upi-protest

TOPICS COVERED

ഒക്ടോബർ 15 മുതൽ രൂപ 2,000-ത്തിന് മുകളിലുള്ള നിർദ്ദിഷ്ട യു.പി.ഐ  ഇടപാടുകൾക്ക് നിർദ്ദേശിച്ചിരിക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റിന് (MDR) എതിരെ പ്രതിഷേധിച്ച് ഗാസിയാബാദിലെ വ്യാപാരികൾ. കടകള്‍ക്ക് മുന്നില്‍ വ്യാപകമായി ‘യു.പി.ഐ പേയ്മെന്റുകൾ സ്വീകരിക്കുന്നതല്ല’ എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ 0.4 ശതമാനം ചാർജിനെക്കുറിച്ച് വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് കടകളിൽ ഇത്തരം അറിയിപ്പുകൾ പ്രത്യക്ഷപ്പെട്ടത്. എം.ഡി.ആർ ചാർജുകൾ വ്യാപാരികളിൽ നിന്നാണ് ഈടാക്കുക എന്ന് സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും ഈ അധിക ചെലവ് ഒടുവിൽ ഉപഭോക്താക്കളെയും ബാധിച്ചേക്കാനാണ് സാധ്യത.

ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ പണം കയ്യിൽ കരുതണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഈ അധിക ചെലവ് വഹിക്കാൻ തയാറല്ലെന്നാണ് വ്യാപാരികളുടെ വാദം. നിർദ്ദിഷ്ട എം.ഡി.ആർ ചാർജ് വ്യാപാരികൾക്കിടയിലും കടയുടമകൾക്കിടയിലും ഇതിനോടകം തന്നെ വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ഒട്ടേറെപ്പേര്‍  ഈ നീക്കത്തെ എതിർക്കുന്നു. പുതിയ ചാർജ് നിലവിൽ വന്നുകഴിഞ്ഞാൽ ഉയർന്ന തുകയുടെ വാങ്ങലുകൾക്ക് യു.പി.ഐ സ്വീകരിച്ചേക്കില്ല എന്ന മുന്നറിയിപ്പാണ് വ്യാപാരികളുടെ ഈ ബോർഡുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത്.

യു.പി.ഐ നിരക്കില്‍ ഒക്ടോബർ 15 മുതൽ ഉണ്ടാകുന്ന മാറ്റങ്ങൾ

പുതിയ ഉത്തരവനുസരിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള വ്യക്തിഗത-വ്യാപാരി യു.പി.ഐ ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ ബാധകമാകും. ഈ ചാർജ് ഉപഭോക്താവല്ല വ്യാപാരിയാണ് അടയ്ക്കേണ്ടത്. 75,000 രൂപയോ അതിനു മുകളിലോ ഉള്ള ഇടപാടുകൾക്ക് ഈ ചാർജ് പരമാവധി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. വ്യക്തികൾ തമ്മിലുള്ള യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരും. അതേസമയം ഒട്ടുമിക്ക അനുദിന യു.പി.ഐ പേയ്മെന്റുകളും ഈ പുതിയ ചാർജിന് പുറത്തായിരിക്കും. വ്യക്തിഗത-വ്യാപാരി ഇടപാടുകളിൽ 95 ശതമാനത്തിലധികവും 2,000 രൂപ വരെയുള്ളവയാണ്. ഇവയ്ക്ക് എം.ഡി.ആർ ചാർജ് ഉണ്ടാകില്ല. അതായത്, ഒരു കടയിൽ നിന്ന് 1,500 രൂപയുടെ ഉല്‍പ്പന്നത്തിനുള്ള യു.പി.ഐ ഇടപാടില്‍ യു.പി.ഐ ഫീസ് ബാധകമാവില്ല. ഉയർന്ന തുകയുടെ വ്യാപാരി പേയ്മെന്റുകളിലായിരിക്കും പ്രധാന മാറ്റം അനുഭവപ്പെടുക.

വ്യാപാരികൾ തന്നെ യു.പി.ഐ ഫീസ് വഹിക്കണം

വ്യാപാരികൾ ബില്ലുകളിൽ പ്രത്യേക യു.പി.ഐ ചാർജ് ചേർക്കാൻ തുടങ്ങിയാൽ യു.പി.ഐ ഇനി സൗജന്യമല്ലെന്ന് ഉപഭോക്താക്കൾക്ക് തോന്നിയേക്കാം. ഇത് ഡിജിറ്റൽ പേയ്മെന്റുകളെ ബാധിച്ചേക്കാം. അതിനാൽ ഈ എം.ഡി.ആർ ചാർജ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പേയ്മെന്റ് അഗ്രിഗേറ്റർമാരുമായും മറ്റ് പ്ലാറ്റ്‌ഫോമുകളുമായും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വ്യാപാരികൾ ഈ ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ ദിനംപ്രതിയുള്ള നിരീക്ഷണം എങ്ങനെ പ്രവർത്തിക്കുമെന്ന് സർക്കാർ പരസ്യമായി വിശദീകരിച്ചിട്ടില്ല.

വീണ്ടും പണമിടപാടുകളിലേക്ക് മടങ്ങേണ്ടിവരുമോ?

പുതിയ എം.ഡി.ആർ ആളുകളെ വീണ്ടും പണമിടപാടുകളിലേക്ക് തിരികെ കൊണ്ടുപോകുമെന്ന് കേന്ദം കണക്കുകൂട്ടുന്നില്ല. ഈ പുതിയ ചാർജ് യു.പി.ഐ ഇടപാടുകളുടെ ഏകദേശം 4 ശതമാനത്തെ മാത്രമേ ബാധിക്കുകയുള്ളൂ എന്നാണ് വിലയിരുത്തൽ. കാരണം ഭൂരിഭാഗം യു.പി.ഐ പേയ്മെന്റുകളും ചെറിയ തുകകളുടെ ഇടപാടുകളാണ്. ഓഗസ്റ്റിലെ എൻ.പി.സി.ഐ ഡാറ്റ പ്രകാരം 86 ശതമാനം P2M യു.പി.ഐ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയും 10 ശതമാനം ഇടപാടുകൾ 501 രൂപയ്ക്കും 2,000 രൂപയ്ക്കും ഇടയിലുള്ളവയുമായിരുന്നു. അതിനാൽ പുതിയ എം.ഡി.ആർ പ്രധാനമായും ലക്ഷ്യമിടുന്നത് ഉയർന്ന തുകയിലുള്ള കുറഞ്ഞ ശതമാനം വ്യാപാരി ഇടപാടുകളെയാണ്. അതേസമയം റൂപേ, ഡെബിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ തുക എത്രയായാലും സൗജന്യമായി തുടരും. ഇത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും മറ്റൊരു ഡിജിറ്റൽ പേയ്മെന്റ് മാർഗ്ഗം നൽകുന്നുണ്ട്.

UPI MDR Charges Spark Trader Protests Across India:

UPI MDR charges will be levied on transactions over Rs 2,000 from October 15, leading to protests by traders in Ghaziabad. This new charge, while aimed at merchants, could ultimately impact consumers and potentially shift preferences back to cash for larger purchases