rbi-dividend-to-central-government

ജൂൺ നാലിന് ശേഷം കേന്ദ്രത്തിൽ ആര് അധികാരത്തിൽ വന്നാലും കോളാണ്. ചെലവാക്കാൻ കൈനിറയെ പണമുണ്ടാകും. 2024 സാമ്പത്തിക വർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിന് നൽകുന്ന ലാഭവിഹിതം റെക്കോർഡാണ്. 2.1 ലക്ഷം കോടി രൂപ! കഴിഞ്ഞ ബുധനാഴ്ച ചേർന്ന ആർബിഐ കേന്ദ്ര ബോർഡ് യോഗമാണ് വിഹിതം നിശ്ചയിച്ചത്. ഇടക്കാല ബജറ്റിൽ പ്രതീക്ഷിച്ച ഡിവിഡന്റ് വരുമാനത്തിന്റെ (1.02 ലക്ഷം കോടി രൂപ) ഇരട്ടിയിലധികമാണ് ഖജനാവിലേക്കെത്തുന്നത്. 

ആർബിഐയുടെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം, ഡോളർ ശേഖരത്തിന്റെ മൂല്യവര്‍ധന, കറൻസി അച്ചടി ഫീസ് എന്നിവ അടക്കം ആര്‍ബിഐ ഓരോ വര്‍ഷവും നിശ്ചിത തുക സർക്കാരിന് നല്‍കാറുണ്ട്. 2023ല്‍ ഇത് 87,416 കോടി കോടി രൂപയായിരുന്നു. പലിശ നിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യമാണ് ഇത്തവണ റിസർവ് ബാങ്കിന് വലിയ വരുമാനം ഉണ്ടാക്കി നൽകിയത്.  

വരുമാന വഴികൾ

വിദേശ രാജ്യങ്ങളിലെ ബോണ്ട് നിക്ഷേപം, വിദേശ കറൻസി വിറ്റഴിക്കൽ, ആഭ്യന്തര വിപണിയിലെ നിക്ഷേപം എന്നിവ വഴി നല്ലൊരു തുക 2023–24 സാമ്പത്തിക വർഷം ആർബിഐയുടെ കീശയിലെത്തി. യുഎസ് ബോണ്ടുകളിലാണ് ആർബിഐയുടെ നിക്ഷേപങ്ങളില്‍ ഏറെയും. യൂറോ, ബ്രിട്ടീഷ് പൗണ്ട്, ഓസ്‌ട്രേലിയൻ ഡോളർ, ജാപ്പനീസ് യെൻ തുടങ്ങിയ കറൻസികളിലുള്ള നിക്ഷേപങ്ങളുമുണ്ട്.

2022–23 സാമ്പത്തിക വർഷം യുഎസ് ഫെഡ് ഫണ്ട് നിരക്ക് ശരാശരി 2.5 ശതമാനമായിരുന്നു. 2023–24ല്‍ ഇത് ശരാശരി 5 ശതമാനമായി ഉയർന്നു. അതായത് വിദേശ ബോണ്ട് നിക്ഷേപത്തിൽ 2 ശതമാനത്തിലേറെ അധിക വരുമാനം. 2023 മാർച്ചിൽ 41.9 ട്രില്യൺ രൂപയായിരുന്ന ആർബിഐയുടെ വിദേശ കറൻസി നിക്ഷേപം സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 47.2 ട്രില്യണായി ഉയർന്നു. ഈ ബോണ്ട് പോർട്ട്‌ഫോളിയോയ്ക്ക് മൂന്ന് ശതമാനം റിട്ടേൺ ലഭിച്ചാൽ പോലും 1.42 ട്രില്യൺ രൂപ പലിശ വരുമാനം ലഭിക്കും. 

ഡോളര്‍ വില്‍പനയാണ് വരുമാനം വര്‍ധിപ്പിച്ച മറ്റൊരു ഘടകം. രൂപയുടെ മൂല്യം പിടിച്ചു നിർത്താനാണ് റിസർവ് ബാങ്ക് ഡോളർ വിറ്റഴിക്കുന്നത്. വിദേശ നിക്ഷേപ സ്ഥാനങ്ങൾ ഇക്വിറ്റി വിറ്റഴിച്ച ഘട്ടത്തിലും ഡോളർ കരുത്താർജിക്കുമ്പോഴും ആർബിഐ ഡോളർ വിൽപ്പന നടത്തും. 2023–24 സാമ്പത്തിക വർഷം 153 ബില്യൺ ഡോളറാണ് ആര്‍ബിഐ വിറ്റത്. വിദേശനാണ്യ ശേഖരം 61 ബില്യൺ ഡോളർ വർധിച്ചത് കണക്കിലെടുക്കുമ്പോള്‍ വിറ്റതിനേക്കാൾ ഡോളർ ആർബിഐ വാങ്ങിയിട്ടുണ്ടെന്നും വ്യക്തം.

rbi-logo

പ്രതീകാത്മക ചിത്രം

കുറഞ്ഞ വിലയ്ക്ക് നേരത്തേ വാങ്ങിയ ഡോളര്‍ നിലവിലെ കൂടിയ വിലയ്ക്ക് വില്‍ക്കുകയാണ് ആര്‍ബിഐ ചെയ്യുന്നത്. ഡോളര്‍ വാങ്ങിവച്ച സമയങ്ങളിലെ വിലയുടെ ശരാശരിയുമായി തട്ടിച്ചുനോക്കുമ്പോള്‍ വില്‍പന ലാഭമോ നഷ്ടമോ എന്നറിയാം. ഇതനുസരിച്ച് ആര്‍ബിഐയുടെ പക്കലുള്ള ഡോളറിന്റെ വാങ്ങല്‍ വില ഏകദേശം 75–76 രൂപ വരും. വില്‍ക്കുന്നത് ഇപ്പോഴത്തെ വിനിമയനിരക്കായ 83 രൂപയ്ക്കും. ഓരോ ഡോളറിനും ലാഭം 8 രൂപ. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇങ്ങനെ നേടിയ വരുമാനം 1.2 ട്രില്യണ്‍ രൂപ.

