കുളിരുമായ് സോളർ

Thumb Image
SHARE

പോയ വാരം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക നിയമസഭയില്‍ ഒരു നാറ്റക്കേസ് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടായി വന്നതിന്റെ പേരിലായിക്കും. മലയാളിയുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു ആ ദിവസം. രജനീ കാന്തിന്റെ സിനിമക്കായി തമിഴ് ഫാന്‍സ് പോലും ഇങ്ങനെ കാത്തിരുന്നിട്ടില്ല. ആ പടം അങ്ങനെ ഒമ്പതാം തീയതി റിലീസായി 

ഒരു കൊച്ചു പുസ്തകത്തിന്റെ നിലവാരമുള്ള വലിയ പുസ്തകമാണ് ഈ സൊളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. അതില്‍ വേറെ ഒന്നും ഇല്ലേ എന്ന് ചോദിക്കരുത്. പണമിടപാട്, വാഗ്ദാന ലംഘനം, അന്വേഷണമട്ടിമറിക്കല്‍ അങ്ങനെ എന്തൊക്കെയോ ഉണ്ട്. പക്ഷേ, മലയാളികള്‍ക്ക് അതിനെ ഒരു അഡല്‍സ് ഒണ്‍ലി റിപ്പോര്‍ട്ടായി കാണാനാണിഷ്ടം. റിപ്പോര്‍ട്ട് വരും മുമ്പ് തന്നെ തലയിലിടാന്‍ കോണ്‍ഗ്രസുകാര്‍ മുണ്ടുകള്‍ വാങ്ങിക്കൂട്ടിയിരുന്നു. സത്യത്തില്‍ കേരളത്തിന്റെ തലയില്‍ ഒരൊറ്റ മുണ്ടിട്ട് മൂടാന്‍ പറ്റുമായിരുന്നെങ്കില്‍ അതായിരുന്നു നല്ലത് 

മലയാളിയുടെ മനസറിഞ്ഞ പോലെയാണ് ആ റിപ്പോര്‍ട്ട് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് റിപ്പോര്‍ട്ടിറങ്ങി സൈറ്റിലിട്ടതും ജനം ഇടിച്ചു കയറി സര്‍ക്കാര്‍ സൈറ്റൊക്കെ ഹാങ്ങായിപ്പോയത്. റിപ്പോര്‍ട്ട് വായിക്കാന്‍ ഒരു ഫീസേര്‍പ്പെടുത്തുകയോ ഓരോ പേജിനും പരസ്യം പിടിക്കുകയോ ചെയ്യാമായിരുന്നു. എങ്കില്‍ നോട്ടുനിരോധനവും ജിഎസ്ടിയും കാരണം സര്‍ക്കാരിനുണ്ടായി എന്ന് തോമസ് ഐസക് പറയുന്ന ധനനഷ്ടം പരിഹരിച്ച് കിട്ടിയേനെ. സര്‍ക്കാരിന്റെ മുദ്രയിലുള്ള ആനകള്‍ വരെ ആ റിപ്പോര്‍ട്ടിലെ ഉള്ളടക്കം കണ്ട് നാണിച്ചു പോയെന്നാ കേട്ടത് 

ഈ റിപ്പോര്‍ട്ടുണ്ടാക്കാന്‍ സര്‍ക്കാരിന് എത്രയോ കോടി രൂപ ചെലവായി എന്നാണ് കേള്‍ക്കുന്നത്. എത്ര ചെലവായാലും ഒരു കുഴപ്പവും ഇല്ല. കാരണം ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സഹപ്രവര്‍ത്തകരും പാര്‍ട്ടിക്കാരും ഒക്കെ ചേര്‍ന്ന് ഒരു സംവിധാനത്തിന്റെ തുണിയുരിഞ്ഞ് വില്‍ക്കാന്‍ വച്ചതിന്റെ ഗംഭീരകഥയാണ് ആ റിപ്പോര്‍ട്ടിലുള്ളത്. നമ്മള്‍ വോട്ടു ചെയ്ത് , നമ്മള്‍ ചെല്ലും ചെലവും കൊടുത്ത് പോറ്റുന്ന ഭരണവര്‍ഗം കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണെന്ന് അറിയാന്‍ നമുക്ക് അവകാശമുണ്ട്. അതിനായി ഇനി കുറച്ച് കൂടി കോടികള്‍ മുടക്കിയാലും സാരമില്ല. പക്ഷേ, ബാക്കി അന്വേഷണവും കൂടി നടത്തണം. ഉമ്മന്‍ ചാണ്ടിക്കാണ് ഏറ്റവും കനത്ത അടികിട്ടിയിരിക്കുന്നത്. ഒന്ന് തല നിവര്‍ത്തിയെടുക്കാന്‍ കുറച്ച് പാടുപെടും 

അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ തന്നെ ആ തീരുമാനമങ്ങെടുക്കണം. സരിതയെ അറിയില്ല. കണ്ടിട്ടില്ല. കേട്ടിട്ടില്ല എന്ന് പലതവണ പറഞ്ഞത് വ്യക്തമായി പൊളിഞ്ഞിട്ടുണ്ടല്ലോ. അത് നുണയാണെന്നെങ്കിലും കണ്ടെത്താന്‍ കമ്മിഷന് ഏതായാലും കഴിഞ്ഞിട്ടുണ്ട്. ആ കണ്ടെത്തലിനെ ഈ പറയുന്ന ഒരു ശതമാനമായെങ്കിലും കണക്കാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സന്‍മനസുണ്ടെങ്കില്‍ പിന്നെ താമസിക്കരുത്. അല്ലെങ്കില്‍ പിന്നെ എനിക്ക് സരിതയെ അറിയാമായിരുന്നു പക്ഷേ മനസാക്ഷിക്ക് അറിയില്ലായിരുന്നു എന്നൊക്കെ ഉഡായിപ്പ് ന്യായം പറയേണ്ടി വരും. ഏതായാലും രമേശ് ചെന്നിത്തലക്ക് കളിക്കാന്‍ അവസരം കിട്ടിയിരിക്കുന്ന സമയമാണ്. സഭയില്‍ വച്ചു തന്നെ അറിയാതെ ആ സന്തോഷം പുറത്ത് വരികയും ചെയ്തു 

അത് വളരെ സീരിയസ് പ്രശ്നമാണ്. ഉമ്മന്‍ ചാണ്ടിയെ ആരോ ബ്ലാക്ക് മെയില്‍ ചെയ്തു. അതില്‍ അദ്ദേഹം വീണു. ഈ ബ്ലാക്ക് മെയിലിനു വഴങ്ങുന്നത് എപ്പോഴാണ്? നമ്മുടെ ഒരു രഹസ്യം മറ്റൊരാള്‍ക്കറിയാം. അയാള്‍ അത് പുറത്തു വിട്ട് നാട്ടുകാരറിയുന്നത് നമുക്ക് ഇഷ്ടമല്ല. ആ ഒരു സാഹചര്യത്തിലാണല്ലോ, ആ ഒരു സാഹചര്യത്തില്‍ മാത്രമാണല്ലോ ബ്ലാക്ക് മെയിലിനു പ്രസക്തി. ഉമ്മന്‍ ചാണ്ടിയുടെ നാട് പുതുപ്പള്ളിയിലാണെന്ന് ഞാനിപ്പം നാട്ടുകാരെ അറിയിക്കും എന്ന് പറഞ്ഞ് ആര്‍ക്കും അദ്ദേഹത്തെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പറ്റില്ലല്ലോ. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ. അതായത് , പുറത്തറിഞ്ഞാല്‍ പണി വരും എന്നുറപ്പുള്ള കാര്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ ബ്ലാക്ക് മെയിലിനെ പേടിച്ചേ പറ്റൂ. ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ആരെന്നറിയാന്‍ നമുക്ക് ഒരു ഗെയിം കളിച്ചു നോക്കാം 

അതുടനെ ഒന്നും അറിയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അഥവാ ആരെങ്കിലും ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ട് എന്നു തന്നെ ഇരിക്കട്ടെ. അയാളെ തിരിച്ചു ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള നമ്പരാണ് ഈ ഇറക്കുന്നത്. ഉമ്മന്‍ ചാണ്ടിയാരാ മോന്‍. സത്യത്തില്‍ ഉമ്മന്‍ ചാണ്ടി ഇങ്ങനെ ടെന്‍ഷനടിക്കേണ്ട കാര്യമൊന്നുമില്ല. ഒറ്റക്കൊന്നുമല്ലോ പെട്ടിരിക്കുന്നത്. ഒരു സംഘം കൂടെയില്ലേ. കോണ്‍ഗ്രസില്‍ ഒരു ഗ്രൂപ്പു തുടങ്ങാനോ എന്തിന് വേറെ പാര്‍ട്ടിയുണ്ടാക്കാനോ വരെ ഉള്ള ആളുണ്ട്. ഹൈബി ഈഡന്‍ മുതല്‍ തുടങ്ങാം 

സജീവ രാഷ്ട്രീയം വിടാത്ത നേതാക്കളെ കടല്‍ക്കിഴവന്‍മാര്‍ എന്നൊക്ക വിളിക്കുന്നത് തെറ്റാണെന്ന് ഈ റിപ്പോര്‍ട്ടോടെ വ്യക്തമായി. അവരുടെ ചെറുപ്പം വ്യക്തമാകുന്നത് ചില നിര്‍ണായക ഘട്ടത്തിലാണ് എന്നാണ് ജുഡീഷ്യല്‍ കമ്മിഷനിലൂടെ പറഞ്ഞു വയ്ക്കുന്നത് 

