ആ പണത്തിന്റെ താൽപര്യമെന്ത്? ആരു നൽകണം മറുപടി?

എപ്പോഴാണ് നമുക്ക് ചുറ്റും പേടി നിറയുന്നത്? അന്തരീക്ഷം നിറയെ പേടിയിങ്ങനെ ആക്രോശമായും വെല്ലുവിളിയായും ആക്ഷേപമായും നിറയുന്നത്?  അട്ടഹാസമുണ്ട്, ഇരവാദമുണ്ട്, ഭീഷണിയുണ്ട്, പേടിപ്പിക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാമുണ്ട്. ഒന്നൊഴികെ, മറുപടി മാത്രം. സത്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു ചോദ്യമുയര്‍ന്നാല്‍ ഇങ്ങനെ  ഉത്തരംമുട്ടി ഹാലിളകേണ്ടി വരുമെന്ന് അദ്ദേഹത്തെ വിശ്വസിച്ച ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? കേരളത്തിന്റെ രാഷ്ട്രീയഅന്തരീക്ഷത്തില്‍ ഉയരുന്ന ഈ കലുഷിത ആക്ഷേപങ്ങളെല്ലാം വിളിച്ചുപറയുന്നത് ഒന്നു മാത്രമാണ്. പേടി തട്ടിയിരിക്കുന്നു.  ഒരു ചോദ്യം ഉറക്കം കെടുത്തുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് തെളിയിക്കാനാകാത്ത സേവനത്തിന്റെ പേരില്‍ കരിമണല്‍ കമ്പനി ഒന്നേമുക്കാല്‍ കോടി നല്‍കിയത് എന്തിനാണ്? ആ പണത്തിന്റെ അര്‍ഥമെന്താണ്?

മന്ത്രി മുഹമ്മദ് റിയാസ് മറുപടിയില്ലാതെ മുട്ടാപ്പോക്ക് പറഞ്ഞതാണെങ്കിലും അതിലൊരു പോയന്റുണ്ട്. പണം,  പണം മുടക്കുന്നവരുടെ താല്‍പര്യം. അത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ശമ്പളം അഥവാ വേതനം കൊടുക്കുന്നവര്‍ക്ക് താല്‍പര്യമുണ്ട്. അത് നടക്കാനാണ് അവര്‍ പണം മുടക്കുന്നത്. അതു തന്നെയല്ലേ ബഹുമാനപ്പെട്ട മന്ത്രീ, അങ്ങയോടുമുള്ള ചോദ്യം. താങ്കളുടെ ജീവിതപങ്കാളിക്കും 

അവരുടെ കമ്പനിക്കും  ഒരു മുതലാളി പണം നല്‍കിയിരിക്കുന്നുവെന്ന് തെളിയുന്നു. ഒരു സേവനവും കിട്ടാതെയാണ് ആ പണം നല്‍കിയിരിക്കുന്നതെന്ന് ഒരു ട്രിബ്യൂണല്‍ കണ്ടെത്തിയിരിക്കുന്നു. ആ പണത്തിന്റെ താല്‍പര്യമെന്താണ്? അതു തന്നൊണ് ചോദ്യം. പലരും കൂട്ടിക്കുഴച്ച് സങ്കീര്‍ണമാക്കിയ ചോദ്യങ്ങള്‍ വളരെ ലളിതമായി ക്രോഡീകരിക്കാന്‍ സഹായിച്ച പൊതുമരാമത്ത് മന്ത്രിക്ക് നന്ദി. കരിമണല്‍ കമ്പനി എന്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയത്. ആ പണത്തിന്റെ താല്‍പര്യമെന്താണ്? 

