ശബരിമലയില്‍ സൗജന്യ വി.ഐ.പി ദര്‍ശനം ഒഴിവാക്കി, പണം വാങ്ങി ഭക്തര്‍ക്ക് പ്രത്യേക ദര്‍ശനസൗകര്യം ഒരുക്കണമെന്ന് സര്‍ക്കാര്‍. ദേവസ്വം ബോര്‍ഡ് എതിര്‍ത്തിട്ടും പരിഷ്കാരം നടപ്പാക്കുമെന്ന് പമ്പയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ മുഖ്യമന്ത്രി നിലപാടെടുത്തു. തുടര്‍ന്ന് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രിസഡന്റും തമ്മിലുള്ള ഏറ്റുമുട്ടിലിന്‍റെ വേദിയായി അവലോകനയോഗം മാറി.
ശബരിമലയില്‍ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശനസൗകര്യം ഒഴിവാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിര്‍ദേശം. തിരുപ്പതി മാതൃകയില്‍ ദര്‍ശനത്തിന് പണം വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു
എന്നും നട തുറക്കാന്‍ ക്ഷേത്രാചാരം അനുവദിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നു പറഞ്ഞ മുഖ്യമന്ത്രി , ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്റെ പ്രതികരണത്തില്‍ രാഷ്ട്രീയമുണ്ടെന്നും കുറ്റപ്പെടുത്തി.
ദേവസ്വംബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്നും സര്‍ക്കാര്‍ നയം ശബരിമലയില്‍ നടപ്പാക്കുമെന്നും,, ശബരിമലയോടു ചേര്‍ന്ന് വിമാനത്താവളം തുടങ്ങുന്നത് ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ദേശീയപാതയില്‍ 50 കിലോമീറ്റര്‍ ചുറ്റളവില്‍ യാത്രാഭവനുകള്‍ സ്ഥാപിക്കാനും,, പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ എത്തിക്കുന്നതിന് റോപ് വേ സംവിധാനം ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.