ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത - പുണെ പോരാട്ടം. സൂപ്പര്‍ ജയന്റിനെ തോല്‍പ്പിക്കാനായാല്‍ നൈറ്റ് റൈഡേഴ്സിന് ഇന്ന് പ്ലേ ഓഫ് ഘട്ടം ഉറപ്പാക്കാം. രാത്രി എട്ട് മണിക്ക് കൊല്‍ക്കത്തയിലാണ് മല്‍സരം
ഡേവിഡ് വാര്‍ണറെന്ന ഒറ്റയാന് ചവിട്ടി മെതിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഇന്ന് പുണെയ്ക്കെതിരെ ഇറങ്ങുന്നത്. പുണെയാവട്ടെ ഗുജറാത്ത് ലയണ്സിനേയും റോയല്‍ ചലഞ്ചേഴ്സിനേയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലും. ഈ സീസണിലെ കൊല്‍ക്കത്തയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഹൈദരാബാദിനെതിരെ. മുന്‍നിരയെ അമിതമായി ആശ്രയിക്കുന്നുവെന്നതാണ് നൈറ്റ് റൈഡേഴ്സ് നേരിടുന്ന പ്രശ്നം.
ഉത്തപ്പയൊഴികെയുള്ള ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടതിന്റെ ഫലമായിരുന്നു വമ്പന്‍ തോല്‍വി. വിക്കറ്റ് വേട്ടയിലും കൊല്‍ക്കത്തയ്ക്ക് സ്ഥിരതയില്ല. എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ പരാധീനതകളെല്ലാം മാറ്റിവച്ച് പോരാടാനിറങ്ങാന്‍ നൈറ്റ് റൈഡേഴ്സിനാവും. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 7 വിക്കറ്റിന് പരാജയപ്പെടുത്തിയതിന് പകരം വീട്ടാനാണ് സ്റ്റീവ് സ്മിത്തിന്റെ സംഘത്തിന്റെ ശ്രമം.
ആ തോല്‍വിക്ക് ശേഷം അതിഗംഭീരമായി തിരിച്ചെത്തിയ പുണെ പിന്നീട് തോറ്റിട്ടില്ല. മുന്നിയും മധ്യനിരയും ആവശ്യത്തിന് മികവ് കാട്ടിത്തുടങ്ങിയിട്ടുമുണ്ട്. ഗുജറാത്തിനെതിരെ സെഞ്ചുറിയുമായി കത്തിക്കയറിയ ബെന്‍ സ്റ്റോക്സിലാവും ഇന്ന് ഏവരുടേയും ശ്രദ്ധ. ഒപ്പം ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുകളും ഇന്ന് കൊല്‍ക്കത്തയില്‍ പ്രതീക്ഷിക്കാം. ക്രിക്കറ്റിന്റെ ഏദന്‍ തോട്ടത്തില്‍ നിന്നും ലഭിക്കുന്ന 2 പോയിന്റ് അത് കൊല്ക്കത്തയ്ക്കാണെങ്കില് ഇന്ന് തന്നെ അവര്‍ പ്ലേ ഓഫ് ഉറപ്പിക്കും, മറിച്ച് പുണെയ്ക്കാണെങ്കില് ഒരു ജയമകലെയാകും സൂപ്പര്‍ ജയന്റിന്റെ മുന്നേറ്റം.