E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

എത്രപേരെ നിങ്ങൾക്ക് കൊല്ലാനാകും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ധീരമായി സംസാരിച്ച, അതിധീരമായി എഴുതിയ, അതിലേറെ നിര്‍ഭയമായി പോരാടിയ ഒരാള്‍ക്കുകൂടി രാജ്യത്ത് ദാരുണാന്ത്യം. ആരെയും പേടിക്കാതെ അഭിപ്രായം പറഞ്ഞ ഒരാള്‍. വര്‍ഗീയതക്കും അഴിമതിക്കും മാഫിയാ രാഷ്ട്രീയത്തിനും എതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തക. ആദ്യമേ പറയട്ടെ, മുന്‍വിധികളില്ല. പൊലീസിന്റെ അന്വേഷണം ഇക്കുറിയെങ്കിലും നേരാംവണ്ണം ദൗത്യനിര്‍വഹണം നടത്തട്ടെ. പക്ഷേ ആര്‍ക്കാണ് ഗൗരി ലങ്കേഷ് എന്ന ഈ വനിതയുടെ മരണത്തില്‍ പേരിനുപോലും ഉല്‍ക്കണ്ഠകള്‍‌ ഇല്ലാത്തത്. ആരാണ് കൊല്ലപ്പെട്ടുകഴിഞ്ഞും ഈ വനിതയെ ദേശവിരുദ്ധയും മതവിരുദ്ധയുമാക്കാന്‍ ഇത്ര തിടുക്കപ്പെടുന്നത്.? ഈ ചോദ്യങ്ങളുടെ ഉത്തരം ചെന്നെത്തുന്നിടത്തേക്ക് ആയിരം വിരലുകള്‍ ഉയരുകതന്നെ ചെയ്യും. 

ഗൗരി ലങ്കേഷ് സംസാരിച്ചിരുന്നതു മുഴുവന്‍ മതഭീകരതയ്ക്കെതിരായാണ്. മതത്തിന്റെ പേരില്‍ വിഭജനരാഷ്ട്രീയം പയറ്റുന്നവര്‍ക്കെതിരെ. ചെറിയ മാധ്യമമായിരുന്നുവെങ്കിലും ഉറച്ച ശബ്ദം. അപഹസിക്കുന്നവര്‍ അറിയാന്‍ സാധ്യതയില്ല, അത്രയും ചെറിയ ശബ്ദത്തില്‍ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ ഭരണകൂടരാഷ്ട്രീയത്തിനെതിരെ ഉയര്‍ത്തിയിരുന്ന മാധ്യമപ്രവർത്തക. മെലിഞ്ഞു, ഭാരം കുറഞ്ഞ ആ വ്യക്തിത്വത്തെ നേരിടാന്‍ പോലും വെടിയുണ്ടകളും ഇരുട്ടിന്റെ മറവും വേണ്ടി വരുന്ന വിനാശരാഷ്ട്രീയത്തെക്കുറിച്ചോര്‍ത്തു നോക്കൂ. ചോദ്യങ്ങള്‍ നേരിടാന്‍ ആത്മവിശ്വാസമില്ലാതാകുമ്പോള്‍ കൊന്നു നിശബ്ദമാക്കുക. സംവാദത്തിനു ശേഷിയില്ല. മറുപടികള്‍ക്ക് ഉറപ്പുണ്ടാകില്ലെന്ന് അവര്‍ക്കുറപ്പാണ്. 

