‍ട്ട് ഇതിനൊപ്പം കൂട്ടിവായിക്കാം. ആകെ ജനസംഖ്യയുടെ 2.5 മുതല്‍ 11 ശതമാനം വരെ ഭിക്ഷാടനത്തിന് ഇറങ്ങുന്നു എന്നാണ് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍റെ കണക്ക്. 12 ലക്ഷത്തോളം കുട്ടികളും നഗരകേന്ദ്രങ്ങളില്‍ ഭിക്ഷാടനം നടത്തുന്നു.
സര്‍ക്കാര്‍ നിര്‍ത്തട്ടെ; ഞങ്ങളും നിര്‍ത്താം
വിവാഹശേഷമാണ് തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ സമ്പന്നരായത് ഭിക്ഷാടനത്തിലൂടെയാണെന്ന് അറിയുന്നതെന്ന പാക്കിസ്ഥാനി യുവതിയുടെ വിഡിയോ ഫെബ്രുവരിയില്‍ വൈറലായിരുന്നു. മാളികയോളം വരുന്ന വീടും എസ്‌യുവികളും മറ്റ് ആഡംബരങ്ങളും സ്വന്തമാക്കിയത് ഭിക്ഷാടനത്തിലൂടെയാണെന്നാണ് വിഡിയോയില്‍ പറയുന്നത്.
ഭിക്ഷാടനം നിര്‍ത്താന്‍ വലിയ ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും പ്രതിരോധം ശക്തമാണ്. പല തവണ യാചകര്‍ക്കെതിരെ പൊലീസ് നടപടികളുണ്ടായിട്ടുണ്ട്. 2011 ല്‍ ഫൈസലാബാദില്‍ നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരാണ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. അന്ന് ഒരു യാചകന്‍ പറഞ്ഞത് ഇങ്ങനെയാണ്, 'പാക്കിസ്ഥാനിൽ യാചന കുറ്റകൃത്യമായി മാറിയത് എന്ന് മുതലാണ്? സർക്കാർ ഐഎംഎഫിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും യാചിക്കുന്നത് നിർത്തുന്ന നിമിഷം മുതൽ ഞങ്ങളും യാചന നിർത്തും'!. ഇത് 2011 ലെ വാക്കുകളാണെങ്കിലും ഈ മാസം തന്നെയാണ് പാക്കിസ്ഥാന്‍ ഐഎംഎഫില്‍ നിന്നും വീണ്ടും ധനസഹായം സ്വീകരിച്ചത്.