Image Credit:facebook/AirIndia
ഈ വർഷമാദ്യം ഉണ്ടായ അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്നുണ്ടായ തകർച്ച, ഇന്ത്യ-പാകിസ്ഥാൻ സൈനിക ഏറ്റുമുട്ടൽ മൂലമുണ്ടായ വ്യോമാതിർത്തി നിയന്ത്രണങ്ങൾ തുടങ്ങി പ്രവർത്തനപരവും സാമ്പത്തികവുമായ വെല്ലുവിളികളെ നേരിടാൻ എയർ ഇന്ത്യ അതിന്‍റെ ഉടമകളായ ടാറ്റ സൺസ്, സിംഗപ്പൂർ എയർലൈൻസ് എന്നിവരിൽ നിന്ന് ഏകദേശം 10,000 കോടി രൂപയുടെ (1.1 ബില്യൺ ഡോളർ) സാമ്പത്തിക സഹായം തേടുന്നതായി റിപ്പോര്‍ട്ട്. എഞ്ചിനീയറിങ്, സുരക്ഷ, ഇൻ-ഹൌസ് മെയിന്‍റന്‍സ് എന്നിവയ്ക്കും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക പിന്തുണ എയര്‍ ഇന്ത്യക്ക് അനിവാര്യമാണെന്ന് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകളോട് എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജൂണിൽ അഹമ്മദാബാദിൽ നിന്ന് പുറപ്പെടുന്ന ബോയിംഗ് 787 വിമാനം തകർന്നത് എയര്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കും സാമ്പത്തിക നിലയ്ക്കും കനത്ത തിരിച്ചടിയായിരുന്നു. ഈ സംഭവം തീവ്രമായ റെഗുലേറ്ററി സൂക്ഷ്മപരിശോധനയ്ക്ക് കാരണമാവുകയും അതിന്‍റെ ഫലമായി ചില അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പാകിസ്ഥാൻ വ്യോമാതിർത്തി നിയന്ത്രണങ്ങൾക്ക് ശേഷവും എയർ ഇന്ത്യക്ക് 4,000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വ്യോമാതിർത്തി നിയന്ത്രണങ്ങൾ ദൈർഘ്യമേറിയ ഫ്ലൈറ്റ് റൂട്ടുകളിലേക്കും ഉയർന്ന പ്രവർത്തനച്ചെലവിലേക്കും നയിച്ചു. ഈ തടസ്സങ്ങളും ടേൺ അറൗണ്ട് ടാർഗെറ്റുകളിലെ കാലതാമസവും ലാഭക്ഷമതയെ ഇല്ലാതാക്കി. 2026 മാർച്ചോടെ ബ്രേക്ക് ഈവൻ നേടാനുള്ള എയർ ഇന്ത്യയുടെ പദ്ധതി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.
എന്നാല്‍ ഏതൊരു സാമ്പത്തിക സഹായവും ഉടമസ്ഥാവകാശത്തിന് ആനുപാതികമായിരിക്കും. പലിശ രഹിത വായ്പയാണോ അതോ ഇക്വിറ്റി വഴിയാണോ ധനസഹായം നല്‍കേണ്ടത് എന്ന് ഉടമകൾ തീരുമാനിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ൽ എയർ ഇന്ത്യയെ വാങ്ങിയ ടാറ്റ ഗ്രൂപ്പിന് 74.9% ഓഹരിയാണ് വിമാന കമ്പനിയില്‍ ഉള്ളത്. ബാക്കിയുള്ള ഓഹരി സിംഗപ്പൂർ എയർലൈൻസിനാണ്. എയർ ഇന്ത്യയും ടാറ്റ സൺസും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.