E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ചവർപാടത്തു നെൽകർഷകർ കൊയ്ത വിജയ പാഠം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു കാലത്ത് 13 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഉണ്ടായിരുന്നു നമ്മുടെ സംസ്ഥാനത്ത്. എന്നാൽ ഇന്ന് അത് വെറും 1,90,000 ഹെക്ടർ നെൽകൃഷിയിലേക്ക് ഒതുങ്ങി. നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന കൃഷിയാണ് നെൽകൃഷി എന്ന കർഷകരുടെ ചിന്തയും, പാടം നികത്തിയുള്ള വികസന നിർമാണ പ്രവർത്തനങ്ങളും, തൊഴിലാളികളുടെ ലഭ്യത കുറവും എല്ലാം കൃഷി ഉപേക്ഷിക്കാൻ കാരണങ്ങളായി. കൃഷി കുറഞ്ഞെങ്കിലും അരിയുടെ ഉപഭോഗം സംസ്ഥാനത്തു വർദ്ധിക്കുകയാണുണ്ടായത്. ഇന്ന് അരിക്കുവേണ്ടി അന്യസംസ്ഥാനങ്ങളുടെയും കേന്ദ്ര ഗവൺമെന്റിന്റെയും കനിവു കാത്തിരിക്കുകയാണ് നമ്മൾ. കൂടിയ വിലക്ക് മായം കലർന്ന കുത്തക കമ്പനികളുടെ അരി മേടിച്ച് ആഹരിക്കുവാൻ നമ്മൾ നിർബന്ധിതരാവുന്നു. 

ഇപ്പോൾ തിരിച്ചറിവിന്റെ പാതയിലാണ് നമ്മുടെ സംസ്ഥാനം. നാടുണർന്നു. കൂട്ടായ്മകൾ രൂപപ്പെട്ടു. 2016 വർഷം  സംസ്ഥാനമൊട്ടാകെ നെൽ വർഷമായി ആചരിച്ചു.  തരിശുനിലങ്ങളെ വീണ്ടും കൃഷിയോഗ്യമാക്കി.... ഇങ്ങനെ ഒരു നാടിന്റെ കൂട്ടായ്മയിലൂടെ  നേടിയ നെൽ കൃഷിയുടെ വിജയഗാഥയാണ് ഇന്നു നാട്ടുപച്ചയിൽ. 

ചവർപ്പാടം, ആലുവ ചൂർണ്ണിക്കര പഞ്ചായത്തിൽ ഒരു കാലത്ത് മൂന്ന് പൂ നെൽകൃഷി ചെയ്തിരുന്ന      പ്രശസ്തമായ പാടശേഖരം. നിത്യവും ലഭ്യമാകുന്ന ജലസേചന സൗകര്യം തന്നെയായിരുന്നു ഈ പാടശേഖരത്തിന്റെ ഏറ്റവും വലിയ ഐശ്വര്യം.  ഫലഭൂയിഷ്ഠമായ ചവർ  പാടത്ത് മൂന്ന് പൂ കൃഷിയിലും നൂറുമേനി കൊയ്തെടുക്കാത്ത കാലം ഉണ്ടായിരുന്നില്ലെന്ന് പഴമക്കാർ പറയും. കൃഷി ലാഭകരമാവാതെ വന്നതോടെ കർഷകർ പതുക്കെ നെൽകൃഷി ഉപേക്ഷിച്ചു.   നോക്കെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന പാടശേഖരം കാലക്രമേണ ചെറുതായി . തരിശു കിടന്ന പാടം കളകളും കാടും പിടിച്ചു.  പൊന്നു വിളഞ്ഞിരുന്ന ചവർപാടം കാലക്രമേണ പേര് അന്വർത്ഥമാക്കുന്ന പോലെ, മാലിന്യങ്ങളും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞ്  ചവറുകളുടെ പാടം മാത്രമായി. 

വിശാലമായ പാടശേഖരത്ത് കക്കൂസ്  മാലിന്യങ്ങളും അറവുശാലയിലെ അവശിഷ്ടങ്ങളും, ഗാർഹിക അവശിഷ്ടങ്ങളും കുന്നുകൂടി.  പരിസരത്തെ കിണറുകളിലെ ജലവിതാനത്തെയും  ശുദ്ധജലത്തിന്റെ നിലവാരത്തെയും  ബാധിച്ചു . പാടത്തിനു നടുവിലൂടെയുള്ള പഞ്ചായത്ത് റോഡിലൂടെ മൂക്ക് പൊത്താതെ ജനങ്ങൾക്ക് നടക്കാൻ കഴിയാതായി.