gauri-lankesh-body

തോല്‍പിക്കുമെന്നുറപ്പുള്ള എല്ലാ ചോദ്യങ്ങളെയും ജീവനില്ലാതാക്കി നിശബ്ദമാക്കുക. ആത്മവിശ്വാസമില്ലാത്ത ഈ രാഷ്ട്രീയത്തെ, അത് രാഷ്ട്രീയമാണെങ്കില്‍, പേടിക്കേണ്ടതുണ്ട്. കാരണം വിവരമില്ലാത്തവര്‍ വിനാശത്തിലേക്കാണ് നയിക്കുന്നതെന്ന് തിരിച്ചറിയേണ്ട ബാധ്യത നമുക്കുണ്ട്. പക്ഷേ ചോദ്യങ്ങള്‍ അവസാനിക്കുമെന്ന്, ചോദിക്കുന്നവരെ പേടിപ്പിക്കാമെന്നു ധരിച്ചു കളയരുത്. മനുഷ്യത്വമില്ലാത്ത രാഷ്ട്രീയത്തോട് സന്ധി ചെയ്യുന്നതിലും അന്തസ് മരണമാണെന്ന് തീര്‍ച്ചപ്പെടുത്തുന്നവര്‍ ഇനിയുമിനിയും ഉയര്‍ന്നു വരും. ഈ രാജ്യം അവരുടെ പേരില്‍ തലയുയര്‍ത്തുക തന്നെ ചെയ്യും, അധികാരത്തിലിരിക്കുന്നവര്‍ എത്രമേല്‍ അവഗണിച്ചാലും. എത്രമേല്‍ അപഹസിച്ചാലും ഈ കറുത്ത കാലത്തെ മറികടക്കാനുള്ള കരുത്ത് രാജ്യം നേടിയെടുക്കുമെന്നത് പ്രത്യാശയാണ്. നിരാശകള്‍ക്കിടയിലും മുന്നോട്ടു നയിക്കേണ്ട പ്രത്യാശ .

ഗൗരിലങ്കേഷിനെ കൊന്നു കളഞ്ഞ് ഇരുട്ടിലേക്കോടി രക്ഷപ്പെട്ടവര്‍ ആരാണെങ്കിലും ഒന്നുറപ്പാണ്. ഭീരുക്കളാണവര്‍. വെറും ഭീരുക്കള്‍. അവരെ പറഞ്ഞുവിട്ടവരും. കാറ്റഗറി സുരക്ഷകളുടെ പ്രതിരോധമില്ലാതെ മനസു തുറന്നു സംസാരിക്കാന്‍ ധൈര്യമുള്ളവരെ ഭീരുക്കള്‍ കൊന്നു കളയും. കാരണം അത്രമേല്‍ ആത്മവിശ്വാസമുളളവരെ അവര്‍ക്കു പേടിയാണ്. തുറന്ന ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ, സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവരെ, ജനാധിപത്യത്തില്‍ ഉറച്ചു നിലപാടെടുക്കുന്നവരെ ഭീരുക്കള്‍ പേടിക്കും. ആത്മവിശ്വാസമെന്താണെന്ന് ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവരാണ് മതത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ അഭയം തേടുന്നത്. 

gauri-lankesh

കടുത്ത നിരാശകള്‍ക്കിടയിലും തെളിഞ്ഞുകത്തുന്ന ഒരു പ്രതീക്ഷയെപ്പറ്റി പറ‍ഞ്ഞുതുടങ്ങണം. ഗൗരി ലങ്കേഷ് അതിനീചമായി കൊല്ലപ്പെട്ട് നിമിഷങ്ങള്‍ക്കകം പ്രതിഷേധങ്ങളിലേക്ക് ഉണര്‍ന്ന ജനതയാണ് ഇപ്പോഴും നമ്മുടേത് എന്നത് ഒരു പ്രതീക്ഷ തന്നെയാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും ജീവശ്വാസം നിലയ്ക്കുന്ന കാലത്ത് ഈ മെഴുകുതിരിവെട്ടങ്ങള്‍‌ അണയാതെ ബാക്കിയാകുന്നുവെന്നത് വലിയ കാര്യം. നെഞ്ചില്‍ ഒരു കറുത്ത തുണിക്കഷ്ണം കുത്തിവെച്ച് തെരുവില്‍ ഇറങ്ങിയ ഈ ജനതയെ നോക്കി പരിഹസിക്കുന്ന കൂട്ടരെപ്പറ്റിയാണ് ഇനി പറയേണ്ടത്. നീചമായി കൊല ചെയ്യപ്പെട്ട ഗൗരി ലങ്കേഷിനെ അന്ത്യയാത്രയ്ക്കുമുന്നേ പലമട്ടിലുള്ള ആക്ഷേപങ്ങളിലേക്ക് തള്ളിയിട്ടവര്‍. എന്തിന് തങ്ങളെ സംശയിക്കണമെന്ന ഇരവാദങ്ങള്‍ക്കിടെ ഇരയെ മറന്നുപോയവര്‍. ഗൗരി ലങ്കേഷിനെ നക്സലൈറ്റെന്ന് പച്ചനുണ പാടിനടന്നവര്‍. 

