2025 ല്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ലോഹങ്ങളില്‍ എല്ലാവരുടെയും ശ്രദ്ധപതിഞ്ഞത് സ്വര്‍ണത്തിലും വെള്ളിയിലുമാണ്. 65 ശതമാനം വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. എന്നാല്‍ 144 ശതമാനം നേട്ടമുണ്ടാക്കി 2025 സില്‍വര്‍ തൂക്കി. ഇവ രണ്ടും മാറ്റിവച്ചാല്‍ ചെമ്പാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ലോഹം.
കോപ്പറിന്‍റെ വില 41 ശതമാനമാണ് ഈ വര്‍ഷം മുന്നേറിയത്. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ ടണ്ണിന് 12960 ഡോളറിലെത്തി റെക്കോര്‍ഡ് വിലയും കുറിച്ചു. ലോകം സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറിയ 2009-ലുണ്ടായ 140 ശതമാനത്തിലധികം വർധനവിന് ശേഷം ഇത്രയും നേട്ടം ഇതാദ്യമായാണ്.
അമേരിക്കൻ താരിഫുകളും വിതരണത്തിലെ തടസവും ആഗോളതലത്തിൽ ഉണ്ടായേക്കാവുന്ന ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകളുമടക്കം ചെമ്പ് വില വര്‍ധിക്കാനുണ്ടായ കാരണങ്ങള്‍ നിരവധിയാണ്. ചെമ്പിനുണ്ടായ ആഗോള ഡിമാന്‍ഡില്‍ പ്രധാനപ്പെട്ടത്. ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജ പദ്ധതികൾ, ചാർജിംഗ് സ്റ്റേഷനുകൾ, പവർ ഗ്രിഡ് നവീകരണം എന്നിവയിലെല്ലാം കൂടിയ അളവിൽ ചെമ്പ് ആവശ്യമുണ്ട്. ഡിമാന്‍ഡ് കൂടുമ്പോള്‍ വിതരണം അതേവേഗതയിലല്ല. പുതിയ കോപ്പര്‍ മൈനുകളുടെ വികസനം മന്ദഗതിയിലാണ്.
ചെമ്പ് വിലയിലുണ്ടായ വർദ്ധനവ് ഏറ്റവും കൂടുതൽ ഗുണകരമായത് ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറാണ്. ഇന്ത്യയിലെ 'വെർട്ടിക്കലി ഇന്റഗ്രേറ്റഡ്' ചെമ്പ് ഉൽപ്പാദകരായ ഹിന്ദുസ്ഥാൻ കോപ്പറിന്‍റെ ഓഹരികള്‍ 2025 ല്‍ ഇരട്ടിയായി. 518 രൂപയാണ് ഓഹരി വില. 2025 ല്‍ 109.51 ശതമാനം ഓഹരി ഉയര്‍ന്നു. ബുധനാഴ്ച ലാഭമെടുപ്പിനെ തുടര്‍ന്ന് മൂന്നു ശതമാനം ഇടിഞ്ഞെങ്കിലും അഞ്ചു ദിവസത്തിനിടെ ഓഹരി ഉയര്‍ന്നത് 23.70 ശതമാനമാണ്.