പൊതുജനങ്ങളുടെ പരാതികൾക്ക് മുമ്പിൽ എന്തു ചെയ്യുമെന്ന ആലോചനയുമായി പഞ്ചായത്ത് അധികൃതർ നിൽക്കുമ്പോഴാണ് നെൽവർഷ ആചരണത്തിന്റെ സാധ്യതകൾ ചവർപാടത്ത് നടപ്പാക്കിയാലോ എന്ന ആശയം കൃഷി ഓഫീസർ ജോൺ ഷെറി അവതരിപ്പിക്കുന്നത്.  തരിശുകിടക്കുന്ന നെൽപ്പാടങ്ങളിൽ കൃഷി ഇറക്കാൻ ധനസഹായമടക്കമുള്ള കാര്യങ്ങൾ ചെയ്തു തരാമെന്ന് 'ആത്മാ'  അധികൃതർ കൂടി വ്യക്തമാക്കിയതോടെ പ്രതീക്ഷകൾക്ക് ജീവൻ വച്ചു.

ചവർപാടത്തിന്റെ ശാപമോഷത്തിനായി കാൽ മുന്നോട്ട് വയ്ക്കുന്തോറും സങ്കീർണതകളും കുരുക്കുകളും കൂടി വന്നു. പ്രധാന പ്രശ്നം 15 ഏക്കർ പാടശേഖരം 32 ഭൂവുടമകളുടെ സ്ഥലമാണ്. കൃഷി ചെയ്യാനോ സ്ഥലം കൃഷിക്കായി വിട്ടുതരാനോ ആരും തയ്യാറല്ലായിരുന്നു. കാരണം  പാടശേഖരത്തിന്റെ കുറേ ഭാഗം മെട്രോ റയിലിന്റെ മുട്ടം യാർഡ്  നിർമ്മിക്കുന്നതിനു വേണ്ടി ഏറ്റെടുത്തിരുന്നു . അതു കൊണ്ട് തന്നെ ബാക്കിസ്ഥലവും നഷ്ടകൃഷി ചെയ്യാതെ  തരിശിട്ടാൽ കാലക്രമേണ ഉയർന്ന വിലക്ക് വിറ്റ് ഒഴിവാക്കാൻ കഴിയുമെന്ന് കർഷകരും കണക്ക് കൂട്ടി.

കർഷകരെ കാര്യങ്ങൾ വ്യക്തമായി ധരിപ്പിച്ചും പഞ്ചായത്ത് അധികൃതരുടെ നിരന്തര  സമർദത്തിലൂടെയും അവസാനം   ഭൂമി കൃഷിക്കായ് വിട്ടുതരാമെന്ന് കർഷകർ സമ്മതിച്ചു.  എങ്കിലും കടമ്പകൾ ബാക്കിയായിരുന്നു. ഭൂവുടമകൾക്ക് പാടത്ത് കൃഷിയിറക്കാൻ താൽപ്പര്യമില്ല, അപ്പോൾ നെൽ കൃഷി ആര് ഏറ്റെടുക്കും?. ഇത് ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. താമസിയാതെ അതിനും ഉത്തരമായി. പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്ന 17 യുവാക്കൾ ചേർന്ന് രൂപികരിച്ച സന്നദ്ധ സംഘടനയായ 'അടയാളം' പ്രവർത്തകർ ചവർപാടത്തിന്റെ ദുരവസ്ഥ കണ്ട്    ഈ പാടത്ത് നെൽകൃഷി ചെയ്യാൻ തയ്യാറാണെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകി. അതോടെ പ്രതീക്ഷകൾക്ക് ചിറകുകൾ ആയി.

