തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം മാറ്റമില്ലാതെ കേരളത്തിലെ സ്വര്‍ണ വില. പവന് 72,040 രൂപയും ഗ്രാമിന് 9,005 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വ്യാഴാഴ്ച 80 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണ വില ഈ നിലവാരത്തിലേക്ക് എത്തിയത്. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലയില്‍ മാറ്റമില്ല. പവന് 58,944 രൂപയും ഗ്രാമിന് 7,368 രൂപയുമാണ് ഇന്നത്തെ വില.ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് കേരളത്തിലെ സര്‍വകാല റെക്കോര്‍ഡ്.
രാജ്യാന്തര വിലയില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തതാണ് കേരളത്തിലും ആശ്വാസത്തിന് അടിസ്ഥാനം. ഇന്നലെ രേഖപ്പെടുത്തിയ 3320 ഡോളറിന് സമീപത്ത് തന്നെ തുടരുകയാണ് രാജ്യാന്തര വില. വ്യാപാരത്തിനിടെ ഒരുവേള 50 ഡോളറിനടുത്ത് മുന്നേറിയെങ്കിലും ഇന്ന് വില താഴേക്ക് പതിച്ചു. ഇന്നലെ രാവിലെ 3326 ഡോളറിലേക്ക് എത്തിയ സ്വര്‍ണ വില ഇന്നുള്ളത് 3317 ഡോളറിലാണ്.
ചൈനയുമായി വ്യാപാര യുദ്ധത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയാണ് സ്വര്‍ണത്തിന് ആശ്വാസമായത്. നിലവിലുള്ള വ്യാപാര തർക്കം ലഘൂകരിക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന ചൈനീസ് വാദത്തെ ട്രംപ് തള്ളികളഞ്ഞതോടെ സ്വര്‍ണത്തില്‍ വില്‍പ്പന നടന്നു. ഇതിനൊപ്പം രൂപ മെച്ചപ്പെട്ടതും ആഭ്യന്തര സ്വര്‍ണ വിപണിയില്‍ നേട്ടമായി. എട്ടു പൈസ നേട്ടത്തോടെ 85.19 ലാണ് രൂപ വ്യാപാരം തുടങ്ങിയത്.