AI Generated Image
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ പല തിരിച്ചടികളും പാക്കിസ്ഥാന് വലിയ സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെയ്ക്കുന്നവയാണ്. സിന്ധു നദിജല കരാര്‍ റദ്ദാക്കിയതും വ്യാപാര കരാര്‍ റദ്ദാക്കിയതും പാക്ക് സമ്പദ്‍വ്യവസ്ഥയെ കാര്യമായി തന്നെ ബാധിക്കും. 2022 ലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴത്തില്‍ നിന്നും കരകയറുന്നതിനിടെയാണ് പാക്കിസ്ഥന് പുതിയ തിരിച്ചടികള്‍. സൈനിക നടപടികള്‍ ഉണ്ടായിട്ടില്ലെങ്കിലും നയതന്ത്ര നടപടികള്‍ തന്നെ പാക്കിസ്ഥാന് വലിയ നഷ്ടമുണ്ടാക്കുന്നു.
പണപ്പെരുപ്പം വലിയ പ്രശ്നം
2023 മെയ് മാസത്തിൽ 38 ശതമാനം എന്ന റെക്കോർഡ് ഉയരത്തിലായിരുന്നു പാക്കിസ്ഥാന്‍റെ പണപ്പെരുപ്പം. അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്നുള്ള ധനസഹായത്തോടെ പാക്കിസ്ഥാന്‍ നില അല്‍പ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ പണപ്പെരുപ്പം 23.1 ശതമാനമായിരുന്നു. പണപ്പെരുപ്പം മാസങ്ങളായി കുറയുകയാണെങ്കിലും ആവശ്യ വസ്തുക്കള്‍ക്ക് തീവില തന്നെയാണ് രാജ്യത്ത്.
1,761 രൂപയാണ് പാക്കിസ്ഥാനില്‍ ഗോതമ്പു പൊടിക്ക് നല്‍കേണ്ടത്. എല്‍പിജിക്ക് 3158 രൂപ. പാലിന് ലിറ്ററിന് 140-150 രൂപ നല്‍കണം. ഉരുളക്കിഴങ്ങാണ് വില കുറഞ്ഞതെന്ന് തോന്നിപ്പിക്കുന്ന സാധനം. 68 രൂപയാണ് കിലോയ്ക്ക്. സിഇഐസി ഡാറ്റ പ്രകാരമുള്ള കണക്കാണിത്.
അവശ്യസാധനങ്ങളെ ബാധിക്കും
ഇന്ത്യ–പാക്ക് വ്യാപാര ബന്ധം അവസാനിപ്പിച്ചത് പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് കരുതുന്നത്. ഏപ്രില്‍ രണ്ടിന് പുറത്തുവിട്ട് റിപ്പോര്‍ട്ട് പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തെ പാക്കിസ്ഥാന്‍റെ സാമ്പത്തിക വളര്‍ച്ച പ്രവചനം 2.6 ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ മൂന്ന്ശതമാനമായിരുന്നു ഇത്.
പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് 304.93 മില്യണ്‍ ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളായിരുന്നു. ഇതില്‍ വലിയൊരു അളവ് ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ വരും. ഏകദേശം 120.86 മില്യണിന്‍റെ വ്യാപാരമാണ് ഈ രംഗത്ത്. അവശ്യ മരുന്നുകൾ അടക്കമുള്ള ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. വ്യാപാരകരാര്‍ റദ്ദാകുന്നതോടെ അവശ്യവസ്തുക്കളുടെ അഭാവം പാക്കിസ്ഥാനില്‍ ഗുരുത പ്രശ്നങ്ങളുണ്ടാക്കും.
വ്യോമമേഖലയിലും നഷ്ടം
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്ക് വ്യോമമേഖല നിക്ഷേധിച്ചുകൊണ്ടാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്. പാക്ക് വ്യോമപാത ഉപയോഗിച്ച് ഇന്ത്യന്‍ കമ്പനികള്‍ ആഴ്ചയില്‍ എണ്ണൂറിലധികം വിദേശ സര്‍വീസുകള്‍ നടത്തിയിരുന്നു. ഇവ വഴിമാറിയതോടെ പ്രതിദിനം 1.20 ലക്ഷം ഡോളറാണ് (3.35 കോടി പാക്കിസ്ഥാനി രൂപ) ഏവിയേഷന്‍ വരുമാനത്തിലെ നഷ്ടം.
ബോയിങ് 717 വിമാനങ്ങള്‍ക്ക് 580 ഡോളറാണ് പാക്കിസ്ഥാന്‍ ഓവര്‍ഫ്ലൈറ്റ് ഫീസായി ഈടാക്കുന്നത്. വലിയ വിമാനങ്ങളാണെങ്കില്‍ നിരക്ക് കൂടും. ഇതനുസരിച്ച് പ്രതിദിനം കുറഞ്ഞത് 58,000 ഡോളറിന്‍റെ നഷ്ടമാണ് പാക്കിസ്ഥാന്‍ നേരിടേണ്ടി വരുന്നത്. ഇന്ത്യന്‍ കമ്പനികളുടെ ബോയിങ് 777 അടക്കമുള്ള വലിയ വിമാനങ്ങള്‍ പാക്കിസ്ഥാന് മുകളിലൂടെ പറന്നിരുന്നു. ഇതുപ്രകാരമുള്ള പ്രതിദിന നഷ്ടം ഏകദേശം 1.20 ലക്ഷം ഡോളറാണ്. 2019 ല്‍ പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് ആക്രമണത്തിനും പിന്നാലെ നാല് മാസത്തേക്ക് പാക്കിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചിരുന്നു. ഈ സമയത്ത് പാക്കിസ്ഥാന്‍ നേരിട്ട നഷ്ടം 100 മില്യണ്‍ ഡോളറിന് അടുത്താണ്. അന്ന് പ്രതിദിനം 400 വിമാനങ്ങളെയാണ് വിലക്ക് ബാധിച്ചത്.
ഓഹരി വിപണിയില്‍ കൂട്ടത്തകര്‍ച്ച
ഇന്ത്യന്‍ നടപടികളുടെ തിരിച്ചടി നേരിട്ടത് പാക്കിസ്ഥാന്‍ ഓഹരി വിപണിയാണ്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കെഎസ്ഇ–100 സൂചിക 7,100 പോയിന്‍റാണ് ഇടിഞ്ഞത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാധ്യത രൂക്ഷമായതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഏപ്രില്‍ 30 തിന് ഓഹരി വിപണി 3545 ഡോളര്‍ ഇടിഞ്ഞ് 111,326.57 ലെത്തി. സമീപകാലത്തെ ഏറ്റവും വലിയ പ്രതിദിന നഷ്ടമായിരുന്നു ഇത്. ലക്ക് സിമന്‍റ്, എന്‍ഗോ കോര്‍പ്പറേഷന്‍, യുബിഎല്‍, പിപിഎല്‍ തുടങ്ങിയ പ്രധാന കമ്പനികളുടെ ഓഹരികളെ തിരിച്ചടി ബാധിച്ചു.