കലുങ്കില്‍ ഇരുന്നുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ്. കലുങ്കില്‍ ഇരിക്കുന്നത് എന്തിനാണ് എന്നുവച്ചാല്‍ ഇതില്‍ ഇരുന്ന് എന്തും പറയാമത്രേ. നല്ല ഡയലോഗുകള്‍ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കണമേ എന്ന് അപേക്ഷ. ആ വശത്ത് ഒരു നവോഥാന മതില്‍ ഉണ്ടായിരുന്നു. പണ്ട് വനിതകള്‍ ചേര്‍ന്ന് കെട്ടിയതായിരുന്നു. ഇപ്പോള്‍ അല്‍പ്പം ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്. അപ്പോ കാര്യത്തിലേക്ക് കടക്കാം. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത അപൂര്‍വമായ കഥയുമായാണ് വരവ്. ചിന്താവിഷ്ടയായ ശ്യാമള 2.0. ഒരു അവിശ്വാസിയായ മനുഷ്യന്‍റെ ട്രാന്‍സ്ഫോര്‍മേഷന്‍ എന്നതാണ് വണ്‍ ലൈന്‍. ഈ കഥയിലെ നായകന്‍ വെറും നായകനല്ല, നവോഥാന നായകനാണ്.
ആധുനിക കേരളത്തിന്‍റെ രണ്ട് കാലഘട്ടമാണ് നമ്മുടെ ഈ സിനിമ വരച്ചുകാട്ടുന്നത്. ഇരട്ടച്ചങ്കുള്ള നായകന്റെ നവോഥാനത്തിന് മുമ്പുള്ള കേരളവും ശേഷമുള്ള കേരളവും. ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന് കോടതി ഉത്തരവിടും. അപ്പോളാണ് നമ്മുടെ നായകന്‍റെ എന്‍ട്രി. നായകന്‍റെ ഒപ്പമുള്ളവര്‍ ശുംഭന്മാരെന്നൊക്കെ ജഡ്ജിമാരെ വിളിക്കുമെങ്കിലും തങ്ങള്‍ക്കെതിരെ അല്ലാത്ത എല്ലാ വിധികളും നടപ്പാക്കുന്നതില്‍ ജാഗരൂകരാണ് ഇവര്‍. വിധി നടപ്പാക്കാന്‍ നായകന്‍ തീരുമാനിച്ചു.
ആരുവന്നാലും കയറ്റിക്കോ എന്ന് നായകന്‍.ഹീറോ പിന്നെ ഹീറോയിസമല്ലേ കാണിക്കൂ. ആചാരം പറഞ്ഞ് തന്ത്രിമാര്‍ എതിര്‍ത്തു. അങ്ങനെ നാട്ടില്‍ തമ്മിലടിയായി. ഒരുഭാഗത്ത് ബിജെപിയും സംഘപരിവാരവും. മറുഭാഗത്ത് നായകനും സഖാക്കളും. തന്ത്രിമാര്‍ക്കൊക്കെ അന്ന് ഭേഷായി കിട്ടി. വിഡിയോ കാണാം.