കേന്ദ്രബജറ്റില്‍ ഉള്‍ക്കൊള്ളിച്ച ഓരോ പദ്ധതിക്കും പണം കണ്ടെത്തേണ്ടതും സമാഹരിക്കുന്ന പണം ചെലവഴിക്കുന്നതിനുള്ള മുന്‍ഗണന നിശ്ചയിക്കേണ്ടതും ധനമന്ത്രിയുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന് ലഭിക്കുന്ന ഓരോ രൂപയും എവിടെനിന്നാണെന്ന് ബജറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുപോലെ ഓരോ രൂപയും എന്തിനാണ് ചെലവഴിക്കുന്നത്, എങ്ങോട്ടാണ് പോകുന്നത് എന്നും ബജറ്റിലുണ്ട്.
ധനസമാഹരണ മാര്‍ഗങ്ങള്‍ വേര്‍തിരിച്ച് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ വായ്പകളും കടപ്പത്രങ്ങളുമാണ്. സര്‍ക്കാരിന്‍റെ ആകെ ‘വരുമാന’ത്തിന്‍റെ 24 ശതമാനം വരുമിത്. ആദായനികുതിയാണ് രണ്ടാമത്തെ വരുമാനസ്രോതസ്. 22 ശതമാനം തുക ഇതില്‍ നിന്ന് ലഭിക്കും. ജിഎസ്ടിയും മറ്റ് നികുതികളും 18 ശതമാനം വരുമാനം കൊണ്ടുവരും. കോര്‍പറേറ്റ് നികുതിയില്‍ നിന്ന് 17 ശതമാനം തുക ലഭിക്കും. യൂണിയന്‍ എക്സൈസ് 5 ശതമാനവും കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് 4 ശതമാനവുമാണ് വരുമാനം. അതായത്, സര്‍ക്കാരിന്‍റെ വരുമാനത്തിന്‍റെ 66 ശതമാനവും നികുതികളില്‍ നിന്നാണെന്ന് ചുരുക്കം. നികുതിയേതരവരുമാനം 9 ശതമാനം മാത്രം. ഒരുശതമാനം വായ്പേതര മൂലധനവരുമാനം കൂടിയാകുമ്പോള്‍ കണക്ക് പൂര്‍ത്തിയാകും.
ഇനി ചെലവ് നോക്കാം. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന ഓരോ രൂപയുടെയും 22 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതമായി നല്‍കണം. 20 ശതമാനം വായ്പകള്‍ക്കുള്ള പലിശ അടയ്ക്കാന്‍ ഉപയോഗിക്കണം. കേന്ദ്ര പൊതുമേഖലയും പ്രതിരോധരംഗത്തെ മൂലധനച്ചെലവും സബ്സിഡിയും ചേര്‍ത്ത് 16 ശതമാനം ചെലവാകും. പ്രതിരോധ മേഖലയ്ക്കും കേന്ദ്രാവിഷ്കൃത പദ്ധതികള്‍, ധനകാര്യ കമ്മിഷന്‍ വിഹിതം എന്നിവയ്ക്കും 8 ശതമാനം വീതം പോകും. വന്‍കിട സബ്സിഡികള്‍ 6 ശതമാനം തുക കയ്യടക്കും. പെന്‍ഷന് 4 ശതമാനം. ശേഷിച്ച 8 ശതമാനമാണ് മറ്റ് ചെലവുകള്‍ക്ക് വിനിയോഗിക്കുക.
പ്രതിരോധച്ചെലവുകള്‍ക്കാണ് ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക നീക്കിവച്ചിരിക്കുന്നത്. 4,91,732 കോടി രൂപ. ഗ്രാമവികസനത്തിന് 2,66,817 കോടിയും ആഭ്യന്തരവകുപ്പിന് 2,33,211 കോടിയും വകയിരുത്തി. കൃഷിക്കും അനുബന്ധ കാര്യങ്ങള്‍ക്കും 1,71,437 കോടിയാണ് വിഹിതം. വിദ്യാഭ്യാസത്തിന് 1,28,650 കോടിയും നീക്കിവച്ചു. ആരോഗ്യം, നഗരവികസനം, ഐടി & ടെലികോം, ഊര്‍ജം, വാണിജ്യം വ്യവസായം, സാമൂഹ്യക്ഷേമം, ശാസ്ത്രവകുപ്പുകള്‍ എന്നിവയ്ക്കാണ് കൂടുതല്‍ തുക ലഭ്യമാക്കിയ മറ്റ് മേഖലകള്‍.