ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിലെത്തുമ്പോള് തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. രാത്രി എട്ട് മണിക്ക് ബംഗ്ലൂരുവിലാണ് മല്‍സരം
ടൂര്‍ണമെന്റിന്റെ പകുതിയിലധികം കരുത്തരായി മുന്നേറിയെങ്കിലും എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ സമ്മര്‍ദ്ദത്തിന്റെ പിടിയിലാണ് നൈറ്റ് റൈഡേഴ്സ്. കാരണം വ്യക്തമാണ്. ലീഗ് ഘട്ടത്തിലെ അവസാന അഞ്ചെണ്ണത്തില്‍ ഒന്നില്‍ മാത്രമാണ് കൊല്‍ക്കത്ത വിജയിച്ചത്. അതും ദുര്‍ബലരായ റോയല്‍ ചലഞ്ചേഴ്സിനെതിരെ. കത്തിക്കയറിയിരുന്ന ബാറ്റിങ്നിരയുടെ പരാജയമാണ് ഗംഭീറിനെ വലയ്ക്കുന്നത്. ഉത്തപ്പ, ക്രിസ് ലിന്, സുനില്‍ നരേന്. ഈ മൂവര്‍സംഘത്തിന്റെ പ്രകടനം നിര്‍ണായകമാകും. കൊല്‍ക്കത്തയുടെ ബൗളര്‍മാരും സ്ഥിരത പുലര്‍ത്തിയിട്ടില്ല. മറുവശത്ത് ഉശിരന്‍ ഫോമിലാണ് സണ്‍റൈസേഴ്സ്. ടൂര്‍മമെന്റിലെ റണ്‍വേട്ടയില്‍ മുന്നിലുള്ള ഡേവിഡ് വാര്‍ണറും വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള ഭുവനേശ്വര്‍ കുമാറും സണ്‍റൈസേഴ്സിന് സൂര്യശോഭ പകരുന്നു. നെഹ്റയില്ലെങ്കിലും ഭുവിക്കൊപ്പം അണിനിരക്കുന്ന മുഹമ്മദ് സിറാജും സിദ്ദാര്‍ഥ് കൗളും റാഷിദ് ഖാവും ഹൈദരാബാദ് ആക്രമണത്തിന് വൈവിധ്യം നല്കുന്നു. തപ്പിതടയുന്ന കൊല്‍ക്കത്തയും കുതിച്ച് പറക്കുന്ന ഹൈദരാബാദും ക്വാളിഫയറിലെത്താന്‍ ഏറ്റുമുട്ടുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം. തുലാസില്‍ സണ്‍റൈസേഴ്സിനാണ് മേല്‍ക്കൈ.