അള്‍ട്ര പ്രൊസസ്ഡ് ഫുഡ്സിന് ഹെല്‍ത്ത് ടാക്സ് നിര്‍ദ്ദേശിച്ച് സാമ്പത്തിക സര്‍വെ. ഉയര്‍ന്ന കലോറിയുള്ള ദീര്‍ഘകാലം ശരീരത്തിന് ദോഷം ചെയ്യുന്ന ഇത്തരം ഉത്പ്പന്നങ്ങളെ കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് സാമ്പത്തിക സര്‍വെയിലുള്ളത്.
സോഫ്റ്റ് ഡ്രിങ്ക്സ്, പാക്കേജ്ഡ് പൊട്ടറ്റോ വഫേഴ്സ്, ചോക്ലേറ്റ്, കാന്‍ഡി, ഐസ്ക്രീം, പാക്കേജ്ഡ് സൂപ്പ്, നഗ്ഗറ്റ്സ് എന്നിവ കുറഞ്ഞ പോഷകവും ഉയര്‍ന്ന അഴവില്‍ ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ ഉള്‍പ്പെടുന്നവയാണ്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ഇവയ്ക്ക് വ്യക്തമായ നിർവചനം നല്‍കുകയും കർശനമായ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരുന്നത് പരിഗണിക്കുകയും വേണമെന്ന് സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു.
ഭക്ഷണ പദാര്‍ഥങ്ങള്‍ പരസ്യം ചെയ്യുന്ന കമ്പനികള്‍ക്ക് ഹെല്‍ത്ത് ടാക്സ് ഈടാക്കാനും സാമ്പത്തിക സര്‍വെ നിര്‍ദ്ദേശിക്കുന്നുണ്ട്. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളും സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളും ഉപയോഗിച്ചാണ് അൾട്രാ പ്രോസസ്ഡ് ഫുഡ് വിപണനം ചെയ്യുന്നത്. ആരോഗ്യകരമായ ഉൽപ്പന്നങ്ങളായാണ് ഇവയുടെ പരസ്യം. അതിനാല്‍ അൾട്രാ പ്രോസസ്ഡ് ഫുഡ് ഉത്പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി പരിഗണിക്കണമെന്ന് സാമ്പത്തിക സര്‍വെ നിര്‍ദ്ദേശിക്കുന്നു. ഹെല്‍ത്ത് ടാക്സ് എന്ന ഇനത്തില്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ പരസ്യം ചെയ്യുന്ന ബ്രാന്‍ഡ്/ ഉത്പ്പന്നങ്ങള്‍ക്ക് നികുതി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
അൾട്രാ പ്രോസസ്ഡ് ഫുഡ്‌സിന്‍റെ ഉപയോഗം തൊഴിലാളികളുടെ ഉത്പാദമക്ഷമതയില്‍ പ്രധാനപ്പെട്ട മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്നാണ് സാമ്പത്തിക സര്‍വെ പറയുന്നത്. ഇതുവഴി രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെയും ഇത് ബാധിക്കും. സോഷ്യല്‍ സെക്ടര്‍; എക്സ്റ്റെന്‍ഡിങ് റീച്ച് ആന്‍ഡ് ഡ്രൈവിങ് എംപവര്‍മെന്‍റ് എന്ന ഭാഗത്താണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ഇത്തരം അപകടകരമായ ഭക്ഷണങ്ങളുടെ ഉപഭോഗം ഇന്ത്യയിൽ വർധിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെ നിർദേശങ്ങൾ. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ അൾട്രാ പ്രോസസ്ഡ് ഫുഡ്‌സിന്‍റെ ഉപയോഗത്തില്‍ വലിയ വര്‍ധനയുണ്ട്. 2006 ല്‍ 900 ദശലക്ഷം ഡോളറിന്‍റെ ഉപയോഗം ഉണ്ടായിരുന്നിടത്ത് നിന്ന് 2019 ല്‍ 37.9 ബില്യണ്‍ ഡോളറിലേക്ക് എത്തി.
അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മാനസിക വൈകല്യങ്ങള്‍ എന്നിവയും പ്രശ്നങ്ങളായി ചൂണ്ടിക്കാട്ടുന്നു. അൾട്രാ പ്രോസസ്ഡ് ഫുഡ്‌സില്‍ ഫൈബര്‍ കണ്ടന്‍റിന്‍റെ കുറവ് കുട്ടികളിലും മുതിര്‍ന്നവരിലും ശരീരഭാരം കൂടാനും അമിത വണ്ണത്തിനും കാരണമാകുന്നുണ്ട്.