പതിമൂവായിരം കോടി രൂപ പൊതുമേഖല ബാങ്കില്‍ നിന്ന് തട്ടിയെടുത്ത് വാര്‍ത്ത പുറത്തറിയുംമുന്‍പ് രാജ്യം വിടുക! അറിഞ്ഞവര്‍ ഞെട്ടി. തട്ടിപ്പുകാരന്‍ ഫോബ്സ് കോടീശ്വരന്‍മാരുടെ പട്ടികയിലെ 57–ാം സ്ഥാനക്കാരന്‍ എന്നുകൂടി അറിഞ്ഞപ്പോള്‍ നടുക്കം വര്‍ധിച്ചു. വജ്രവ്യാപാരിയായിരുന്ന നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും ചേര്‍ന്നാണ് 13,000 കോടി രൂപ തട്ടിയെടുത്തത്. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്!
തട്ടിപ്പിന്റെ ജാമ്യരേഖ!
വിദേശത്തെ ബാങ്കുകളില്‍ നിന്ന് നീരവ് മോദിക്ക് വായ്പ ലഭിക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഇടനില നിന്നതാണ് വന്‍ തട്ടിപ്പിന് കളമൊരുക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മുംബൈ ശാഖയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു കൂട്ട്. സോളർ എക്സ്പോർട്സ്, സ്റ്റെല്ലാർ ഡയമണ്ട്സ്, ഡയമണ്ട്സ് ആർ അസ് എന്നീ കമ്പനികൾക്ക് ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളിൽനിന്ന് വായ്പയെടുക്കാൻ 2011–2017 കാലയളവില്‍ ജാമ്യപത്രങ്ങൾ നല്‍കുകയായിരുന്നു.
വിദേശ ഇറക്കുമതി ഇടപാടുകൾക്കായി ഇന്ത്യയിലെ ബാങ്കുകൾ ഇറക്കുമതിക്കാർക്ക് അനുവദിക്കുന്ന ജാമ്യരേഖയാണ് ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ് (LoU). ഈ രേഖ ഉപയോഗിച്ച് വിദേശത്തുള്ള ബാങ്ക് ശാഖകളിൽനിന്നു ഹ്രസ്വകാല വായ്പ (ബയേഴ്സ് ക്രെഡിറ്റ്) ലഭിക്കും. കുടിശിക വന്നാല്‍ എൽ.ഒ.യു അനുവദിച്ച ബാങ്ക് മുഴുവൻ തുകയും പലിശയും നൽകണം. വായ്പവാങ്ങിക്കൂട്ടിയ നീരവും സംഘവും തിരിച്ചടവ് മുടക്കിയതോടെ ബാധ്യത മുഴുവന്‍ പി.എന്‍.ബിയുടെ തലയിലായി.
തട്ടിപ്പിന്റെ വഴികള്‍
1. നീരവ് മോദി ഗ്രൂപ്പ് കമ്പനികൾക്ക് പിഎൻബി ശാഖയിൽ കറന്‍റ് അക്കൗണ്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലിയ വായ്പയെടുക്കാനുള്ള ജാമ്യത്തുകയോ സ്പെഷല്‍ സ്റ്റാറ്റസോ ഉണ്ടായിരുന്നില്ല.
2. ഇടപാടുകളൊന്നും കോർ ബാങ്കിങ് സിസ്റ്റം (സിബിഎസ്) വഴി നടത്താതിരുന്നതിനാൽ തട്ടിപ്പ് കണ്ടെത്താന്‍ വൈകി. ബാങ്ക് ശാഖകളെ ബന്ധിപ്പിക്കുന്ന സിബിഎസ് സംവിധാനത്തിൽ ചെറിയ ചില ഇടപാടുകൾ മാത്രം ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥൻ, വലിയ ഇടപാടുകളൊന്നും അതില്‍ വരാതിരിക്കാന്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തി.
3. വിദേശത്തെ ബാങ്ക് ശാഖകളുമായി നടത്തിയ മുഴുവന്‍ ആശയവിനിമയവും കോർ ബാങ്കിങ്ങിനു പുറത്തുള്ള ‘സ്വിഫ്റ്റ്’ സംവിധാനം വഴിയായിരുന്നു.
4. നീരവിന് പുറമെ അമ്മാവന്‍ മെഹുല്‍ ചോക്സി നയിക്കുന്ന ഗീതാഞ്ജലി ജെംസ്, ജിലി ഇന്ത്യ, നക്ഷത്ര എന്നീ കമ്പനികൾക്കും ഇതേ രീതിയിൽ അനധികൃത ജാമ്യരേഖകൾ നൽകി.
5. ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകൾക്ക് നൽകിയ ജാമ്യപത്രങ്ങൾ ഒരു വർഷത്തേക്ക് വജ്രം ഇറക്കുമതി ചെയ്യാനുള്ള വായ്പയായിരുന്നു. റിസർവ് ബാങ്ക് ചട്ടപ്രകാരം, ഇതിനായി അനുവദിക്കാവുന്ന സമയപരിധി 90 ദിവസം മാത്രമാണ്. നീരവും ചോക്സിയുടെ ഗീതാഞ്ജലി ജെംസും ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളിലെ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് തട്ടിപ്പ് മറച്ചുവച്ചത്.
6. നീരവ് മോദി – ഗീതാഞ്ജലി കമ്പനികൾ വായ്പയെടുക്കുമ്പോൾ വിദേശ ശാഖകളില്‍ നൽകിയ ഒരു രേഖയും പഞ്ചാബ് നാഷനൽ ബാങ്കിന് ലഭിച്ചിട്ടില്ല.