ഈ റിപ്പോര്‍ട്ടിനെ ശിവരാജന്‍ റിപ്പോര്‍ട്ട് എന്നു പറയുന്നതിനെക്കാള്‍ നല്ലത് സരിതാ റിപ്പോര്‍ട്ട് എന്നു പറയുന്നതാണ്. കേരളം കണ്ട മറ്റേത് വനിതയെക്കാളും പ്രസക്തയാണ് ഇന്ന് സരിത. വ്യത്യസ്തയാണ്. ഒരേ കാര്യം ചുമ്മാ അവര്‍ത്തിച്ച് ബോറടിപ്പിക്കില്ല. ഓരോ തവണ ഓരോന്നു പറയും. ഉമ്മന്‍ ചാണ്ടി അച്ഛനെപ്പോലെ എന്നൊരിക്കല്‍ പറയും. പിന്നെ അദ്ദേഹം പീഡിപ്പിച്ചെന്നു പറയും. ഉമ്മന്‍ ചാണ്ടിക്കെതിരെ പറയാന്‍ സിപിഎം 10 കോടി വാഗ്ദാനം നല്‍കിയെന്ന് ആദ്യം പറയും. രമേശ് ചെന്നിത്തലയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ പറയാന്‍ പ്രേരിപ്പിച്ചതെന്ന് പിന്നീട് പറയും. മൊത്തത്തില്‍ ദുരൂഹതയില്‍ പൊതിഞ്ഞ നിഗൂഡതയാണ് ഈ സരിത എന്ന മഹിളാ രത്നം. മിടുക്കി. മിടുമിടുക്കി. അല്ല. മിടുമിടുമിടുക്കി 

സരിതയുടെ കത്ത് എന്ന് പറയുന്നത് തന്നെ നാലോ അഞ്ചോ ഉണ്ടത്രേ. രാമായണത്തിനൊക്കെ ഒന്നിലധികം വേര്‍ഷന്‍ ഉണ്ടെന്ന് പറയും പോലെ. ആ കത്ത് എഴുതിയതും സരിത ഒറ്റക്കല്ലെന്നാണ് കേള്‍ക്കുന്നത്. ഷേക്സ്പിയര്‍ ഒരാളല്ല എന്നു പറയും പോലെ. ഒരേ സമയത്ത് ഒരുപാടു പേരെ ബിസിനസ് ആവശ്യത്തിന് കാണാന്‍ സരിതയ്ക്ക് കഴിഞ്ഞിരുന്നുവത്രേ. 24 മണിക്കൂറുള്ള ഒരു ദിവസത്തില്‍ സരിത കുറഞ്ഞത് 48 മണിക്കൂറെങ്കിലും‍ ഫോണില്‍ കൂടി സംസാരിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. സരിത ആ നിലക്ക് ഒരു കാള്‍ സെന്റര്‍ കൂടിയാണ്. സരിത ആര്‍ക്കെങ്കിലും സോളര്‍ പാനല്‍ നല്‍കിയിട്ടുണ്ടോ അത് പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് ആര്‍ക്കും അറിയില്ല. പക്ഷേ ആ വ്യവസായത്തിന്റെ പേരിലാണ് ഈ പ്രശ്നമെല്ലാം ഉണ്ടായത്. കിട്ടിയ കാശെല്ലാം ബിജുരാധാകൃഷ്ണനും ശാലുവും കൊണ്ടുപോയെന്ന് സരിത പറയുന്നു. പിന്നെ എങ്ങനെയാണ് പണംകൊടുത്ത് കേസുകള്‍ തീര്‍പ്പാക്കിയതെന്നും ആര്‍ക്കും അറിയില്ല. അതെ , സരിത ഒരു വ്യക്തിയല്ല. പ്രസ്ഥാനവുമല്ല. പ്രതിഭാസമാണ്. നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന പ്രതിഭാസം 

റിപ്പോര്‍ട്ടൊക്കെ സഭയില്‍ വന്നിട്ടും ചില സംശയങ്ങള്‍ തീരുന്നേയില്ല. അനധികൃതമായ ചില സഹായങ്ങള്‍ക്ക് പകരമായി അനധികൃതമായ ചില പ്രത്യുപകാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ നടന്ന കേസാണോ ഇത്? ഒരു വ്യവസായ സംരംഭകയ്ക്ക് ലഭിക്കേണ്ട സഹായം കിട്ടാന്‍ വഴിവിട്ടത് ചെയ്യേണ്ടി വന്ന കേസാണോ ഇത്? അതോ സഹായം കൊടുക്കാമെന്ന് പറഞ്ഞ് ചൂഷണം ചെയ്ത ശേഷം അത് കൊടുക്കാതെ ചതിച്ച കേസാണോ ഇത്? വ്യവസായം നടത്താന്‍ വന്ന വനിതയെ വഴിപിഴപ്പിച്ചത് യുഡിഎഫാണെങ്കില്‍ പകരം അവര്‍ക്ക് വേണ്ടത് ന്യായമായി ചെയ്തു കൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുമോ ? ആ.ആര്‍ക്കറിയാം. സരിത ഏതായാലും ജീവിക്കാന്‍ സോളര്‍ വിട്ട് വേറെ വഴി തേടിയിട്ടുണ്ട്. അവര്‍ ഒരു സാംസ്കാരിക സാന്നിദ്ധ്യവുമാണിപ്പോള്‍

MORE IN VAYIL THONNIYATHU
SHOW MORE