ഇറാനുമായുളള ആണവക്കരാറില്‍ നിന്ന് ഏതുസമയത്തും അമേരിക്ക പിന്മാറുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറിന്റെ അന്തസത്തയ്ക്കൊത്ത് ഉയരാന്‍ ഇറാന് കഴിഞ്ഞില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ ട്രംപ് വിചാരിച്ചാല്‍ കരാറില്‍ നിന്ന് പിന്മാറാന് കഴിയില്ലെന്ന് ഇറാനും തിരിച്ചടിച്ചു.
യു.എസ് നയങ്ങളിലെ സുപ്രധാന ദിശാമാറ്റം കൂടിയാണ് ഇൗ പ്രഖ്യാപനത്തിലൂടെ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ആണവാകരാറിന്റെ അന്തസത്തയ്ക്കനുസരിച്ച് ഉയരാന്‍ ഇറാന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കരാറില്‍ നിന്ന് അമേരിക്ക ഏതുസമയത്തും പിന്മാറുമെന്ന് ട്രംപ് വ്യക്തമാക്കി. കരാറുകളില്‍ വച്ച് എറ്റവും മോശമായ കരാറാണിത്. ഇറാനുമേല്‍ വീണ്ടും ഉപരോധം കൊണ്ടുവരുന്ന കാര്യം അമേരിക്കന്‍ കോണ്‍ഗ്രസ് പരിശോധിക്കും. എന്നാല്‍ കരാറില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 60 ദിവസത്തെ സമയമാണ് യു.എസ് കോണ്‍ഗ്രസിന് ട്രംപ് നല്‍കിയിരിക്കുന്നത്.
അതേസമയം ട്രംപിന് മറുപടിയുമായി ഇറാന് രംഗത്തെത്തി. ആണവകരാര്‍ സംബന്ധിച്ച് യാതൊരു ആശങ്കയുമില്ലെന്നും ട്രംപ് വിചാരിച്ചാല്‍ കരാര്‍ തകര്‍ക്കാന്‍ കഴിയില്ലെന്നും ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു.
ട്രംപിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇറാന് എന്നും ഭീകരവാദത്തിനെതിരാണെന്നും പ്രതിരോധത്തിന് മാത്രമേ ആയുധം ഉപയോഗിക്കാറുള്ളൂവെന്നും റൂഹാനി വ്യക്തമാക്കി. ഇറാന് ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. 2015 -ലാണ് ഇറാനും അമേരിക്കയും ആണവകരാറില്‍ ഒപ്പിടുന്നത്. യു.എസിനെ കൂടാതെ യൂറോപ്യന്‍ യൂണിയനും ബ്രിട്ടണ്, ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമാണ്.