ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ അങ്കമാലി സ്വദേശി ചക്കര ജോണി രാജ്യംവിട്ടതായി സൂചന. കൊച്ചിയിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുമായി ജോണിക്ക് ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ പഴയ ബിസിനസ് പങ്കാളി കൂടിയാണ് പൊലീസ് തിരയുന്ന ചക്കര ജോണി. കൊച്ചിയിലെ ഭൂമിയിടപാടുകളില്‍ കുപ്രസിദ്ധനാണ്. അഡ്വാന്‍സ് നല്കി ഭൂമി കരാറെഴുതി തീറിന് മുമ്പേതന്നെ മറിച്ചുവിറ്റ് കോടികള്‍ കൊയ്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകരാനാണ് ജോണി.
കൊച്ചിയിലെ വനിതാ രാഷ്ട്രീയ നേതാവിന്റെ ഉറ്റബന്ധുവും. ഭൂമിയിടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാഷ്ട്രീയ, പൊലീസ് സ്വാധീനം ഉപയോഗിക്കുകയാണ് ചക്കര ജോണിയുടെ പതിവ്. കൊലപാതകത്തിന് ശേഷം ഉടനെതന്നെ രാജ്യംവിട്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഓസ്ട്രേലിയ, യു.എ.ഇ., തായ്ലന്ഡ് രാജ്യങ്ങളുടെ വീസയുണ്ട്. ദുബൈയില്‍ ബിസിനസ് സാമ്രാജ്യമുണ്ടെന്നും വിവരം ലഭിച്ചു. ജോണിയും അഭിഭാഷകന് കെ.പി.ഉദയഭാനുവും വധഭീഷണി മുഴക്കിയെന്ന് കാട്ടിയാണ് കൊല്ലപ്പെട്ട രാജീവ് നേരത്തെ ഹൈക്കോടിതിയില്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
എന്നാല്‍ നെടുമ്പാശേരി പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നാണ് രാജീവിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. രാജീവിനെ കൊല്ലാന്‍ മൂന്നു പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതില്‍ ഒരാളാണ് മുങ്ങിയ ചക്കരജോണി. കേസില്‍ ആരോപണ വിധേയനായ അഭിഭാഷകന് സി.പി.ഉദയഭാനുവിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.