തടസങ്ങളെല്ലാം മാറിയതോടെ തികച്ചും ശാസ്ത്രീയവും നൂതനവുമായ കൃഷി രീതികളാണ്

ചൂർണ്ണിക്കര കൃഷിഭവനിലെ കൃഷി ഓഫീസർ ജോൺ ഷെറി രൂപകൽപ്പന ചെയ്തത്. പദ്ധതിക്ക് കൃത്യമായ പ്ലാനും സമയക്രമവും തയ്യാറാക്കി. കൃഷിക്ക് തയ്യാറായി വന്ന അടയാളം പ്രവർത്തകർക്കും പാമ്പാക്കുട ഗ്രീൻ ആർമിയിലെ തൊഴിലാളി സംഘത്തിനും കൃഷിക്ക് ആവശ്യമായ പരിശീലനം ആദ്യമേ കൃഷി ഓഫീസർ  നൽകി. 16 വർഷമായി തരിശുകിടക്കുന്ന പാടത്തെ കൃഷിക്ക് യോജ്യമാക്കിയെടുക്കലായിരുന്നു  കർമ്മ പഥത്തിലെ ആദ്യഘട്ടം . കുന്നു കൂടിയ മാലിന്യങ്ങൾ പൂർണ്ണമായും ഫ്ളോട്ടിങ്ങ് ജെ സി ബി ഉപയോഗിച്ച് കോരി മാറ്റി. ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഇവിടെ നിന്ന് നീക്കം ചെയ്യപ്പെട്ടത്. തുടർന്ന് കാടും കളകളും യന്ത്രസഹായത്തോടെ പിഴുതു മാറ്റി. പല കളകൾക്കും രണ്ട് മീറ്റർ വരെ താഴ്ച്ചയിലായിരുന്നു വേരുകൾ . കളകളെല്ലാം നീക്കം ചെയ്തപ്പോൾ പഴയ പാടശേഖരം വീണ്ടും വർഷങ്ങൾക്കു ശേഷം തെളിഞ്ഞു വന്നു. 

മണ്ണറിഞ്ഞു വേണം കൃഷി. അതു കൊണ്ട് തന്നെ കൃഷി ഇറക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയായിരുന്നു അടുത്ത ഘട്ടം. മണ്ണ് പരിശോധന നടത്തിയപ്പോൾ കാൽസ്യം, മഗ്നീഷ്യം, എന്നിവ വളരെയധികം കുറവുള്ളതായി കാണപ്പെട്ടു. അതേ സമയം ഫോസ്ഫറസിന്റെയും, സിങ്കിന്റെയും, മാഗ്നീസീന്റെയും അളവ് കൂടുതലുമാണ് കാണപ്പെട്ടത്. മണ്ണിലെ സൂക്ഷ്മ മൂലകങ്ങളുടെ ഈ അളവിലെ വിത്യാസം അറിയാതെ തനതായ നാടൻ രീതിയിലാണ് കൃഷി ചെയ്തിരുന്നെങ്കിൽ 100 % വും പാളിപോകുമായിരുന്നു ഈ നെൽ കൃഷി. ഇതിനു പുറമെ മണ്ണിലെ ലവണാംശം വളരെ അധികരിച്ചു നിൽക്കുന്നതായും മണ്ണ് പരിശോധന  റിപ്പോർട്ടിൽ കാണപ്പെട്ടു. ജലസേചന സൗകര്യമുണ്ടായിരുന്നതുകൊണ്ട് പല തവണ  വെള്ളം പാടത്ത് നിറച്ച് ഒഴുക്കികളഞ്ഞാണ് ലവണാംശം പാകമാക്കിയെടുത്തത്. 

ട്രാക്ടർ ഉപയോഗിച്ചാണ് പാടം ഉഴുതുമറിച്ചത്. മാലിന്യങ്ങൾ നീക്കം ചെയ്യതെങ്കിലും കളകളുടെയും മറ്റും അവശിഷ്ടങ്ങൾ പാടത്ത്  പിന്നെയും ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ നിലം ഉഴുതുമറിക്കുന്ന സമയത്ത് ഒരു ഏക്കറിന് 100 കിലോ ഡോളോമേറ്റും 10 കിലോ യൂറിയയും കൂടി ചേർത്തിരുന്നു. രണ്ടാഴ്ച്ച പാടം വെറുതേ ഇട്ട ശേഷം വീണ്ടും 100 കിലോ ഡോളോമേറ്റ് ഒരേക്കറിന് എന്ന അനുപാതത്തിൽ വീണ്ടും വിതറി. ജൈവ അവശിഷ്ടങ്ങളെ പൂർണ്ണമായും  കമ്പോസ്റ്റ് ആക്കി മാറ്റാനാണ് ഈ നടപടി. 

