പുലരും വരെ ഭക്ഷണം രുചിച്ചു നടക്കാനുള്ള ഇടമാണ് ബെംഗളൂരു കോറമംഗലയിലെ റമദാൻ ഫൂഡ് ബസാർ. വൈകുന്നേരങ്ങളിൽ സജീവമാകുന്ന തെരുവിൽ നോമ്പാരംഭം വരെ രുചികാഴ്ചകൾ തുടരും. അഞ്ചുമണിയോടെ കോറമംഗലയിലെ റമദാൻ ബസാർ നോമ്പുതുറ വിഭവങ്ങൾ വാങ്ങാനെത്തുന്നവരാൽ നിറയും. അൽപം കൂടി കാത്തിരുന്നാൽ കാണാം ജാതി മത ദേശ വ്യത്യാസങ്ങൾക്കപ്പുറം ഭക്ഷണം ഒരു സമൂഹത്തെ ഒന്നിപ്പിക്കുന്നത്. മലബാർ രുചി മുതൽ അറബ് വിഭവങ്ങൾ വരെ രുചിച്ചവരുടെ ചിരി നിറഞ്ഞ മുഖംകാണാം തെരുവിലാകെ.
വീടുകളിൽ പാകം ചെയ്തു വിഭവങ്ങൾ വിൽപനക്കു കൊണ്ടുവരുന്നവർ മുതൽ വൻകിട ഹോട്ടലുകളുടെ വരെ സ്റ്റാളുകളുണ്ട്. ബെംഗളൂരു കോർപറേഷന്റെ പിന്തുണ ഓടെയാണ് വ്യാപാരികളുടെ കൂടായ്മ കോറമംഗല അഞ്ചാം ബ്ലോക്കിൽ ഫൂഡ് ബസാർ ഒരുക്കിയിരിക്കുന്നത്. മുൻവർഷങ്ങളിൽ റംസാൻ കാലത്ത് നിരവധി ഭക്ഷണ തെരുവുകൾ ബംഗളുരുവിൽ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ കോറമംഗലയിലെ നടത്താൻ മാത്രമാണ് നഗരസഭാ അനുമതി നൽകിയത്.