കര്‍ഷകക്കൂട്ടായ്മയില്‍ കോഴിക്കോട് വേങ്ങേരിയില്‍ വീണ്ടും ജൈവപച്ചക്കറി കൃഷി. വേങ്ങേരി മാര്‍ക്കറ്റിനകത്ത് ഉപയോഗശൂന്യമായിക്കിടന്ന സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്.
ഒരുനാടിന്റെ മുഴുവന്‍ കൂട്ടായ്മയും സമര്‍പ്പണവുമാണ് ഇങ്ങനെയൊരു ദൗത്യത്തിനു പിന്നില്‍. കാടുമൂടിക്കിടന്ന ഒരേക്കറോളം സ്ഥലം വെട്ടിത്തെളിച്ചാണ് ഒരു ഗ്രാമത്തിനുവേണ്ട പച്ചക്കറികള്‍ കൃഷിചെയ്യുന്നത്. കാര്‍ഷിക മിത്ര ഫാര്‍മേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. കൃഷിയിടത്തില്‍ പ്രത്യേകം കള്ളികളുണ്ടാക്കി അതിനുമുകളില്‍ ഈക്കാണുന്നതുപോലെ ഷീറ്റുകള്‍ വിരിക്കും. ഇതില്‍ ദ്വാരങ്ങളിട്ടാണ് വിത്തിടുക. പഞ്ചഗവ്യം, മല്‍സ്യം, ശര്‍ക്കര, എല്ലുപൊടി, കോഴിവളം തുടങ്ങി തികച്ചും ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. വളം പത്തുമിനിറ്റിനകം മുഴുവന്‍ കൃഷിയിടത്തേക്കും എത്തിക്കുന്ന വെഞ്ചുരി എന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.
കണികജലസേചനത്തിലൂടെയാണ് നനയ്ക്കുക. സെറ ഇനത്തില്‍പ്പെട്ട പച്ചമുളക്, വെണ്ടയ്ക്ക, വഴുതിന, തണ്ണിമത്തന് എന്നിവയാണ് ആദ്യഘട്ടത്തില്‍ കൃഷിചെയ്യുന്നത്. പച്ചക്കറികള്‍ വിഷുവിന് മുമ്പ് വിളവെടുത്ത് ന്യായവിലയില്‍ വില്‍ക്കാനാണ് കര്‍ഷകരുടെ തീരുമാനം.