ഇങ്ങനെ ഒരു അവസ്ഥ ഒരു സി.പി.എം സംസ്ഥാന സെക്രട്ടറിക്കും ഇതുവരെ കേരളം കണ്ടിട്ടില്ല. ചോദ്യം പാതി പോലുമെത്തും മുന്‍പ് വാര്‍ത്താസമ്മേളനം പാതിയില്‍ നിര്‍ത്തി എണീറ്റു പോകുന്ന കാഴ്ച. ഒന്നും വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോകുന്ന പോക്കില്‍ സെക്രട്ടറി പറഞ്ഞു. അതാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്ന ഉടമയുടെ പണത്തിന്റെ ശക്തി. എന്തിനെന്നും എങ്ങനെയെന്നും നേരേ ചൊവ്വെ വിശദീകരിക്കാന്‍ കഴിയുന്ന ഒരു ഇടപാടിനെയും പേടിച്ച് ആര്‍ക്കും ഓടേണ്ടി വരില്ല. നേര്‍ക്കുനേര്‍ നിന്നു മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്ന പണമാണ് പ്രശ്നം. ആ പണത്തിന്റെ താല്‍പര്യമെന്തായിരുന്നുവെന്നതാണ് പ്രശ്നം. 

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ സാമ്പത്തികാരോപണത്തില്‍ പ്രതികരിക്കാന്‍ തയാറായ സി.പി.എം നേതാക്കള്‍ തന്നെ മുന്നോട്ടു വയ്ക്കുന്നത് ഇമ്മാതിരി ന്യായങ്ങള്‍ മാത്രമാണ്. സത്യത്തില്‍ ഈ ദേഷ്യത്തിന്റെയോ പ്രാക്കിന്റെയോ ഒക്കെ എന്തെങ്കിലും കാര്യമുണ്ടോ? നിഷേധിക്കാനാകാത്ത ഒരു വസ്തുത രേഖയായി ജനങ്ങള്‍ക്കു മുന്നിലെത്തി. മുഖ്യമന്ത്രിയുടെ മകള്‍ക്ക് വിവാദകരിമണല്‍ കമ്പനി സേവനം ലഭിക്കാതെ പണം നല്‍കി എന്ന് നിയമപരമായി നിലനില്‍ക്കുന്ന ആ രേഖ പറയുന്നു. അതിന്റെ പിന്നിലുള്ള വസ്തുതയെന്താണ്  എന്ന് ജനങ്ങളോടു വിശദീകരിച്ചാല്‍ തീരേണ്ട പ്രശ്നത്തിലാണ് മുഖ്യമന്ത്രി പാര്‍ട്ടിെയയും നേതാക്കളെയും പരിഹാസ്യവേഷം കെട്ടിക്കുന്നത്. മുഖ്യമന്ത്രി പ്രതികരിക്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറി ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാരു തീരുമാനിച്ചു, പാര്‍ട്ടി തീരുമാനിച്ചോ? മുഖ്യമന്ത്രി തീരുമാനിച്ചു മുഖ്യമന്ത്രി പ്രതികരിക്കില്ലെന്ന്, വിശദീകരിക്കില്ലെന്ന്, മറുപടി പറയില്ലെന്ന്. ജനങ്ങളോടു പറയുന്നില്ലെന്നതു പോട്ടെ, പാര്‍ട്ടിയോടു പറയുമോ, പാര്‍ട്ടിയില്‍ പോലും ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറായോ? 

കരിമണല്‍ പണം വിവാദമായി ഉയര്‍ന്നതിനു ശേഷം സി.പി.എമ്മിന്റെ സംസ്ഥാനതല ഉന്നതയോഗങ്ങള്‍ ചേര്‍ന്നതാണ്. സംസ്ഥാന സമിതിയില്‍ വിവാദമേ ആരും പരാമര്‍ശിച്ചില്ല. യോഗങ്ങള്‍ക്കു മുന്‍പ് മുഖ്യമന്ത്രി നല്‍കിയ വിശദീകരണക്കുറിപ്പിലാകട്ടെ, കാതലായ ഒരു ചോദ്യത്തിനുമുള്ള ഉത്തരങ്ങള്‍ വിശദീകരിച്ചിട്ടുമില്ല. മുഖ്യമന്ത്രി ജനങ്ങള്‍ക്കു മുന്നില്‍ മാത്രമല്ല, പാര്‍ട്ടിയില്‍ പോലും ചോദ്യങ്ങള്‍ നേരിടാന്‍ തയാറല്ല. അഥവാ ആര്‍ക്കും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്ത സാഹചര്യം സി.പി.എമ്മിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.  ജനങ്ങള്‍ക്കു മുന്നിലുയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെങ്കില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ഉത്തരമറിയണ്ടേ.