ഹെഡ്ഫോൺ പൊട്ടിത്തെറിച്ചു യുവതിക്കു ഗുരുതര പരുക്ക്. ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ സഞ്ചരിക്കുകയായിരുന്ന വനിതയ്ക്കാണ് അപകടംപറ്റിയത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെഡ്ഫോൺ കത്തി പൊട്ടിത്തെറിക്കുകയായിരുന്നു.
ബീജിങ്ങിൽനിന്ന് മെൽബണിലേക്കുള്ള വിമാനത്തിലാണ് അപകടമുണ്ടായത്. കഴിഞ്ഞ 19ാം തിയതിയാണു സംഭവം. സംഗീതം ആസ്വദിച്ചിരുന്ന പെൺകുട്ടി ഉപയോഗിച്ചിരുന്ന ഹെഡ്ഫോൺ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഹെഡ്ഫോൺ കഴുത്തിലൂടെ ചുറ്റിയിരുന്നതിനാൽ മുഖത്തിന്റെ ഒരു വശം വലിയ തോതിൽ പൊള്ളി.
ശബ്ദംകേട്ട് ഓടിയെത്തിയ ഫയർ അറ്റൻഡന്റുമാർ വെള്ളം ഒഴിച്ചു തീയണച്ചു. യുവതിയുടെ മുഖത്തും കഴുത്തിലും കയ്യിലും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം നടത്തുന്നുണ്ട്.
നേരത്തെ, വിമാന യാത്രയ്ക്കിടെ നിരവധി യാത്രക്കാരുടെ കയ്യിലിരുന്ന് സാംസങ് നോട്ട് 7 സ്മാർട്ട് ഫോണുകൾക്കു തീപിടിച്ചതു വലിയ വാർത്തയായിരുന്നു. ബാറ്ററി തകരാറുകാരണമായിരുന്നു ഇതും സംഭവിച്ചത്. ഇതേത്തുടർന്ന് ഈ മോഡൽ ഫോൺ വിമാനങ്ങളിൽ ഉപയോഗിക്കുന്നതു പല രാജ്യങ്ങളും വിലക്കിയിരുന്നു. പിന്നീട് കമ്പനിതന്നെ ഈ മോഡൽ വിപണിയിൽനിന്നു പിൻവലിക്കകയും ചെയ്തു.