വാടക വീട് തിരഞ്ഞു നടക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണ് വീട്ടുടമസ്ഥരുടെ അനാവശ്യമായ പല നിബന്ധനകളും. വലിയ തുക സെക്യൂരിറ്റി നിക്ഷേപം ആവശ്യപ്പെടുന്നത് പലപ്പോഴും വാടകക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ പുതിയ വാടക നിയമം വാടക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ്. ‘മോഡൽ ടെനൻസി ആക്ട്, 2021’-നെ അടിസ്ഥാനമാക്കിയാണ് പുതിയ വാടക നിയമങ്ങൾ.
എല്ലാ വാടക കരാറുകൾക്കും ഒപ്പിട്ട് 60 ദിവസത്തിനുള്ളിൽ ഡിജിറ്റൽ സ്റ്റാമ്പിംഗും ഓൺലൈൻ രജിസ്ട്രേഷനും പുതിയ വാടക നിയമപ്രകാരം നിർബന്ധമാണ്. തടസങ്ങളില്ലാത്ത വെരിഫിക്കേഷനായി സംസ്ഥാനങ്ങൾ പോർട്ടലുകൾ നവീകരിക്കണമെന്നും നിയമം പറയുന്നു. നിയമം പാലിക്കാത്തവര്‍ക്ക് 5,000 രൂപ മുതല്‍ പിഴകൾക്ക് ഈടാക്കും.
രണ്ടു മാസത്തെ വാടക മാത്രമാണ് സെക്യൂരിറ്റി നിക്ഷേപമായി ഈടാക്കാന്‍ സാധിക്കുകയുള്ളൂ. വാണിജ്യ കെട്ടിടമാണെങ്കില്‍ ആറു മാസത്തെ വാടക ഈടാക്കാം. വര്‍ഷത്തിലൊരിക്കല്‍ മാത്രമെ വാടക പരിഷ്കരിക്കാന്‍ പറ്റുള്ളൂ. പണപ്പെരുപ്പത്തിന്‍റെ അഞ്ച് ശതമാനം വരെ വാടക ഉയര്‍ത്താം. പരമാവധി 10 ശതമാനം. വാടകക്കാർക്ക് 90 ദിവസത്തെ മുൻകൂർ രേഖാമൂലമുള്ള അറിയിപ്പ് നല്‍കണമെന്നും ചട്ടം പറയുന്നു.
വീട്ടുടമയ്ക്ക് വാടക കെട്ടിടത്തില്‍ കയറി പരിശോധിക്കാം. എന്നാലിതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. 24 മണിക്കൂര്‍ മന്‍പ് നോട്ടീസ് നല്‍കി വേണം പരിശോധന. ന്യായമായ സമയത്ത് മാത്രമെ പരിശോധന പാടുള്ളൂ. ആവർത്തിച്ചുള്ളതോ അനാവശ്യമായതോ ആയ സന്ദർശനങ്ങൾ വാടക ട്രൈബ്യൂണലിന് മുമ്പാകെ ചോദ്യം ചെയ്യാന്‍ സാധിക്കും.
വാടക എന്നത് സംസ്ഥാന വിഷയമായതിനാൽ നിയമങ്ങൾ സംസ്ഥാനത്ത് ബാധകമാണമെങ്കില്‍ സംസ്ഥാന സർക്കാരുകൾ പുതിയ നിയമങ്ങൾ പാസാക്കുകയോ അല്ലെങ്കിൽ നിലവിലുള്ള വാടക നിയന്ത്രണ നിയമങ്ങളിൽ ഭേദഗതി വരുത്തുകയോ ചെയ്യണം. തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങൾ വാടക നിയമങ്ങൾ പരിഷ്‌ക്കരിച്ചിട്ടുണ്ട്.