കാഞ്ചന, ജ്യോതി എന്നീ നെൽവിത്തിനങ്ങളാണ് നടീലിനായി തിരഞ്ഞെടുത്തത്. ചകിരിചോറ് കമ്പോസ്റ്റിൽ ഡോളോമേറ്റും മൈക്കോ റൈസ എന്ന മിത്ര കുമിളും ചേർത്തിളക്കി ട്രേകളിലും മാറ്റ് നഴ്സറിയിലുമായിട്ടാണ് മുളപ്പിച്ച  വിത്ത് പാകിയത്. ഞാറിന്  കൂടുതൽ കരുത്ത് ലഭിക്കാനും കൂടുതൽ വേര് പിടിക്കാനും മിശ്രിതങ്ങൾ കൂട്ടി ചേർക്കുന്ന ഈ ശാസ്ത്രീയ രീതി സഹായിക്കും . ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഏ.പി.ഉദയകുമാറും ആത്മ പ്രൊജക്ട് ഡയറക്ടർ പുഷ്പ കുമാരിയും ചേർന്നാണ് വിത്ത് പാകൽ ഉദ്ഘാടനം ചെയ്തത്. 

അങ്ങനെ മാലിന്യ കൂമ്പാരമായിരുന്ന  ചവർപാടത്ത് പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്   നെൽ കൃഷി ഇറക്കുന്നതിന് വേണ്ടി വിത്ത് പാകി. 15 ദിവസങ്ങൾക്കു ശേഷം  ഞാറ് നടാൻ പാകമായി. നവംബർ 5ന്  ഞാറ് നടീൽ മഹോൽസവം വളരെ ആഘോഷപൂർവ്വം നാടൊന്നാകെ ഒത്തുചേർന്ന് നടത്തി. 

യന്ത്രസഹായത്തോടെ ഗ്രീൻ ആർമി പ്രവർത്തകരാണ് 15 ഏക്കറിലും ഞാറ് നട്ടത്. ആലുവ എം.എൽ.എ അൻവർ സാദത്തിന്റെ സാന്നിധ്യത്തിൽ കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ ഞാറ് നട്ടു കൊണ്ടാണ് നടീൽ ഉൽസവം  ഉൽഘാടനം ചെയ്തത്. കരുത്തോടെ ഞാറ് വളർന്നു . ചവർപാടം വർഷങ്ങൾക്കു ശേഷം നെൽച്ചെടിയുടെ പച്ചപ്പണിഞ്ഞു. എല്ലാ ദിവസവും പാടത്ത് സൂക്ഷ്മപരിശോധനകൾക്കായി കൃഷി ഓഫീസർ ജോൺ ഷെറി നേരിട്ടെത്തും.

കൃഷി മുന്നോട്ട് പോകുമ്പോഴും പ്രതിസന്ധികൾ പല രീതിയിൽ മുന്നോട്ട് വന്നു. വെള്ളം ഒഴുകി പോകാതെ പലയിടങ്ങളിലും കെട്ടി നിൽക്കുന്നതും ചില ഭാഗത്ത് വെള്ളം എത്താതും പ്രശ്നങ്ങളായി.

നെൽ കൃഷിയിലെ ഏതു പ്രതിസന്ധിയും ശാസ്ത്രീയമാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള കൃഷി ഓഫീസറുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ അടയാളം പ്രവർത്തകർക്ക് ആവേശമായി. അനുദിന പരിചരണങ്ങൾക്കായി അടയാളം പ്രവർത്തകരും രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ പാടത്ത് സജീവമായി. 

മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള കൃഷി ആയതു കൊണ്ട് തന്നെ വളപ്രയോഗത്തിലും ഗണ്യമായ കുറവ് വന്നു . സാധാരണ നെൽകൃഷിയുടെ രീതിയനുസരിച്ച് ഒരേക്കറിന് 50  കിലോ വളം ഉപയോഗിക്കുന്ന സ്ഥാനത്ത് 17 കിലോ വളം മാത്രമാണ് ഉപയോഗിക്കേണ്ടി വന്നത്. വളർച്ചയുടെ ഘട്ടങ്ങളനുസരിച്ച് മൂന്ന് പ്രാവശ്യമായാണ് വളപ്രയോഗം നടത്തിയത്. 

കുമിൾ രോഗങ്ങളെ പ്രതിരോധിക്കാൻ ഇടക്കിടെ സ്യൂഡോമോണിസ് നെൽചെടിയുടെ ഇലകളിൽ സ്പ്രേ ചെയ്തു നൽകി. ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണിസ് ലയിപ്പിച്ചാണ് സ്പ്രേ ചെയ്തത്. നെൽചെടിയുടെ  വളർച്ചയുടെ ഘട്ടങ്ങളിൽ ബാധിക്കുന്ന ഓലച്ചുരുട്ടി പുഴു, തണ്ടു തുരപ്പൻ എന്നിവയെ പ്രതിരോധിക്കാൻ ജൈവ മാർഗങ്ങളാണ് പാടശേഖരത്ത് അവലംബിച്ചത്. 

