Untitled design - 1

 പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കൂപ്പുകുത്തി രൂപ. ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 94.82 എന്ന നിലയിലെത്തി. ഇന്ന് 86 പൈസയാണ് ഇടിഞ്ഞത്.  ക്രൂഡ് ഓയില്‍ വിലവര്‍ധനയ്ക്കൊപ്പം വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രൂപ വിറ്റഴിക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ഡോളര്‍ വാങ്ങിക്കൂട്ടിയതും തിരിച്ചടിയായി. ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ്. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 1690 പോയിന്‍റ് ഇടിഞ്ഞ് 73,583ല്‍ എത്തി. നിഫ്റ്റി 486 പോയിന്റും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം തുടര്‍ച്ചയായി നേട്ടത്തിലായ ശേഷമാണ് കൂപ്പുകുത്തിയത്

 

ഇറാനെതിരായ ആക്രമണത്തിൽ അയവുവരുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചിട്ടും ഓഹരി വിപണികളുടെയും സ്വർണവിലയുടെയും ഇടിവിന് ശമനമില്ല. യുഎസ് ഓഹരികൾ ഇന്നലെ കനത്ത തകർച്ച നേരിട്ടു. നഷ്ടക്കാറ്റ് ഏഷ്യയിലുമെത്തി. ‘രാമനവമി’ അവധിക്കുശേഷം ഇന്നു വീണ്ടും വ്യാപാരം തുടങ്ങുന്ന സെൻസെക്സിനെയും നിഫ്റ്റിയെയും കാത്തിരിക്കുന്നത് കനത്ത സമ്മർദമെന്ന് വ്യക്തം.

 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത ഇന്ധന പ്രതിസന്ധി ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എക്സൈസ് നികുതിയില്‍ ഗണ്യമായ കുറവ് വരുത്തി. പെട്രോളിന്‍റെ നികുതി ലീറ്ററിന് 10 രൂപ കുറച്ചു. ഡീസലിനുള്ള 10 രൂപ തീരുവയും ഒഴിവാക്കി. അതേസമയം ഇന്ധനക്കയറ്റുമതിയുടെ തീരുവ വര്‍ധിപ്പിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങളുടെ മേല്‍ ഭാരമില്ലാതിരിക്കാനാണ് നടപടിയെന്നും എണ്ണക്കമ്പനികളുടെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

തീരുമാനം നടപ്പിലാകുന്നതോടെ പെട്രോള്‍ ലീറ്ററിന് മൂന്ന് രൂപയാകും നികുതി. ഡീസലിന് പൂജ്യത്തിലുമെത്തും. കാര്യങ്ങളിങ്ങനെയാണെങ്കിലും ചില്ലറ വിതരണത്തില്‍ ഈ കുറവ് പ്രതിഫലിക്കില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയും, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണക്കമ്പനികളാണ് എണ്ണവില നിശ്ചയിക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന ഈ ഇളവ് ഉപഭോക്താക്കള്‍ക്ക് നല്‍കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരുമാസത്തിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ചാഞ്ചാട്ടങ്ങളില്‍ വന്‍ നഷ്ടം എണ്ണക്കമ്പനികള്‍ക്ക് നേരിട്ടതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

 

നയാര എനര്‍ജി ഇന്നലെയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഇതോടെ മറ്റ് എണ്ണക്കമ്പനികളും തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് ആശങ്ക പരന്നിരുന്നു. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്

 

ENGLISH SUMMARY:

The Indian Rupee has experienced a historical crash against the US Dollar, reaching an unprecedented 94.82 due to the West Asia conflict and rising crude oil prices. This economic downturn has also severely impacted the stock market, with significant drops in the Sensex and Nifty.