കേരളത്തിലെ സ്വര്‍ണ വില ചരിത്രത്തിലാദ്യമായി 61,000 നിലവാരം ഭേദിച്ചു. വെള്ളിയാഴ്ച പവന് 960 രൂപ വര്‍ധിച്ച് 61,840 രൂപയിലെത്തി. ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7,730 രൂപയിലെത്തി. രാജ്യാന്തര വില പുതിയ ഉയരം കുറിച്ചതാണ് കേരളത്തിലും വില വര്‍ധനയ്ക്ക് കാരണം.
യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ താരിഫ് നയങ്ങളെ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനിടെ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് വര്‍ധിച്ചതാണ് വിലയില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വില ട്രോയ് ഓണ്‍സിന് 2,798 ഡോളര്‍ വരെ എത്തി. മെക്സിക്കോ, കാനഡ എന്നിവര്‍ക്കെതിരെ 25 ശതമാനം തീരുവ ചുമത്തുമെന്ന് വ്യാഴാഴ്ചയും ട്രംപ് മുന്നറിയിപ്പ് നല്‍കി. ബ്രിക്സ് രാജ്യങ്ങള്‍ 100 ശതമാനം തീരുവയാണ് ട്രംപിന്‍റെ ഭീഷണി.
ട്രംപിന്‍റെ നയം ലോകത്ത് വ്യാപാര യുദ്ധത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് സ്വര്‍ണത്തിന് ഡിമാന്‍റ് ഉയരുന്നത്. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം യുഎസ് സാമ്പത്തിക വളര്‍ച്ച നാലാം പാദത്തിലും കുറയുകയാണ്. അതേസമയം, വര്‍ഷത്തില്‍ ഒരു തവണ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇതും വിലയെ സ്വാധീനിച്ചു.
വില 61,000 കടന്നതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 70,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കണം. 10 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ 61,840 രൂപയ്ക്ക് 6184 രൂപ നല്‍കണം. ഇതിനൊപ്പം 53 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഈടാക്കും. 68,077 രൂപയുടെ മുകളില്‍ മൂന്ന് ശതമാനം ജിഎസ്ടി ചേര്‍ത്താല്‍ 70,119 രൂപയോളം നല്‍കണം. അഞ്ചു ശതമാനം പണിക്കൂലിയാണെങ്കില്‍ 66,935 രൂപ വേണം ഒരു പവന്‍ ആഭരണം വാങ്ങാന്