തരിശുനിലത്ത് വിജയകരമായി ജൈവപച്ചക്കറി കൃഷി ചെയ്ത് കര്‍ഷക കൂട്ടായ്മ. പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലാണ് ഒന്‍പതര ഏക്കറിലെ പച്ചക്കറി ഉല്പാദനം. സ്വന്തമായി വിപണനവും നടത്തിയാണ് ഇവര്‍ നേട്ടം കൊയ്യുന്നത്.
തരിശുനിലത്തെ വിളവിന്റെ മേനിയാണ് ഈ കൂട്ടായ്മയുടെ വിജയത്തിന്റെ അളവുകോല്‍. അഞ്ചരയേക്കറില്‍ പടര്‍ന്നു കിടക്കുന്ന പച്ചക്കറിപ്പാടം. പയര്‍ , പാവല്‍ , വെണ്ട, വെള്ളരി എന്നുവേണ്ട നട്ടതിനെല്ലാം നൂറുമേനി വിളവ്. നാലേക്കേറിലെ വാഴകൃഷി പുരോഗമിക്കുന്നു. എഴുമറ്റൂര്‍ പഞ്ചായത്തിന്റെ സഹായത്തോടെ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തരിശുനിലത്ത് കൃഷി ആരംഭിച്ചത്. കൃഷിവകുപ്പിന് കീഴില്‍ പത്ത് കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് ഹരിതസംഘമെന്ന പേരിലാണ് പ്രവര്‍ത്തനം. ഉല്പന്നങ്ങളുടെ വിപണനത്തിന് സ്വന്തമായി സ്റ്റാളും ഇവര്‍ ക്രമീകരിച്ചിട്ടുണ്ട്. ഹരിതസംഘത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് പഞ്ചായത്ത് പ്രസിഡന്റും പറഞ്ഞു.
കര്‍ഷകസംഘം രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമങ്ങളും അവസാന ഘട്ടത്തിലാണ്. മഴ പെയ്തുകഴിഞ്ഞാല്‍ വെള്ളക്കെട്ടുണ്ടാകുന്നുവെന്നതാണ് നിലവില്‍ ഈ കര്‍ഷക കൂട്ടായ്മ നേരിടുന്ന പ്രധാന വെല്ലുവിളി. ഇവര്‍ പാട്ടത്തിനെടുത്തിരിക്കുന്ന സ്ഥത്തിന്റെ താഴേക്കുള്ള ഭാഗത്ത് കൈത്തോടുകള്‍ മണ്ണിട്ട് നികത്തിയ നിലയിലാണ്. ഇതാണ് വെള്ളക്കെട്ടിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.