വ്യാജരേഖ ഉപയോഗിച്ച് എടുത്ത വായ്പകൾ ഇറക്കുമതി ബിൽ അടയ്ക്കാനോ മറ്റേതെങ്കിലും ബാങ്കുകളിലെ വിദേശ വായ്പ തിരിച്ചടയ്ക്കാനോ ആണ് ഉപയോഗിച്ചത്. കുറ്റക്കാരനായ ബാങ്ക് ഉദ്യോഗസ്ഥൻ വിരമിച്ചശേഷം, ഈ കമ്പനികൾ വീണ്ടും ജാമ്യരേഖയ്ക്കായി ശാഖയിലെത്തി. 110% മാർജിൻ ഇല്ലാതെ ജാമ്യം നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയപ്പോൾ, ഒരുപാടു കാലമായി തങ്ങൾക്ക് വിദേശ വായ്പയ്ക്കുള്ള ജാമ്യപത്രം കിട്ടുന്നുണ്ടെന്ന് കമ്പനികള്‍ വാദിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജ്യം നടുങ്ങിയ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്.
2018 മാര്‍ച്ച് പത്തിനാണ് പി.എന്‍.ബിയില്‍ നിന്ന് നീരവിന് ആദ്യത്തെ എല്‍.ഒ.യു ലഭിച്ചത്. തുടര്‍ന്നുള്ള 74 മാസത്തിനിടെ 1,212 വ്യാജ ജാമ്യപത്രങ്ങള്‍ നീരവ് ഉണ്ടാക്കിയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ജാമ്യപത്രങ്ങളില്‍ കൃത്രിമം കാട്ടി 280 കോടി രൂപ വജ്ര കമ്പനികള്‍ തട്ടിയെടുത്തെന്ന് പി.എന്‍.ബി 2018 ജനുവരിയില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കി. എന്നാല്‍ നാലുമാസത്തെ പരിശോധനയില്‍ തിരിച്ചറിഞ്ഞ ക്രമക്കേടുകള്‍ കണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ബാങ്കും ഞെട്ടി. 14,000 കോടി രൂപ നഷ്ടമായിരിക്കുന്നു. ലുക്ക്ഒൗട്ട് നോട്ടിസുകള്‍ക്കും ജപ്തി നടപടികള്‍ക്കും ശേഷം ഇതുവരെ ഇഡി നീരവ് മോദിയില്‍ നിന്ന് തിരിച്ചുപിടിച്ചത് 2,362 കോടി രൂപയുടെ സ്വത്ത് മാത്രം.
ആരാണ് നീരവ് മോദി?
തട്ടിപ്പ് പുറത്താകുംവരെ ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന ആഭരണവ്യാപാരിയും ഡിസൈനറുമായിരുന്നു നീരവ് മോദി. ഓസ്കറിലും ഗോള്‍ഡന്‍ ഗ്ലോബിലും ലോകപ്രശസ്തമായ അവാര്‍ഡ് നിശകളിലും പ്രമുഖതാരങ്ങള്‍ നീരവിന്‍റെ ആഭരണങ്ങള്‍ അണിഞ്ഞെത്തി. 2016 ല്‍ ന്യൂയോര്‍ക്കില്‍ നീരവ് തുടങ്ങിയ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയത് നവോമി വാട്സും ലിസ ഹെയ്ഡനുമടക്കമുള്ള പ്രമുഖരായിരുന്നു. ഡകോട്ട ജോണ്‍സനും താരാജി ഹെന്‍സനുമായുള്ള സൗഹൃദം വേറെയും. പ്രിയങ്ക ചോപ്രയായിരുന്നു നീരവ് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍. സിദ്ധാര്‍ഥ് മല്‍ഹോത്രയും പരസ്യ ചിത്രത്തില്‍ അഭിനയിച്ചു. തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രിയങ്ക അംബാസഡര്‍ സ്ഥാനമൊഴിഞ്ഞു. ഒരു വര്‍ഷം മുന്‍പേ ജ്വല്ലറിയുമായുള്ള കരാര്‍ അവസാനിച്ചിരുന്നുവെന്ന് സിദ്ധാര്‍ഥ് മല്‍ഹോത്രയും വിശദീകരിച്ചു.
ബല്‍ജിയത്തിലെ ആന്റ്‍വെര്‍പ് നഗരത്തില്‍ ജനിച്ച നീരവ് കുട്ടിക്കാലം മുതല്‍ വജ്രത്തിന്‍റെ തിളക്കം കണ്ടാണ് വളര്‍ന്നത്. അമേരിക്കയിലെ പെൻസിൽവേനിയയിലുള്ള വാർട്ടൻ സ്കൂളിലെ വിദ്യാഭ്യാസം പകുതിക്കുവച്ച് നിര്‍ത്തി നീരവ് വജ്ര ബിസിനസിലേക്ക് തിരിഞ്ഞു. മുംബൈയില്‍ തുടങ്ങിയ ഫയര്‍ സ്റ്റാര്‍ ഇന്‍റര്‍നാഷണലില്‍ നിന്ന് ചൈനയിലേക്കും വടക്കേ അമേരിക്കയിലേക്കും ‘നീരവ് മോദി ചെയിന്‍ ഓഫ് ഓഫ് ഡയമണ്ട് ജ്വല്ലറി' വ്യാപിച്ചു. 2017 ല്‍ ഫോബ്സിന്‍റെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ 57–ാം സ്ഥാനത്ത്. ഒടുവില്‍ വജ്രത്തിളക്കത്തില്‍ നിന്ന് സാമ്പത്തിക തട്ടിപ്പിന്‍റെ കുപ്രസിദ്ധിയിലേക്ക്. പി.എന്‍.ബി തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യ വിട്ടു. അഭയം തേടി ബ്രിട്ടനിലെത്തിയ നീരവ് അവിടെ ജയിലിലാണ്.