അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇഷ്ടഭക്ഷണം എന്തായിരിക്കും ? ഉത്തരം വൈറ്റ് ഹൗസിലെ ചീഫ് ഷെഫ് തന്നെ നേരിട്ട് മനോരമ ന്യൂസിനോട് പറഞ്ഞു. സ്വന്തം അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ കൊണ്ടൊരുക്കുന്ന എല്ലാ ഭക്ഷണവും ഒബാമയ്ക്ക് പ്രിയപ്പെട്ടതാണ്. വിവിധ രാഷ്ട്രത്തലവന്മാരുടെ പാചകവിദഗ്ധര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് വൈറ്റ് ഹൗസ് ചീഫ് ഷെഫ് ക്രിസ്റ്റേറ്റ കംഫഡ് പങ്കെടുത്തത്.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രിയപ്പെട്ട ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല ചീഫ് ഷെഫ് ക്രിസ്റ്റേറ്റ കംഫഡിനാണ്. ഒബാമ കുടുംബത്തിന്റെ ഇഷ്ടപ്പെട്ട രുചിക്കൂട്ടുകള്‍ ക്രിസ്്റ്റേറ്റയോളം വൈറ്റ് ഹൗസ് അടുക്കളയില്‍ മറ്റാര്‍ക്കുമറിയില്ല. അടുക്കളത്തോട്ടത്തില്‍ വിളയിച്ചെടുത്ത പച്ചക്കറികളാണ് വൈറ്റ് ഹൗസില്‍ പാചകത്തിന് ഉപയോഗിക്കുന്നത്.
രാഷ്ട്രത്തലവന്മാരുടെ പാചകവിദഗ്ധര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വൈറ്റ് ഹൗസിലെ അടുക്കളരഹസ്യങ്ങള്‍ ക്രിസ്റ്റേറ്റ കംഫഡ് വെളിപ്പെടുത്തിയത്. ചൈന , ജര്‍മനി , ഇറ്റലി , തുടങ്ങി ഇരുപത്തഞ്ച് രാഷ്ട്രങ്ങളിലെ തലവന്മാരുടെ പ്രധാനഷെഫുമാരും ക്രിസ്റ്റേറ്റയ്ക്ക് ഒപ്പമുണ്ട്. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ തനിക്ക് ഏറെയിഷ്ടം ദോശയാണെന്നും ക്രിസ്റ്റേറ്റ പറഞ്ഞു. രാഷ്ട്രത്തലവന്മാരുടെ പാചകവിദഗ്ധര്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് ഇതാദ്യമായാണ് ഇന്ത്യ വേദിയാകുന്നത്.
സാമൂഹികസേവനം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചാരിറ്റി വിരുന്നില്‍ നിന്ന് ലഭിക്കുന്ന പണം ഇന്ത്യയിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും. താജ്മഹലും ജയ്പൂരും സന്ദര്‍ശിച്ച ശേഷം വെള്ളിയാഴ്ച പാചകസംഘം ഇന്ത്യയില്‍ നിന്ന് മടങ്ങും.