ദയവായി ക്ഷമിക്കുക, നിങ്ങളോട് തന്നെയാണ് ചോദ്യങ്ങളെല്ലാം. ഈ വധത്തെ നിങ്ങള്‍ അപലപിക്കുന്നുണ്ടോ? ഗൗരി ലങ്കേഷിന്റെ ജീവന്‍ നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ അനുശോചിക്കുന്നുണ്ടോ? വിയോജിക്കാനുള്ള അവരുടെ അവകാശത്തിനൊപ്പമാണോ നിങ്ങള്‍? ഒറ്റച്ചോദ്യം കൂടി. ധാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി വധങ്ങളുടെ തുടര്‍ച്ചയായി നിങ്ങള്‍ ഗൗരിയുടെ കൊലപാതകത്തെ കാണുന്നുണ്ടോ? 

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് മോശമായി എഴുതിയില്ലായിരുന്നു എങ്കില്‍ ഗൗരി ലങ്കേഷ് ഇപ്പോഴും ജീവിച്ചിരുന്നേനെ. കര്‍ണാടകയിലെ ബിജെപി എംഎല്‍എ ജീവന്‍രാജിന്റെ പരസ്യപ്രസംഗമാണിത്. ഗൗരിയെ വധിച്ചതാര് എന്ന ചോദ്യത്തിന് സംഘപരിവാറിലേക്ക് സംശയമുന ഉയരുന്നതിനിടെയാണ് ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ജീവന്‍രാജിന്റെ വാക്കുകള്‍. തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദെത്തി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങള്‍ എവിടെ ആയിരുന്നെന്നാണ് ചോദ്യം. ഇപ്പോള്‍ മാത്രം വായിട്ടലക്കുന്നത് എന്തെന്നും മോദി മന്ത്രിസഭയിലെ പ്രധാനിയുടെ ചോദ്യം 

gauri-lankesh

അന്വേഷണം ആരംഭിക്കും മുന്‍പ് രാഹുല്‍ ഗാന്ധിയും സീതാറാം യച്ചൂരിയും സംഘപരിവാര്‍ സംഘടനകളിലേക്ക് വിരല്‍ ചൂണ്ടിയതാണ് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ആരോപണങ്ങളുടെയെല്ലാം തലപ്പത്തുള്ള സനാതന്‍ സന്‍സ്തയെന്ന തീവ്രഹിന്ദു സംഘടനയെ പരസ്യമായി തള്ളിപ്പറയാനാണ് മുഖ്യധാരാ സംഘപരിവാര്‍ സംഘടനകളുടെ പുതിയ തിടുക്കം. എന്തുകൊണ്ടാണ് മോദി ഭരിക്കുന്ന ഇന്ത്യയില്‍ നിങ്ങളുടെ മുഖം വികൃമാക്കുന്ന ഒരു സംഘടനയെ നിങ്ങള്‍ പോറ്റിവളര്‍ത്തുന്നത് എന്ന ചോദ്യത്തിന് ആരു മറുപടി പറയും. കല്‍ബുറഗി വധത്തിനുശേഷം, ഹിന്ദുയിസത്തെ പരിഹസിക്കൂ പട്ടിയുടെ മരണം വരിക്കൂ എന്നാണ് ബജ്രങ് ദള്‍ നേതാവ് ഭുവിത് ഷെട്ടിയുടെ ട്വീറ്റ്. നരേന്ദ്രമോദിയും ദേവേന്ദ്ര ഫട്നാവിസും അടക്കമുള്ളവരുടെ സൗഹൃദവലയത്തില്‍ ഉള്ളവര്‍ നിരന്തരം ഗൗരി ലങ്കേഷിനെതിരെ ആക്ഷേപം ചൊരിയുന്ന കാഴ്ച ജനാധിപത്യ ഇന്ത്യ ഏതു കണ്ടുകൊണ്ടാണ് കാണേണ്ടത് എന്നുകൂടി പറഞ്ഞുതരിക. 

