പത്തനംതിട്ട അയിരൂര്‍ ചിറപ്പുറത്ത് ഭര്തൃസഹോദരന് അറുപതുകാരിയെ അടിച്ച് കൊലപ്പെടുത്തി. ചിറപ്പുറത്ത് അമ്മിണി തോമസാണ് മരിച്ചത്. മാലിന്യം ഇടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
രാവിലെ ഏഴരയോടെയാണ് അമ്മിണി തോമസിനെ ഭര്തൃസഹോദരന് മാത്യു ആക്രമിച്ചത്. വീടിനടുത്തുള്ള റോഡില്‍വച്ച് മരക്കമ്പ് ഉപയോഗിച്ചായിരുന്നു ആക്രമണം. തലയില്‍ ഗുരുതരമായി പരുക്കേറ്റ അമ്മിണി സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്ന് മാത്യുവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അമ്മിണി തോമസിന്റെ ഭര്‍ത്താവ് മരിക്കുന്നതിന് മുന്‍പുതന്നെ ഇരുവീട്ടുകാരും തമ്മില്‍ അതിര്‍ത്തിയെച്ചൊല്ലി തര്‍ക്കം ഉണ്ടായിട്ടുണ്ട്. മാലിന്യം തള്ളുന്നുവെന്ന മാത്യുവിന്റെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.