മിത്ര കീടങ്ങളുടെ മുട്ടകളടങ്ങിയ ട്രൈകോ കാർഡ്സ് 5 സെന്റിന് ഒരു കാർഡ് എന്ന കണക്കിൽ പാടശേഖരത്താകെ സ്ഥാപിച്ചു. മുട്ട വിരിഞ്ഞിറങ്ങുന്ന മിത്ര കീടങ്ങൾ ശത്രുകീടങ്ങളെ തിന്ന് നശിപ്പിച്ചാണ് പ്രതിരോധ സംവിധാനം തീർക്കുന്നത് . 15 ഏക്കറിലേക്കും കൂടി ഈ ജൈവ പ്രതിരോധ സംവിധാനത്തിന് ആകെ ചെലവ് വന്നത് 1350 രൂപയാണ്. രോഗങ്ങളും കീടങ്ങളും മാത്രമല്ല, മാലിന്യം വർഷങ്ങളായി കിടന്നിരുന്ന സ്ഥലമായിരുന്നതുകൊണ്ട് പക്ഷികളും എലികളും നെല്ലിന്റെ  ശത്രുക്കളായി പാടത്ത് എത്തി. ഇതിനും ജൈവ രീതിയിലുള്ള പ്രതിരോധ മാർഗമാണ് കൃഷി ഓഫീസർ ജോൺ ഷെറി കണ്ടെത്തിയത്.

നെൽച്ചെടികൾ കരുത്തോടെ വളർന്നു വന്നു. ജനങ്ങൾ മൂക്ക് പൊത്തി കൊണ്ട് മാത്രം നടന്നിരുന്ന ചവർപാടത്തിന് നടുവിലൂടെയുള്ള റോഡിലൂടെ ജനങ്ങൾ ശുദ്ധവായു ശ്വസിച്ച് നടക്കാൻ തുടങ്ങി. വിശാലമായ പാടശേഖരത്തിന്റെ പച്ചപ്പും സൗന്ദര്യവും ആസ്വദിക്കാൻ വഴിയോരങ്ങളിലൂടെ പാർക്ക് ബെഞ്ചുകൾ സ്ഥാപിക്കപ്പെട്ടു. സായന്തനങ്ങളിൽ ഇളം തലമുറകൾ അടക്കമുള്ളവർ പാടത്തിന്റെ ഭംഗി ആസ്വദിക്കാൻ എത്തി. ചുറ്റുപാടുമുള്ള കിണറുകളിലെ ജലലഭ്യത കൂടി. കിണർ വെള്ളം താനെ ശുദ്ധമായി മാറി... ഇങ്ങനെ ഒരു നെൽകൃഷി പ്രദേശത്തെയും, തലമുറകളെയും, ചുറ്റുപാടുകളെയും, പരിസ്ഥിതിയെയും ആകെ മാറ്റി. ചുറ്റുവട്ടത്തുള്ള സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ സംഘമായി നെൽകൃഷിയെ അടുത്തറിയാനും പഠിക്കാനുമായെത്തി. അധികൃതർ വരുംതലമുറക്ക് നെൽകൃഷിയുടെ പാoങ്ങൾ കാണിച്ചു കൊടുത്തും പറഞ്ഞു നൽകിയും മാതൃകയായി.

