ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ ഭീഷണിക്കിടെ പകരം സംവിധാനം സജ്ജമെന്ന് യുഎഇ. അബുദാബിയില്‍ നിന്നും ഫുജൈറയിലേക്കുള്ള ഹബ്‌ഷാൻ-ഫുജൈറ ഓയില്‍ പൈപ്പ്‌ലൈൻ വഴി യുഎഇയ്ക്ക് ഹോര്‍മൂസിനെ വെട്ടാനാകും. ഇതുവഴി ഹോര്‍മൂസിനെ ആശ്രയിക്കാതെ തന്നെ പ്രതിദിനം 15 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യാമെന്നതാണ് യുഎഇയ്ക്ക് നല്‍കുന്ന മേല്‍കൈ.
ഒമാൻ ഉൾക്കടലിലെ ഫുജൈറയിലെ ഔട്ട്‌ലെറ്റ് ഹോർമുസ് കടലിടുക്കിന് പുറത്തായതിനാല്‍ സംഘര്‍ഷ സമയത്തും പ്രതിസന്ധിയില്ലാതെ എണ്ണ വിതരണം നടത്താന്‍ ഇതിലൂടെ യുഎഇയ്ക്ക് സാധിക്കും. ഗൾഫിലെ എണ്ണ കയറ്റുമതിക്ക് സാധ്യമായ ചുരുക്കം ചില ബദലുകളിലൊന്നാണിത്. പൈപ്പ്‍ലൈന്‍ വഴി എണ്ണ വിതരണം നടത്താമെന്നതിനാല്‍ ഹോര്‍മുസ് അടച്ചിട്ടാലോ സുരക്ഷിതമല്ലെങ്കിലോ എണ്ണ വില ഉയരുന്നതിനെ തടയാനും വിതരണം സുഗമാക്കാനും യുഎഇയ്ക്ക് സാധിക്കും. അബുദാബി ക്രൂഡ് ഓയിൽ പൈപ്പ്‍ലൈന്‍ എന്നറിയപ്പെടുന്ന ഹബ്ഷാൻ-ഫുജൈറ പൈപ്പ്‍ലൈന്‍, ഊർജ്ജ സുരക്ഷയിലും ആഗോള എണ്ണ ലോജിസ്റ്റിക്സിലും യുഎഇയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പദ്ധതിയാണ്.
അബുദാബിയിലെ ഹബ്ഷാനില്‍ നിന്നും ആരംഭിച്ച് സ്വീഹാൻ വഴി 14 കിലോമീറ്റര്‍ കടലും താണ്ടി 360 കിലോമീറ്ററുള്ള പൈപ്പ്‍ലൈന്‍ പദ്ധതി അവസാനിക്കുന്നത് ഫുജൈറിലാണ്. പ്രതിദിനം 15 ലക്ഷം ബാരൽ ശേഷിയുള്ള പദ്ധതിക്ക് ഹബ്ഷാൻ, സ്വീഹാൻ, ഫുജൈറ എന്നിവിടങ്ങളിൽ മൂന്ന് പമ്പിങ് സ്റ്റേഷനുകളുണ്ട്. 2006 ല്‍ ഡിസൈന്‍ ചെയ്ത് 2008 മാര്‍ച്ചില്‍ നിര്‍മാണം ആരംഭിച്ച പദ്ധതിയുടെ മേല്‍മോട്ടം ഇന്‍റര്‍നാഷണല്‍ പെട്രോളിയം ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായിരുന്നു. ചൈനീസ് സഹകരണത്തോടെ ചൈനീസ് പെട്രോളിയം എന്‍ജിനീയറിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് എന്‍ജീനീയറങ് ജോലികള്‍ പൂപ്‍ത്തിയാക്കിയത്. 2012 ലാണ് പദ്ധതി കമ്മീഷന്‍ ചെയ്തത്.
ഇറാനെതിരെയുള്ള യുഎസ് ആക്രമണത്തിന് ശേഷം കടുത്ത തീരുമാനങ്ങളിലേക്ക് കടന്ന് ഇറാന്‍. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ പ്രധാന റൂട്ടായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ഇറാന്‍റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകാരം കൂടി ലഭിച്ചാല്‍ ഹോര്‍മൂസ് അടയ്ക്കും. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ വാതിലായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്‍റെ തീരുമാനം എണ്ണ വിതരണം തടസപ്പെടുത്തുമെന്നാണ് ആശങ്ക. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കാണ് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ എണ്ണ ഉൽപാദക രാജ്യങ്ങൾ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) കയറ്റുമതി ചെയ്യാനായി ഉപയോഗിക്കുന്നത് ഹോർമുസ് കടലിടുക്കാണ്.