ജൈവകൃഷിയിൽ നേട്ടം കൊയ്ത് കോഴിക്കോട് നന്മണ്ട എഴുകുളം സ്വദേശി അജിത് കുമാർ. വിഷമില്ലാത്ത ഭക്ഷണമെന്ന സ്വപ്നമാണ് ഈ കാർഷികവിജയത്തിനുപിന്നിൽ.
മായമില്ലാതെ വയറുനിറയ്ക്കാൻ വേണ്ടതെല്ലാം വിളയുന്നുണ്ട് ഈ രണ്ടരയേക്കറിൽ.പാവൽ,പടവലം,മത്തൻ,കുമ്പളം,തണ്ണിമത്തൻ എന്നിവയെല്ലാം രാസകീടനാശിനികളാൽ കളങ്കപ്പെടാത്തവ. കുലച്ചുനിൽക്കുന്ന ഏത്തവാഴകളും ചീരയിനങ്ങളും വിഷുക്കാലമാകുമ്പോൾ വിളവെടുക്കാൻ പാകമായി വരുന്ന കണിവെള്ളരികളുമെല്ലാം സമൃദ്ധം. മലയാളികൾ ഭക്ഷണക്കാര്യത്തിൽ മാറി ചിന്തിച്ചുതുടങ്ങിയതാണ് അജിതിനെപ്പോലുള്ള ജൈവ കർഷകർക്ക് ഗുണമായത്.
സിവിൽ എഞ്ജിനീയർ കൂടിയായ അജിത് വർഷങ്ങളായി മുഴുവൻ സമയകർഷകനാണ്. മറ്റേത് തൊഴിലിനെക്കാൾ സംതൃപ്തി നൽകിയത് മണ്ണിൽപണിയെടുക്കുന്നതാണെന്ന് അനുഭവം.അതിരാവിലെ മണ്ണിലേക്കിങ്ങുമ്പോൾ സഹായിയായി കർഷകനായ ഉണ്ണിനായരുമുണ്ടാകും. ദിവസവും ഇവിടെ വിളയുന്ന കാർഷികവിഭവങ്ങൾ തേടി തൊട്ടടുത്ത പ്രദേസങ്ങളിൽ നിന്നെല്ലാം ആളുകളെത്തും. കൃഷി മികവിന് നിരവധി പുരസ്കാരങ്ങളും ഈ കർഷകനെ തേടിയെത്തിയിട്ടുണ്ട്.