വീണ്ടും പറയട്ടെ, നിങ്ങള്‍ തന്നെയാണ് ചോദ്യങ്ങളുടെ വെയിലത്ത്. പതിവുപോലെ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി മൗനത്തില്‍ തന്നെയാണ്. ബ്രിക്സ് ഉച്ചകോടിയിലെ പതിവാചാരങ്ങളുടെ ക്യാമറ ഫ്ലാഷുകളാണ് ലോകനേതാവിന് പ്രിയം. ബെംഗളുരുവിലെ ഇരുട്ടില്‍ വീണുപിടഞ്ഞ ഒരു പെണ്‍ജീവിതത്തോട് പുല്ലുവില മാത്രം. ഉണ്ടായിരുന്നുവെങ്കില്‍ വാക്കുകൊണ്ടെങ്കിലും അവരുടെ ഒപ്പം നില്‍ക്കാനുള്ള പൗരബോധം രാജ്യം കാണുമായിരുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള കൊലപാതകമെന്ന് പറയുമ്പോള്‍ നിങ്ങള്‍ ദയവായി പ്രകോപികരാകാതിരിക്കുക. ഈ മൗനം തന്നെയാണ് ഏറ്റവും വലിയ ഒത്താശ. 

gauri-lankesh-t

പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയും ധാബോല്‍ക്കറിന്റെയും വധത്തിനു വളരെ സമാനമാണ് ഈ കൊലയുമെന്നറിയാന്‍ പൊലീസ് ബുദ്ധിവേണ്ട. നെഞ്ചിലും തലയിലും വെടിയുണ്ട. വീട്ടുമുറ്റത്ത് ബൈക്കില്‍ എത്തുന്ന സംഘം. രാത്രിയുടെ മറവിലെ ആക്രമണം. തിരക്കഥയെല്ലാം അതേപോലെ. ധാബോല്‍ക്കറിന്റെയും പന്‍സാരെയും കല്‍ബുറഗിയുടെയും വധങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞുത് കഴിഞ്ഞ മാസം. പന്‍സാരെ കേസില്‍ അറസ്റ്റിലായ സമിര്‍ ഗെയ്ക്ക് വാദില്‍ നിന്ന് ധാബോല്‍ക്കര്‍, കലബുറഗി വധങ്ങളുമായി ബന്ധപ്പെടുത്തുന്ന രേഖകള്‍ കണ്ടെടുത്തതും വഴികളെ ഏകോപിപ്പിക്കുന്നു. ഇനി ആലോചിക്കുക. ആരെയാണ് ഗൗരിയുടെ എഴുത്തുകുത്തുകള്‍ അലോസരപ്പെടുത്തിയതെന്ന്. ആരുടെ ഭീഷണി നടുവിലാണ് ആ സ്ത്രീ പോരാട്ടങ്ങള്‍ തുടര്‍ന്നതെന്ന് നോക്കുക. ഏറ്റവുമൊടുവിലും അവര്‍ ആര്‍ക്കെതിരെയാണ് ശബ്ദിച്ചത് എന്നുകൂടി ആലോചിക്കുക. കൊലപാതകത്തിന് തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ഗൗരി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടത് എന്തിനായിരുന്നു എന്നുകൂടി അറിയുക. കല്‍ബുറുകിയുടെ കൊലപാതകികളെ കണ്ടെത്താന്‍ ഇനിയും വൈകരുതെന്ന് പറയാന്‍. ഇത്രയൊക്കയായിട്ടും ബാലിശമായ പ്രതിരോധങ്ങളുയര്‍ത്തി പരിഹാസ്യമാകുന്നവരുടെ സംഘമാകുന്നു നിങ്ങള്‍. മാവോയിസ്റ്റുകളെ ആയുധം ഉപേക്ഷിക്കാനായി പ്രവര്‍ത്തിച്ചയാളെ മാവോയിസ്റ്റാക്കുന്ന നെറികെട്ട പണിയിലേര്‍പ്പെടുന്നു. നക്സസലുകളില്‍നിന്നുവരെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച ഒരാളെയാണ് നിങ്ങള്‍ അവരിലൊരാളെയാക്കുന്നതെന്നുകൂടി ഓര്‍ക്കുക. 

