AI Generated Image
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അനൗദ്യോഗിക വഴികളിലൂടെ ഇന്ത്യയുമായി വ്യാപാരം തുടര്‍ന്ന് പാക്കിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന മാസങ്ങളിലും പാക്കിസ്ഥാന്‍ കോടികളുടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തെന്നാണ് വിവരം. ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചിരുന്നു.
ജൂലൈ മുതല്‍ മേയ് വരെയുള്ള 2025 സാമ്പത്തിക വര്‍ഷത്തില്‍ പാക്കിസ്ഥാന്‍റെ ഇന്ത്യന്‍ ഇറക്കുമതി മൂന്ന് വര്‍ഷത്തെ ഉയരത്തിലെത്തി എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍റെ കണക്ക്. ആദ്യ 11 മാസത്തെ ഇറക്കുമതി 21.15 കോടി യുഎസ് ഡോളറാണ്. ഇത് 2024, 2023 സാമ്പത്തിക വര്‍ഷങ്ങളിലെ ഇറക്കുമതിയേക്കാള്‍ കൂടുതലാണെന്നും പാക്കിസ്ഥാന്‍ ഡാറ്റ കാണിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന മേയ് മാസത്തിലും 1.5 കോടി ഡോളറിന്‍റെ ഇറക്കുമതി പാക്കിസ്ഥാന്‍ നടത്തി. മുന്‍ സാമ്പത്തികവര്‍ഷത്തില്‍ മേയ് മാസത്തിലെ ഇറക്കുമതി 1.7 കോടി യുഎസ് ഡോളറായിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിരസാരമായി തുടരുകയാണ്. മേയില്‍ 1000 ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയിലേക്ക് എത്തിയത്. അതായത് വെറും 85,000 രൂപയുടെ ഇറക്കുമതി. ജൂലൈ– മേയ് കാലയളവില്‍ 50 ലക്ഷം ഡോളറിന്‍റെ ഇറക്കുമതി മാത്രമാണ് ഇന്ത്യ നടത്തിയത്.
2019 മുതൽ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഔപചാരിക വ്യാപാരബന്ധം അവസാനിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് അട്ടാരി ലാൻഡ്-ട്രാൻസിറ്റ് പോസ്റ്റ് അടച്ചടക്കമുള്ള നടപടികളിലൂടെ ചരക്ക് നീക്കം ഇന്ത്യ കര്‍ശനമായി തടഞ്ഞിരുന്നു. മൂന്നാം രാജ്യം വഴിയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പാക്കിസ്ഥാനിലേക്ക് എത്തുന്നത്. തിരിച്ചടിയായി ഇന്ത്യയുമായുള്ള എല്ലാ ചരക്കുനീക്കവും നിര്‍ത്തുന്നതായി പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. മൂന്നാം രാജ്യം വഴിയുള്ള വ്യാപാരവും നിര്‍ത്തുന്നതായിരുന്നു പാക്കിസ്ഥാന്‍റെ വാദം.
ഉല്‍പ്പന്നങ്ങള്‍ മൂന്നാം രാജ്യത്ത് നിന്ന് വന്നതാകാം എന്നാണ് പാക്കിസ്ഥാനിലെ വ്യാപാരികള്‍ പറയുന്നത്. മേയ് മാസത്തിലെ ഇറക്കുമതിക്കുള്ള പണം സംഘര്‍ഷത്തിന് മുന്‍പ് നല്‍കിയതാകാം എന്നും വ്യാപാരികള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്കുള്ള അനൗദ്യോഗിക വ്യാപാരം 10 ബില്യണ്‍ ഡോളറിന്‍റേതാണ്. പ്രധാനമായും ദുബായ്, കൊളബോ, സിംഗപ്പൂര്‍ തുറമുഖങ്ങളിലൂടെയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പാക്കിസ്ഥാനിലേക്ക് എത്തുന്നത്.
അനൗദ്യേഗിക വിപണിയിലൂടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പാക്കിസ്ഥാന്‍ വാങ്ങുന്നതിന്‍റെ കാരണം ആ രാജ്യത്തെ ഉയര്‍ന്ന ഉല്‍പാദന ചെലവും വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള വിദേശ ആശ്രിതത്വവുമാണെന്ന് വിദഗ്ധര്‍ നല്‍കുന്ന സൂചന. പാക്കിസ്ഥാനിലെ ഉല്‍പാദന ചെലവ് മേഖലയിലെ തന്നെ ഉയര്‍ന്നതാമെന്നും ഇക്കാരണത്താല്‍ അനൗദ്യോഗികമായെത്തുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ചൈനീസ്, ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങള്‍ക്കും പാക്കിസ്ഥാനില്‍ വിപണിയുണ്ടെന്നും ഒരു കയറ്റുമതികാരന്‍ പറഞ്ഞു.