യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ശരിയായ ട്രാക്കിലായതോടെ കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില. കേരളത്തില്‍ തിങ്കളാഴ്ച പവന് 1320 രൂപ കുറഞ്ഞു. 71,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 165 രൂപയാണ് ഒറ്റദിവസം കൊണ്ട് കുറഞ്ഞത്. 8880 രൂപയാണ് ഒരു ഗ്രാമിന്‍റെ വില.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തിരിച്ചടിക്ക് തീരുവയ്ക്ക് പിന്നാലെ ചൈനയുമായി നടക്കുന്ന വ്യാപാര ചര്‍ച്ചകള്‍ ഫലം കാണുന്ന എന്ന വാര്‍ത്തകള്‍ രാജ്യാന്തര സ്വര്‍ണ വില കുറച്ചിട്ടുണ്ട്. 1.10 ശതമാനം കുറഞ്ഞ് 3286 ഡോളറിലേക്ക് രാജ്യാന്തര വില താഴ്ന്നു. താരിഫ് യുദ്ധ ആശങ്ക ഒഴിഞ്ഞതോടെ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഡിമാന്‍റ് കുറഞ്ഞതാണ് വില താഴാന്‍ കാരണം.
കഴിഞ്ഞ മാസത്തില്‍ ട്രംപിന്‍റെ തിരിച്ചടി താരിഫും ഇതിന് മറുപടിയായി ചൈന നികുതി കൂട്ടിയതും സ്വര്‍ണ വിലയെ വലിയ മുന്നേറ്റത്തിന് കാരണമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സുപ്രധാന സമവായത്തിൽ എത്തിയതായാണ് ചൈനീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. അതിനൊപ്പം ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷം വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതും സ്വര്‍ണ വില കുറച്ചു.
താരിഫ് യുദ്ധത്തെ തുടര്‍ന്ന് 25 ശതമാനമാണ് ഈ വര്‍ഷം സ്വര്‍ണ വില ഉയര്‍ന്നത്. കഴിഞ്ഞ മാസം 3500 ഡോളറിലെത്തിയ സ്വര്‍ണ വിലയാണ് വലിയ ഇടിവിലേക്ക് പോയത്. വരും ദിവസങ്ങളില്‍ റഷ്യ– യുക്രൈന്‍ സംഘര്‍ഷത്തിലുണ്ടാകുന്ന അപ്ഡേറ്റുകള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കും. താരിഫ് യുദ്ധത്തില്‍ യുഎസ് നിലപാട് തണുപ്പിക്കുന്നതും സ്വര്‍ണ വിലയെ സ്വാധീനിക്കും. അങ്ങനെയെങ്കില്‍ സ്വര്‍ണ വില ഇനിയും ഇടിയാം.
സ്വര്‍ണ വിലയെ മുന്നോട്ട് നയിക്കുന്ന ഘടകം കേന്ദ്ര ബാങ്കുകളുടെ വാങ്ങലാണ്. ഇതിനൊപ്പം റഷ്യ–യുക്രൈന്‍ യുദ്ധം, ഇന്ത്യ–പാക്ക് സംഘര്‍ഷം എന്നിവ രൂക്ഷമാകുന്നതും സ്വര്‍ണത്തെ മുന്നോട്ട് ചലിപ്പിക്കും.
വില കുറയുന്ന ഘട്ടത്തില്‍ വാങ്ങാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിങാണ്. മാസങ്ങൾക്ക് ശേഷമാണ് സ്വർണം വാങ്ങുന്നതെങ്കിൽ നിലവിലെ വിപണി വിലയിൽ സ്വർണം ബുക്ക് ചെയ്തിടാൻ സാധിക്കുന്ന രീതിയാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിങ്. ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സഹായിക്കും. വില കുറയുകയാണെങ്കിൽ കുറഞ്ഞ വിലയിലും സ്വർണം വാങ്ങാം എന്നതാണ് ഇതിന്‍റെ നേട്ടം.