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മാവോയിസ്റ്റുകള്‍ക്കൂടി അന്വേഷണ പരിധിയിലുണ്ട്. അതുനടക്കട്ടെ. ഈ ഘട്ടത്തില്‍ കര്‍ണാടക സര്‍ക്കാരിനോടും വേണം ചില ചോദ്യങ്ങള്‍. ഫാസിസത്തിനെതിരെ അരയും തലയും മുറുക്കിയുള്ള പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഈ വാചോടാപങ്ങള്‍ മതിയാകില്ല. എതിര്‍ശബ്ദങ്ങള്‍ക്കുനേരെ തോക്കു ചൂണ്ടാൻ പിന്നെയും പിന്നെയും കിട്ടുന്ന ഈ ധൈര്യം ജനാധിപത്യ ഇന്ത്യയില്‍ അത്ര ചെറുതായി കാണാവുന്ന ഒന്നല്ല. 

സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആനയിക്കുന്ന ഗൗരിയുടെ സഹോദരനാണ് കൊലക്ക് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന വാദം ആദ്യമുയര്‍ത്തിയത്. ഇന്ദ്രജിത്ത് ലങ്കേഷെന്ന ഈ സഹോദരന്‍ കഴിഞ്ഞ ജൂലൈയില്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച കാര്യം എല്ലാവരും പക്ഷേ സൗകര്യപൂര്‍വം മറന്നുപോയി. ബിജെപിയുടെ സിബിഐ അന്വേഷണ ആവശ്യം ആവര്‍ത്തിക്കുകയും ചെയ്യുന്നു ഇന്ദ്ജിത്ത് ലങ്കേഷ്. ഒരിക്കല്‍ ഗൗരിയെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതിയുയര്‍ന്ന സഹോദരന്‍ ഇന്ന് പലര്‍ക്കുമൊരു ആയുധമായെന്നുമാത്രം. ഈ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടികള്‍ മതിയാകാതെ വരുന്നത്. കൊലപാതകങ്ങള്‍ പലതായി. പ്രതികളെല്ലാം കാണാമറയത്തുതന്നെ. സിബിഐ അന്വേഷണത്തിനായി കേന്ദ്രം മുറവിളി കൂട്ടുന്നതിന്രെ കാരണവും മറ്റൊന്നല്ല. നിരന്തരം ആര്‍ത്തിക്കുന്ന ക്രൂരഹത്യകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് അത്രയെളുപ്പം ഒളിച്ചോടാനാകില്ല. 

gauri-lankesh

ആളുകള്‍ മരണഭയത്തില്‍ ജീവിക്കേണ്ടി വരുന്ന നാടെന്ന് ലോകമാധ്യമങ്ങള്‍ ഇന്ത്യയെപ്പറ്റി തലക്കെട്ടെഴുതുന്നു. ഈ മരണഭയത്തിന്, ലോകത്തിനുമുന്നിലെ ഈ അപമാനഭാരത്തിന് ആരാണ് ഉത്തരവാദി.? ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ ഇരുണ്ട ദിനങ്ങളിലേക്ക് നീങ്ങുമ്പോള്‍ എല്ലാം മിണ്ടാതിരുന്ന് കാണുന്ന ഭരണകൂടമാകുന്നു നമ്മുടേതെന്ന് തികഞ്ഞ ആശങ്കാഭാരത്തോടെ പറയാതെ വയ്യ. ആള്‍ക്കൂട്ടത്തെ ഭരണമേല്‍പ്പിച്ച് ഭരണകൂടം ലോകയാത്രയിലാണ്. ഇങ്ങനെ തുടര്‍ന്നാല്‍ ഇവിടെ സ്വാതന്ത്ര്യം ബാക്കിയുണ്ടാകില്ല, ആളുകളും ബാക്കിയുണ്ടാകില്ല. അഞ്ചുവര്‍ഷം തികയുമ്പോള്‍ പ്രജകളെ വരിനിര്‍ത്തി വോട്ടുചെയ്യിക്കാന്‍ ജനാധിപത്യം ബാക്കിയുണ്ടാകുമെന്നുറപ്പു വരുത്താന്‍ അതില്‍ വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.