സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമായിരുന്നു ജി.എസ്.ടി. രാജ്യത്തെ സങ്കീര്‍ണമായ നികുതി ഘടന ലളിതമാക്കുകയാണ് ജി.എസ്.ടിയിലൂടെ ലക്ഷ്യമിട്ടത്. ജി.എസ്.ടിയില്‍ പലതവണ നേരിയ മാറ്റങ്ങളുണ്ടായെങ്കിലും നികുതി നിരക്ക് ഇളവുചെയ്യുന്ന സമൂലമായ മാറ്റം ഇതാദ്യമാണ്.
'രാജ്യത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന മാറ്റം' ഈ വിശേഷണത്തോടെയാണ് 2017 ജൂണ്‍ 30ന് അര്‍ധരാത്രി പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളിലെ പ്രത്യേക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി വിളംബരം ചെയ്ത്ത്. കേന്ദ്ര, സംസ്ഥാന നികുതികളാല്‍ സങ്കീര്‍ണമായിരുന്ന ഇന്ത്യയിലെ നികുതി ഘടന ഉടച്ചുവാര്‍ക്കപ്പെട്ടു. ജൂലൈ 1 മുതല്‍ രാജ്യമാകെ ഒറ്റ ചരക്കുസേവന നികുതി നിലവില്‍ വന്നു.
കേന്ദ്രം ചുമത്തിയിരുന്ന എക്സൈസ് ഡ്യൂട്ടി, അഡീഷണണ്‍ എക്സൈസ് ഡ്യൂട്ടി, സേവന നികുതി, സര്‍ചാര്‍ജുകള്‍, സെസ്സുകള്‍ എന്നിവയും സംസ്ഥാനങ്ങള്‍ ചുമത്തിയിരുന്ന മൂല്യ വര്‍ധിത നികുതി, വില്‍പന നികുതി, പ്രവേശന നികുതി, വിനോദ നികുതി, തുടങ്ങിയവയും ജി.എസ്.ടിയില്‍ ലയിച്ച് ഇല്ലാതായി. പെട്രോളിയം ഉല്‍പന്നങ്ങള്‍, മദ്യം, വൈദ്യുതി തുടങ്ങിയ ഉപഭോഗ വസ്തുക്കളുടെ നികുതികള്‍, മോട്ടോര്‍ വാഹന നികുതി, തൊഴില്‍ നികുതി തുടങ്ങിയവ ജി.എസ്.ടിയില്‍ ലയിപ്പിച്ചില്ല.
സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്ന നികുതി നഷ്ടം കണക്കിലെടുത്ത് ആദ്യ അഞ്ചുവര്‍ഷം കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരം നല്‍കി. പരാതികളും ജി.എസ്.ടി കൗണ്‍സിലിന്‍റെ ശുപാര്‍ശകളും പരിഗണിച്ച് ഇടയ്ക്ക് നിരക്കുമാറ്റങ്ങളും വരുത്തി.
ജി.എസ്.ടി കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കും എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശവാദമെങ്കിലും ആദ്യനാളുകളില്‍ ആശയക്കുഴപ്പവും ആശങ്കകളും ബാക്കിയായിരുന്നു. ഇത് വിപണിയെയും ബാധിച്ചു. ഇന്ന് നികുതിയിളവില്‍ വിപണി മിന്നുനേട്ടം പ്രതീക്ഷിക്കുന്നു.
നികുതിയിളവിന്‍റെ ഗുണം ജനത്തിന് തുടര്‍ന്നും ഉറപ്പാക്കാന്‍ സര്‍ക്കാരുകളുടെ നിരന്തര നിരീക്ഷണം അനിവാര്യമാണ്.