സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടാനുള്ള തീരുമാനത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍കുതിച്ചുചാട്ടം. ഇറക്കുമതി ചുങ്കം 9 ശതമാനം വർധിപ്പിച്ചതോടെ ഇന്ത്യയിലെ ആഭ്യന്തര സ്വർണവില പവന് 10200 രൂപയുടെ വർധനവാണുണ്ടായത്. ഇറക്കുമതി കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നടപടിയെങ്കിലും കള്ളക്കടത്ത് കുറയുമെന്നാണ് വിപണിയുമായി ബന്ധപ്പെട്ടവരുടെ നിഗമനം. ദുബായില്‍ നിന്നും ഒരു കിലോ കടത്തി കൊണ്ടുവരികയാണെങ്കില്‍ ഇന്ന് 20 ലക്ഷം രൂപയോളമാണ് കള്ളകടത്തുകാര്‍ ഉണ്ടാക്കുന്നത്.
ദുബായില്‍ നിന്നും ഒരു കിലോ സ്വര്‍ണം വാങ്ങാന്‍ ഏകദേശം 1.40 കോടി രൂപ ചെലവാകും. 15 ശതമാനം നികുതി വെട്ടിച്ച് ഇവ വിപണിയിലെത്തിച്ചാല്‍ കിട്ടുക 20 ലക്ഷം രൂപയോളം. ആഭരണമാക്കി ഇറക്കുകയാണെങ്കില്‍ മൂന്നു ശതമാനം ജിഎസ്ടി കൂടി നഷ്ടമാകും. അങ്ങനെയെങ്കില്‍ 24 ലക്ഷം രൂപയാണ് കള്ളക്കടത്തുകാർ ഉണ്ടാക്കുക.
നികുതി കൂട്ടിയാല്‍ ഇറക്കുമതി കുറയുമോ എന്നാണ് മറ്റൊരു ചോദ്യം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോള്‍ ഇന്ത്യയിലേക്ക് 1000 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. 2024 ലെ കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ ആറു ശതമാനത്തിലേക്ക് ചുരുക്കിയപ്പോള്‍ ഇറക്കുമതി 800 ടണ്ണിൽ താഴെയായി. നേരത്തെ സ്വര്‍ണ വില ഇത്ര കണ്ട് ഉയര്‍ന്നിരുന്നില്ല എന്നത് മറ്റൊരു കാര്യം.
വിദേശ നാണ്യം സംരക്ഷിക്കാനായിരുന്നുവെങ്കില്‍ ഇന്ത്യക്കാരുടെ കയ്യിലുള്ള സ്വര്‍ണം പുനരുപയോഗിക്കാനുള്ള നയമാണ് ഉണ്ടാക്കേണ്ടിയിരുന്നതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ പറഞ്ഞു. ഇന്ത്യക്കാരുടെ കയ്യില്‍ 25000 ടണ്‍ സ്വര്‍ണമുണ്ട്. അത് പുനരുപയോഗിക്കാനുള്ള നയം രൂപീകരിക്കുകയാണെങ്കില്‍ അത് ജുവലറികളിലേക്ക് എത്തും. കള്ളകടത്ത് കുറയ്ക്കാം. വിദേശ നാണ്യം സുരക്ഷിതമാക്കാം എന്നും അദ്ദേഹം പറഞ്ഞു.