നിക്കോളസ് മഡുറോ പിടിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ വിശേഷിപ്പിച്ചത് മൂത്ത സഹോദരൻ എന്നാണ്. മഡുറോയെ യു.എസ് അറസ്റ്റ് ചെയ്തതോടെ വിട്ടയക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ചൈനയും. യു.എസിന്‍റെ അധിനിവേശം വെനസ്വേലയിൽ മാത്രമല്ല 14,000 കിലോമീറ്റർ അകലെ ബിജീങിലും ആശങ്കകൾ ഉണ്ടാക്കുമെന്നാണ് പുതിയ സാഹചര്യം കാണിക്കുന്നത്.
ഇരുവരും തമ്മിലുള്ളത് എണ്ണ- പണം ബന്ധമാണ്. ചൈനയ്ക്ക് എണ്ണ വേണം, വെനസ്വേലയ്ക്ക് പണവും. 2000 ത്തിനും 2023 നും ഇടയില്‍ വെനസ്വേലയിലെ റെയില്‍, വൈദ്യുത പദ്ധതി, മറ്റു അടിസ്ഥാന വികസന സൗകര്യങ്ങള്‍ എന്നിവയ്ക്കായി ചൈനയില്‍ നിന്നും വെനസ്വേലയിലേക്ക് എത്തിയത് 100 ബില്യണ്‍ ഡോളറിലധികമാണ്. ഇതിന് പകരമായി വെനസ്വേല എണ്ണ നല്‍കി. കഴിഞ്ഞ വര്‍ഷം വെനസ്വേലയില്‍ ഉല്‍പാദിപ്പിച്ച എണ്ണയുടെ 80 ശതമാനവും ചൈനയിലേക്കാണ് എത്തിയത്. എന്നാല്‍ ചൈനയുടെ എണ്ണ വാങ്ങലിന്‍റെ നാലു ശതമാനം മാത്രമാണിത്.
ചൈന ലോകത്തെമ്പാടും താവളങ്ങളുണ്ടാക്കുന്നതിനെ യു.എസ് എതിർക്കുന്നുണ്ട്. ചൈനീസ് നിക്ഷേപങ്ങളിലേക്ക് യു.എസ് ശ്രദ്ധപതിക്കുമെന്ന ആശങ്ക ചൈനയുടെ സുഹൃത്ത് രാജ്യങ്ങളെയും ബാധിക്കുന്നു. വെനസ്വേലയിലെ സാഹചര്യത്തിൽ യു.എസിന്‍റെ കടുത്ത നിലപാടുകൾ ചൈനയുടെ നിക്ഷേപം വെള്ളത്തിലാക്കുമോ എന്നാണ് ആശങ്ക.
A local walks past a mural featuring oil pumps and wells in Caracas, Venezuela, Tuesday, Jan. 6, 2026. (AP Photo/Matias Delacroix)
യു.എസിന്റെ ആശങ്ക
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ലാറ്റിൻ അമേരിക്കയിൽ ചൈന ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് പനാമ, കോസ്റ്റാറിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, എൽ സാൽവദോർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയെ ഔദ്യോഗികമായി അംഗീകരിച്ചു. ഇതാണ് യു.എസിനെ അലട്ടുന്നതും. ലാറ്റിനമേരിക്കയില്‍ വിദേശ ശക്തികളുടെയും തങ്ങളുടെ എതിരാളികളെയും താവളമാക്കാന്‍ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടരി മാര്‍കോ റൂബിയോ പറഞ്ഞത്.
വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്‍റിനോട് ചൈനയും റഷ്യയുമായുള്ള സാമ്പത്തിക ഇടപാട് വിച്ഛേദിക്കാന്‍ യു.എസ് നിര്‍ദ്ദേശിക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോട് ചൈന കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും വെനിസ്വേലയുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമെന്നുമാണ് ചൈനയുടെ വാദം.
ചൈനയുടെ നിക്ഷേപം
2016 നു ശേഷം 200 കോടി ഡോളറിന്‍റെ നിക്ഷേപം ചൈന വെനസ്വേലയില്‍ നടത്തിയിട്ടുണ്ട്. മുന്‍ പ്രസിഡന്‍റ് ഹുഗോ ഷാവോസിന്‍റെ കാലത്ത് വിവിധ എനര്‍ജി പദ്ധതികളിലാണ് നിക്ഷേപം കുടുതലും. ചൈനീസ് പൊതുമേഖലാ എണ്ണ കമ്പനിയായ ചൈന നാഷണല്‍ പെട്രോളിയം വെനസ്വേലന്‍ പൊതുമേഖലാ കമ്പനിയായ പെട്രോലിയോസ് ഡി വെനിസ്വേലയുമായി ( പിഡിവിഎസ്എ) ചേർന്ന് സംയുക്ത സംരംഭം നടത്തുന്നു. 160 കോടി ബാരല്‍ എണ്ണ ശേഖരം ഈ സംരംഭം കൈകാര്യം ചെയ്യുന്നുണ്ട്.
ചൈനയുടെ പ്രതിസന്ധി
ചൈനീസ് കമ്പനികൾ വെനസ്വേലയിൽ വലിയ നിക്ഷേപം നടത്തിയിയിട്ടുണ്ട്. എന്നാൽ അവിടുത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ, അമേരിക്കയുടെ നിർദ്ദേശപ്രകാരം ഈ ആസ്തികൾ വെനിസ്വേലൻ സർക്കാർ കണ്ടുകെട്ടാനുള്ള സാധ്യതയാണ് ചൈനയുടെ പ്രധാന ആശങ്കയെന്ന് ചൈന– ഗ്ലോബല്‍ സൗത്ത് പ്രൊജക്ടിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ എറിക് ഒലാന്‍ഡര്‍ പറഞ്ഞു. ചൈനീസ് നിക്ഷേപത്തെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ആശങ്കയോടെ കാണുമെന്നതാണ് മറ്റൊരു പ്രതിസന്ധി.
ഊർജ്ജം, പ്രകൃതിവിഭവങ്ങൾ എന്നിവയുടെ കാര്യത്തിൽ ചൈനയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള മേഖലയാണ് ലാറ്റിൻ അമേരിക്ക. ചൈനീസ് നിക്ഷേപം ഉള്ളിടത്ത് യു.എസ് ശ്രദ്ധപതിയുന്നതാണ് രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നത്. പനാമ കനാലില്‍ ചൈനയുടെ നിക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ യു.എസ് പനാമ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയതും ഇതോടൊപ്പം കൂട്ടി വായിക്കണം.
വെനസ്വേലയില്‍ നിന്നും ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി ഉപരോധം കാരണം നേരിട്ടല്ല. മലേഷ്യ, പനാമ, ലിബയന്‍ പതാകയുള്ള കപ്പലുകളിലാണ് എണ്ണ കടത്തുന്നത്. മഡുറോ പുറത്തായതോടെ ഈ കപ്പൽ നീക്കങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രശ്നമാകും. കൂടാതെ, എണ്ണയ്ക്ക് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങൾക്കായി വെനസ്വേല 1900 കോടി ഡോളറിലധികം ചൈനയ്ക്ക് നൽകാനുണ്ട്. ഈ തുക തിരികെ ലഭിക്കണമെന്ന് ചൈനയുടെ ആവശ്യം നിലവിലെ സാഹചര്യത്തിൽ പ്രയാസകരമാണ്. മഡുറോ പിടിക്കപ്പെട്ടതിന് പിന്നാലെ, വെനസ്വേലയുമായി ബന്ധപ്പെട്ട ഇടപാടുകളെയും വായ്പകളെയും കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ ചൈന പ്രധാന ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.