എബിവിപി നേതാവില്‍ നിന്ന് മാനഭംഗഭീഷണി നേരിട്ട ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി എബിവിപിക്കെതിരായ തുടര്‍സമരത്തില്‍ നിന്ന് പിന്മാറി. പേടിച്ചല്ല പിന്മാറുന്നതെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞെന്നും ഗുര്‍മെഹര്‍ കൗര്‍ വ്യക്തമാക്കി. ഗുര്‍മെഹറിന്റെ പരാതിയില്‍ എബിവിപി നേതാവിനെതിരെ പൊലീസ് കേസെടുത്തു.
ഡല്‍ഹി രാംജാസ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എബിവിപി വിരുദ്ധചേരിയെ അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഗുര്‍മെഹര്‍ കൗറിനെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി വന്നത്. കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹര്‍ പാകിസ്ഥാനല്ല, യുദ്ധമാണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് ചെയ്തിരുന്നു. ഇതേച്ചൊല്ലി ബിജെപിയും പ്രതിപക്ഷവും തമ്മില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍ കനത്തതോടെയാണ് എബിവിപിക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണത്തില്‍ നിന്ന് ഗുര്‍മെഹര്‍ പിന്മാറിയത്. കാംപയ്ന് തനിക്കുവേണ്ടിയായിരുന്നില്ല വിദ്യാര്ഥികള്ക്കുവേണ്ടിയാണെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും ഗുര്‍മെഹര്‍ അറിയിച്ചു. ഇന്റര്‍നെറ്റില്‍ അപമാനിച്ചവര്‍ക്കെതിരെ ഗുര്‍മെഹര്‍ നല്കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു.
അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടിയും എബിവിപി അക്രമത്തിനെതിരെയും ഇന്നും ഡല്‍ഹി സര്‍വകലാശാലയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും പ്രകടനം നടത്തി. നിരാഹാരം അനുഷ്ഠിച്ചാണ് എന്എസ്യു പ്രതിഷേധിച്ചത്.