2023–24 സാമ്പത്തിക വർഷം 13.5 - 14 ട്രില്യൺ രൂപയുടെ ഇന്ത്യാഗവണ്‍മെന്റ് ബോണ്ടുകള്‍ ആർബിഐയുടെ പക്കലുണ്ട്. ഏകദേശം 0.8 -1 ട്രില്യൺ രൂപ ഇതിന്റെ പലിശയായി ലഭിക്കും. ഇതിനെല്ലാം പുറമേ ആർബിഐയുടെ പണനയവും വരുമാനം ഉയര്‍ത്തുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ആർബിഐ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ ഉയർത്തിയതുവഴി വലിയ വരുമാനം ലഭിച്ചു.

ഇതെല്ലാം ചേർത്ത് 2023–24 സാമ്പത്തിക വർഷം ആർബിഐ കുറഞ്ഞത് 3 മുതൽ 3.5 ട്രില്യൺ രൂപ വരുമാനമുണ്ടാക്കിയെന്നാണ് കണക്ക്. ഇതാണ് 2.1 ട്രില്യൺ രൂപയുടെ ഉയർന്ന ലാഭവിഹിതത്തിലേക്കുള്ള വഴി. കണ്ടിജൻസി റിസ്ക് ബഫർ 6 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി ഉയർത്താനും ഈ തുക മതിയാകും. 

കയ്യിലെത്തുന്ന കോടികള്‍ എന്ത് ചെയ്യും

ഇടക്കാലബജറ്റില്‍ കണക്കാക്കിയതിനെക്കാള്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതിയേതരവരുമാനം വര്‍ധിക്കും. ഇതോടെ പദ്ധതികളും പ്രഖ്യാപനങ്ങളും നടപ്പാക്കാന്‍ കൂടുതല്‍ സാമ്പത്തികസ്വാതന്ത്ര്യം ലഭിക്കും. ആര്‍ബിഐയ്ക്കുപുറമേ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 18,013 കോടി രൂപയോളം കേന്ദ്രത്തിന് ലാഭവിഹിതം ലഭിക്കും. ഇത് മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണ്. 

2024–25 സാമ്പത്തിക വർഷം ധനകമ്മി ജിഡിപിയുടെ 5.1 ശതമാനം എന്ന ലക്ഷ്യത്തോടടുപ്പിക്കാന്‍ ഈ തുക സഹായിക്കും. അധികമായി ലഭിക്കുന്ന 1.02 ലക്ഷം കോടി രൂപ ജിഡിപിയുടെ 0.3 ശതമാനത്തോളം വരും. അതുകൊണ്ടുതന്നെ ധനകമ്മി ബജറ്റ് എസ്റ്റിമേറ്റായ 5.1 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമാക്കി കുറയ്ക്കാന്‍ പോലും സർക്കാറിന് ശ്രമിക്കാം. അധികവരുമാനം ഉപയോഗിച്ച് കടമെടുപ്പ് കുറയ്ക്കുകയാണെങ്കിൽ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങും ഉയരും.

  • congress-election-campaign
  • bjp-election-campaign

കോൺ​ഗ്രസിന്റെയും ബിജെപിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്

വിനിയോഗത്തിന്റെ മറ്റുവഴികള്‍

ധനകമ്മി കുറയ്ക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനം, ക്ഷേമപദ്ധതികൾ തുടങ്ങിയവയ്ക്കായി കൂടുതല്‍ തുക നീക്കിവയ്ക്കാം. ആര് അധികാരത്തിൽ വരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും തുകയുടെ വിനിയോഗരീതി തീരുമാനിക്കപ്പെടുക. വലിയ പണച്ചെലവുള്ള ക്ഷേമപദ്ധതികള്‍ ബിജെപി പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്നില്ല. ദരിദ്രരായ സ്ത്രീകൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കും പ്രതിവർഷം ഒരു ലക്ഷം രൂപ എന്ന വാഗ്ദാനം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. കർഷകരുടെ കടം എഴുതിത്തള്ളല്‍  അടക്കമുള്ള ന്യായ് വാഗ്ദാനങ്ങളും ചെലവേറിയതാണ്. ഏതായാലും മുന്‍പൊന്നും പുതിയ സര്‍ക്കാരുകള്‍ക്ക് ലഭിച്ചിട്ടില്ലാത്ത അനുഗ്രഹമാണ് ഈ നിറഞ്ഞ ഖജനാവ്. 

ENGLISH SUMMARY:

New Central Government Get Benefit From RBI's Historic Dividend; They Can Spend 2.1 Lakhs Crore