പൊൻ കതിരണിഞ്ഞ നെൽപാടങ്ങൾ വിളവെടുപ്പിന് പാകമായി. ഫെബ്രുവരി 16ന് പൊതുജന പങ്കാളിത്തതോടെ കൊയ്ത്തുത്സവം നടത്തിയപ്പോൾ  അത് ഒരു പ്രദേശത്തിന്റെ  ആഘോഷമായിരുന്നു. കൊയ്ത്ത് യന്ത്രങ്ങളുടെ സഹായത്തോടെയാണ് 15 ഏക്കറിലെ വിളവെടുപ്പ് നടത്തിയത്. ചാക്കുകളിലേക്ക് ശേഖരിക്കപ്പെട്ട നെല്ലിന്റെ അളവ് പ്രതീക്ഷിച്ചതിലും എത്രയോ അധികമായിരുന്നു.  നെൽകൃഷി വിളവെടുപ്പിന് സംസ്ഥാന തലത്തിൽ ഒരേക്കറിന് ലഭിക്കുന്ന വിളവിന്റെ നാല് ഇരട്ടി വിളവാണ് ചവർപാടത്ത് നിന്ന് കൊയ്തെടുത്തത്. കാഞ്ചന നെല്ലിന് ഹെക്ടറിന് 7.01 ടൺ വിളവ് ലഭിച്ചപ്പോൾ ജ്യോതി നെല്ലിന് ലഭിച്ചത് ഹെക്ടറിന് 9.68 ടണ്ണാണ്. തികച്ചും നൂതനവും ശാസ്ത്രീയവുമായ മാർഗങ്ങൾ അവലംബിച്ചതിനൊപ്പം  പാടത്ത്  വെള്ളം ഒരു സ്പോഞ്ചിലെന്ന പോലെ സദാ നിലനിർത്തുന്ന ജലസേചന രീതിയും വിളവ് വർദ്ധിക്കാൻ കാരണമായി.

ഭൂവുടമകളുമായുണ്ടാക്കിയ ധാരണയനുസരിച്ച് കൊയ്തെടുത്ത നെല്ലിന്റെ നാലിലൊന്ന് അവർക്ക് നൽകി. ബാക്കി നെല്ല് പുഴുങ്ങിയെടുത്ത് കുത്തി അരിയാക്കി മാറ്റി ചൂർണിക്കര അരി എന്ന പേരിൽ ബ്രാൻഡ് ചെയ്തിറക്കി. കൃഷിക്ക് ആത്മ വഴി സർക്കാരിന്റെ ധനസഹായമുണ്ടായിരുന്നതുകൊണ്ട് കൃഷിയിലെ ലാഭം അരിയുടെ വിലയിൽ കുറച്ച് നൽകിക്കൊണ്ട്, അരി പഞ്ചായത്തിലെ എല്ലാ കടുംബങ്ങൾക്കും നൽകി മറ്റൊരു ഉദാത്ത മാതൃക കൂടി സൃഷ്ടിച്ചു അധികൃതർ. സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് ചൂർണിക്കര അരിയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചത്. അരിയുടെ വിതരണ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ച് വിശദമായി മനസിലാക്കി. തുടർന്ന് ചവർപാടത്തെ ഈ നെൽകൃഷിയുടെ മാതൃകയെ  അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിലുടെ തന്റെ കുിപ്പ് ഇറക്കുകയും ചെയ്തു.

ആലുവ ചൂർണിക്കരയിലെ ചവർപാടത്തെ ഈ നെൽകൃഷി ഒരു മാതൃക മാത്രമല്ല വലിയൊരു സന്ദേശം കൂടിയാണ് സമൂഹത്തിന് പകർന്നു നൽകുന്നത്. ഒരുമയുണ്ടെങ്കിൽ , ഇച്ഛാശക്തിയുണ്ടെങ്കിൽ, ഒന്നും അസാധ്യമല്ല എന്ന മഹത്തായ സന്ദേശം .

ചവർപാടത്തെ ജനങ്ങളെ , കൃഷിയുടെ നൻമയെ സ്നേഹിക്കുന്ന അടയാളം എന്ന സന്നദ്ധ സംഘടനയിലെ പ്രവർത്തകർ, പദ്ധതിക്കു വേണ്ട പ്രോൽസാഹനങ്ങൾ നൽകിയ ആത്മയുടെ അധികൃതർ, ഇച്ഛാശക്തിയുള്ള പഞ്ചായത്ത് ഭരണാധികാരികൾ, ഒപ്പം ഈ വിജയത്തിന് ചുക്കാൻ പിടിച്ച സദാ കർമ്മ നിരതനായ  ജോൺ ഷെറി എന്ന കൃഷി ഓഫിസർ തുടങ്ങിയവർക്കാണ് ഇവിടെ നന്ദി പറയേണ്ടത്. ഇവരുടെ മഹത്തായ മാതൃകക്കും ഓർമ്മപ്പെടുത്തലിനും സന്ദേശത്തിനും.

ഈ നെൽ കൃഷിയുടെ വിജയ വഴികളെ കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹിക്കുന്നവർ ബന്ധപെടേണ്ട വിലാസം .

ജോൺ ഷെറി

കൃഷി ഓഫീസർ

ചൂർണിക്കര കൃഷിഭവൻ

ആലുവ , എറണാകുളം ജില്ല

ഫോൺ: 9447185944

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :