വിവിധ രാജ്യങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് യു.എസ് ചുമത്തിയ പുതിയ നികുതി. ഇതില്‍ പാക്കിസ്ഥാനും ബംഗ്ലാദേശും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ കുറഞ്ഞ നികുതി ചുമത്തിയാണ് യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സമ്മര്‍ദ്ദം. കയറ്റുമതിയില്‍ എതിരാളികളായ രാജ്യങ്ങള്‍ക്ക് കുറഞ്ഞ തീരുവ വരുന്നത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടിയാകും. പുതിയ നികുതി ഓഗസ്റ്റ് ഏഴു മുതലാണ് നിലവില്‍ വരിക.
Also Read: ട്രംപ് ചുമത്തിയ തീരുവയും പിഴയും പ്രാബല്യത്തില്‍; 10 ശതമാനം കയറ്റുമതിയെ ബാധിച്ചേക്കും
വ്യാപാര കരാറിലെത്താന്‍ സാധിക്കാതിരുന്നിട്ടും ബംഗ്ലാദേശിന് ട്രംപ് ചുമത്തിയത് 20 ശതമാനം നികുതിയാണ്. വിദേശ വിപണിയില്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ്സ് വിഭാഗത്തില്‍ പ്രധാന എതിരാളികളാണ് ബംഗ്ലാദേശ് എന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്ന കാര്യം. പാക്കിസ്ഥാന് യു.എസ് ചുമത്തിയ നികുതി 19 ശതമാനമാണ്. വിയറ്റ്നാമിന് 20 ശതമാനം. മലേഷ്യ, ഇന്‍ഡോനേഷ്യ, ഫിലിപൈന്‍സ് എന്നിവര്‍ക്ക് 19 ശതമാനമാണ് നികുതി. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഇന്ത്യയേക്കാള്‍ മികച്ച അവസരം യു.എസ് വിപണിയില്‍ ഈ രാജ്യങ്ങള്‍ക്ക് ലഭിക്കും. ഇതിനൊപ്പം നോണ്‍–ലെതര്‍ പാദരക്ഷകളുടെ വിപണിയെയും നികുതിയിലെ കുറവ് ബാധിക്കും.
Also Read: ഒരു ലിറ്റര്‍ പെട്രോളിന് 272 രൂപ; പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുന്ന കാലം വരുമോ?
ഈ സാഹചര്യത്തില്‍ ട്രംപിനെ പിണക്കാതെ യു.എസുമായുളള വ്യാപാര മിച്ചം കുറയ്ക്കാനാണ് ഇന്ത്യ പദ്ധതിയുടുന്നത്. യു.എസില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രകൃതിവാതകം, വാര്‍ത്തവിനിമയ ഉപകരണങ്ങള്‍, സ്വര്‍ണം എന്നിവയുടെ ഇറക്കുമതി വരും വര്‍ഷങ്ങളില്‍ വര്‍ധിപ്പിക്കാനാണ് നീക്കം.
ഇറക്കുമതി വര്‍ധിപ്പിച്ചാലും ട്രംപിന്‍റെ ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്ക് സര്‍ക്കാര്‍ കടക്കില്ലെന്നാണ് വിവരം. അത്യാധുനിക എഫ്–35 യുദ്ധ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തെ ഇത് ബാധിക്കും. ഫെബ്രുവരിയില്‍ മോദിയുടെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് ഇന്ത്യയ്ക്ക് എഫ്-35എ സ്റ്റീല്‍ത്ത് യുദ്ധ വിമാനങ്ങള്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്തത്. എന്നാല്‍ റെഡിമെയ്ഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സംയുക്തമായി പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കനാണ് താല്‍പര്യമെന്ന് നിലപാട് ഇന്ത്യ നേരത്തെ അറിയിച്ചതാണ്.
ഏറ്റവും ഉയര്‍ന്ന നികുതി സിറിയയ്ക്കാണ് 41 ശതമാനം. മ്യാന്‍മാറിനും ലാവോസിനും 40 ശതമാനവും കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 35 ശതമാനവും നികുതി ചുമത്തി. ഇറാഖ്, സെര്‍ബിയ എന്നിവരാണ് 35 ശതമാനം ബ്രാക്കറ്റിലുള്ള മറ്റുള്ളവര്‍. സ്വിറ്റസര്‍ലാന്‍ഡിന് 39 ശതമാനം നികുതി. ദക്ഷിണാഫ്രിക്ക, സിറിയ, അല്‍ജീരിയ എന്നിവര്‍ക്ക് 30 ശതമാനമാണ് നികുതി.